ആഘോഷ ദിനങ്ങൾ എങ്ങനെയൊക്കെ അവിസ്മരണീയമായി ആഘോഷിക്കാമെന്ന് അന്വേഷിച്ചു നടക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ ഈ വരുന്ന വാലന്‍റൈൻസ് ദിനം ഒരു പഴയ ജയിലിനുള്ളിൽ ആഘോഷിക്കാനായാലോ...??
യുകെയിലെ 1000 വർഷം പഴക്കമുള്ള ഓക്‌സ്‌ഫഡ് ജയിലാണ് വാലന്‍റൈൻസ് ദിനത്തിൽ പങ്കാളികൾക്ക് സവിശേഷമായ ഒരു ഡൈനിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 14 ന് പ്രണയികള്‍ക്ക് ജയിലിനുള്ളില്‍ വിരുന്നൊരുക്കിയിരിക്കുകയാണ് അധികൃതര്‍. റിപ്പോർട്ടുകൾ പ്രകാരം ആളുകൾക്ക് ഒരു ഷട്ട് സെല്ലിൽ 215 ഡോളർ (17,000 ഇന്ത്യൻ രൂപ) ആണ് അത്താഴച്ചെലവ് വരുന്നത്.
ഇനി ഈ അത്തഴങ്ങളുടെ പ്രത്യേകത എന്താണെന്ന് അറിയണ്ടേ...? കാമുകന്‍റെ വാക്ക് വിശ്വസിച്ച് അച്ഛന് വിഷം കൊടുത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന മേരി ബ്ലാൻഡി, ഭ്രൂണഹത്യ നടത്തിയ കുറ്റത്തിന് വധശിക്ഷ നേരിട്ട വീട്ടുജോലിക്കാരിയായിരുന്ന ആൻ ഗ്രീന്‍ എന്നിങ്ങനെയുള്ള കുപ്രസിദ്ധ കുറ്റവാളികളെ പാർപ്പിച്ചിരുന്ന ജയിൽ സെല്ലുകളിലാണ് വിരുന്നൊരുക്കുന്നത്. ചരിത്രപ്രസിദ്ധമായ ഈ ജയിലറകളില്‍ ഇരുന്ന് അത്താഴം കഴിക്കാനുള്ള ചെലവ് 230 ഡോളർ (ഏകദേശം ₹ 19,000) ആണ്.
"ഈ പ്രണയദിനം മനോഹരമാക്കാൻ ഓക്സ്ഫഡ് കാസിലിലും ജയിലിലുമുള്ള 6 സവിശേഷ സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കൂ..!! മരം കൊണ്ട് നിർമിച്ച കൂടാരങ്ങൾ, ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങൾ, തടവ് മുറികൾ അല്ലെങ്കിൽ ഞങ്ങളുടെ 900 വർഷം പഴക്കമുള്ള നോർമൻ ക്രിപ്റ്റ് എന്നിവ മനോഹരമായ സായാഹ്നത്തിനായി തെരഞ്ഞെടുക്കൂ..."- ഓക്സ്ഫഡ് കാസിലും പ്രിസണും തങ്ങളുടെ വെബ്സൈറ്റിൽ എഴുതി.
സെൽ ബ്ലോക്കിന്‍റെ അടച്ച സ്ഥലങ്ങളിൽ മെഴുകുതിരിയും പൂക്കളും കൊണ്ട് വർണാഭമാക്കിയ മേശയ്ക്ക് ചുറ്റുമാണ് ഈ ത്രീ കോഴ്‌സ് വിരുന്ന് ഒരുക്കുന്നത്. തക്കാളി ടാർട്ടാരി, ബ്ലാക്ക് ഗാർലിക് എമൽഷൻ, ബ്രെയ്സ്ഡ് ബീഫ് ബ്ലേഡ്, ഷോർട്ട് റിബ് പിറോഗി, ബാർബിക്യൂഡ് ലീക്ക് ടെറിൻ എന്നിവയും ഭക്ഷണ വിഭവങ്ങളിൽ ഉൾപ്പെടുത്തും. ഡിസേർട്ടുകളായി റാസ്‌ബെറി പുരട്ടിയ വൈറ്റ് ചോക്ലേറ്റ് മൂസ് കസ്റ്റാർഡും പിസ്ത കൊണ്ടുള്ള സ്‌പോഞ്ച് കേക്കും ഉണ്ടായിരിക്കും. ഒരു കുപ്പി പ്രോസെക്കോയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓക്സ്ഫഡ് ജയിൽ
1073-ൽ ഒരു മെഡിക്കൽ കോട്ടയായി നിർമിച്ചതാണ് ഓക്‌സ്‌ഫഡ് ജയിൽ. 1642-നും 1651-നും ഇടയിൽ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് ഈ കോട്ടയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പിന്നീട് 1785-ൽ ഇത് ഒരു ജയിലായി മാറ്റി. ഇത് പിന്നീട് 1996 വരെ അത് പ്രവർത്തിച്ചു. അതിനുശേഷം, ഓക്‌സ്‌ഫഡ് ജയിൽ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായും വിദ്യാഭ്യാസ കേന്ദ്രമായും മാറി.