വിമാനത്തിൽ ടിക്കറ്റ് വില, ജിഎസ്‌ടി എന്നിവയടക്കം പലത്തരത്തിലുള്ള ചാർജ്ജുകൾ ഈടാക്കുന്നത് നമുക്കറിയാം. എന്നാൽ ഇതിനിടെ ക്യൂട്ട് (CUTE) എന്ന പേരിൽ കൂടി ഒരു ചാർജ് ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ എങ്ങനെയുണ്ടാകും..!!. അത്തരത്തിൽ നമ്മളെപോല തന്നെ വണ്ടർ അടിച്ചിരിക്കുകയാണ് ഒരു യുവതി. സോഷ്യൽ മീഡിയ ഉപയോക്താവായ മീനൽ, ഹൈദരാബാദിൽ നിന്നും ജയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനം ബുക്ക് ചെയ്യുന്നതിനിടെയാണ് "ക്യൂട്ട് ചാർജ്" എന്ന പേരിൽ ഒരു തുക ഈടാക്കുന്നത് കണ്ടത്. ഉടനെ തന്നെ അവൾ അതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ സംശയം പങ്കുവയ്ക്കുകയായിരുന്നു.
X-ൽ മീനാൽ പോസ്റ്റ് ചെയ്ത അവളുടെ ലാപ്‌ടോപ്പ് സ്‌ക്രീനിന്‍റെ ഫോട്ടോയിൽ, മൊത്തം തുക ₹5,216 ആയി കാണിച്ചിരിക്കുന്നു, അതിൽ ₹3,455 വിമാന നിരക്ക്, ₹50 ക്യൂട്ട് ചാർജ്, മറ്റൊരു ₹50 റീജിയണൽ കണക്റ്റിവിറ്റി ചാർജ്, ₹236 ഏവിയേഷന്‍ സെക്യൂരിറ്റി ഫീസ് ₹885 യൂസർ ഡെവലെപ്മെന്റ് ഫീസ്, ₹407 അറൈവൽ യൂസർ ഡെവലപ്മെന്റ് ഫീസ്, ₹178 ജിഎസ്ടി എന്നിങ്ങനെയാണ് കാണിച്ചിരിക്കുന്നത്.
എന്നാൽ വളരെ പെട്ടന്നാണ് ട്വീറ്റ് വൈറലായത്. എന്തായിരിക്കും ഈ ക്യൂട്ട് ചാർജ് എന്നായിരുന്നു യുവതിയുടെ സംശയം. പോസ്റ്റിനു താഴെ നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി എത്തിയത്. "അധികം ഈടാക്കിയാലും ഞാൻ സുന്ദരിയാണെന്ന് മനസിലായതിൽ സന്തോഷം'', "ക്യൂട്ടായിരിക്കുന്നത് കൊണ്ടുള്ള ചാർജ്ജാണ്", "ഇത് എയർലൈനുകളിൽ യാത്ര ചെയ്യുന്ന എല്ലാ സുന്ദരികൾക്കും വേണ്ടിയുള്ളതാണ്," എന്നിങ്ങനെയായിരുന്നു അതിൽ ചിലത്.
ഇനി എന്താണ് യഥാർത്ഥത്തിൽ ക്യൂട്ട് ചാർജ്ജ് എന്നല്ല... കോമൺ യൂസർ ടെർമിനൽ എക്യുപ്‌മെന്‍റ് ചാർജ് (Common User Terminal Equipment) എന്നതാണ് CUTE എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. മെറ്റൽ ഡിറ്റക്റ്റിംഗ് മെഷീനുകൾ, എസ്‌കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണിത്. ക്യൂട്ട് ചാർജ് നിവിൽ വന്നിട്ട് കുറഞ്ഞത് 2 വർഷമെങ്കിലും ആയിട്ടുണ്ടാകും എന്നാണ് വിവരം.