മികച്ച 8 മലയാളം വെബ് സീരീസുകൾ

Ardra Gopakumar

1. മാസ്റ്റർ പീസ് (2024)

പ്രവീൺ എസ് രചിച്ച് ശ്രീജിത്ത് എൻ സംവിധാനം ചെയ്ത മലയാളം കോമഡി വെബ് സീരീസ്. കുടുംബങ്ങളിൽ കണ്ടുവരുന്ന ചില നാട്ടുനടപ്പുകളെ തമാശ രൂപേണ ചോദ്യം ചെയ്യുന്ന കളർഫുൾ ഫാമിലി എന്‍റർടെയ്‌നർ. പാരമ്പര്യേതര ദമ്പതികളായ റിയയുടെയും ബിനോയിയുടെയും കഥ പറയുന്നു. 'ബ്രോ ഡാഡി' എന്ന ചിത്രത്തിന്‍റെ എഴുത്തുകാരനും 'തെക്കൻ തല്ലുകേസ്' എന്ന സിനിമയുടെ സംവിധായകനുമാണ് ശ്രീജിത്ത് എൻ. നിത്യ മേനോൻ, ഷറഫുദ്ദീൻ, രൺജി പണിക്കർ, മാല പാർവതി, അശോകൻ, ശാന്തി കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ.

Genre: Comedy

IMDb rating: 6.2/10

2. പേരില്ലൂർ പ്രീമിയർ ലീഗ് (2024)

നിഖില വിമൽ പ്രധാന വേഷത്തിൽ എത്തുന്ന രാഷ്ട്രീയ ഹാസ്യ പരമ്പര. ജീവിതത്തിൽ തുടർച്ചയായതും പ്രവചനാതീതവുമായ നിരവധി സംഭവങ്ങൾക്ക് ശേഷം ആകസ്മികമായി പേരില്ലൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെത്തുന്ന മാളവിക എന്ന യുവതിയുടെ കഥ. അശോകൻ, അജു വർഗീസ്, സണ്ണി വെയ്ൻ, വിജയരാഘവൻ തുടങ്ങിയവരും അഭിനയിക്കുന്നു.

Genre: Political-Comedy drama

IMDb rating: 7.5/10

3. മേനക (2019)

പരാജയപ്പെട്ട എഴുത്തുകാരനായ അജയന്‍ ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നതിനിടെ 7 ദിവസത്തിനുള്ളിൽ താൻ മികച്ച 7 കൊലപാതകങ്ങൾ നടത്താന്‍ പോകുന്നുവെന്ന് പ്രഖ്യാപിക്കുന്നു. തുടർന്ന് തന്‍റെ ആദ്യ ഇരയെ കൊലപ്പെടുത്തി ഈ പരമ്പര ആരംഭിക്കുന്നു. ഈ കൊലപാതക പരമ്പര തടയാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥ‍യാണ് മേനക. പ്രവീൺ കെ സംവിധാനം ചെയ്ത സീരിസിൽ അശ്വിൻ കുമാർ പ്രധാന വേഷത്തിലെത്തുന്നു.

Gener : crime/ Thriller

IMDb rating: 7.9/10

4. കേരള ക്രൈം ഫയൽസ്

ഹോട്ട്സ്റ്റാറില്‍ സ്ട്രീം ചെയ്ത ആദ്യ മലയാളം വെബ് സീരിസ്. ഒരു പഴയ ലോഡ്ജില്‍ ലൈംഗികത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെടുന്ന ഹൈ പ്രൊഫൈല്‍ അല്ലാത്ത കേസും അതിനെത്തുടര്‍ന്ന് പൊലീസ് നടത്തുന്ന അന്വേഷണവുമാണ് പ്രമേയം. ജൂണ്‍, മധുരം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത അഹമ്മദ് കബീറിന്‍റെ വേറിട്ട കഥപറച്ചിലാണ് ഈ ക്രൈം ത്രില്ലര്‍.

Genre: Crime Drama

IMDb rating: 7.2/10

5. പോച്ചർ ( 2024)

ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനവേട്ട. മലയാറ്റൂരിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന ജീവൻ മരണ പോരട്ടത്തിന്‍റെ കഥ. എമ്മി അവാർഡ് ജേതാവായ റിച്ചി മേത്തയുടെ തിരക്കഥയും സംവിധാനവും. നിമിഷ സജയൻ, റോഷൻ മാത്യു, ദിബ്യേന്ദു ഭട്ടാചാര്യ, കനി കുസൃതി, രഞ്ജിത മേനോൻ, മാല പാർവതി എന്നിവർ പ്രധാന വേഷങ്ങളിൽ. ആലിയ ഭട്ടിന്‍റെ നിർമ്മാണ കമ്പനിയായ എറ്റേണൽ സൺഷൈസാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്.

Genre: Crime Drama

IMDb rating: 7.7/10

6. ആവറേജ് അമ്പിളി (2021)

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്‌ത ഒരു മിനി-വെബ് സീരീസ് ശരാശരി ആവറേജ് അമ്പിളി. പഠനവും പാഠ്യേതര പ്രവർത്തനങ്ങളും ഉൾപ്പെടെ ഒരു 'ശരാശരി' ജീവിതം മാത്രം നയിക്കുന്ന അമ്പിളിയുടെ ജീവിതം. നിരവധി സ്വപനങ്ങളും ആഗ്രഹവുമുണ്ടെങ്കിലും 'ശരാശരി' എന്ന കാരണത്താൽ തഴയപ്പെടുന്ന അമ്പിളിയുടെ 'ശരാശരി' ജീവിതത്തിൽ അവൾ അഭിമുഖീകരിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളും അതിനു ശേഷമുള്ള സംഭവങ്ങളുമാണ് സീരീസിൽ പറയുന്നത്. വിഷ്ണു അഗസ്ത്യ, ഷിൻസ് ഷാൻ എന്നിവരോടൊപ്പം ടൈറ്റിൽ റോളിൽ അർഷ ബൈജു.

Genre: Drama

IMDb rating: 6.9/10

7. മനോരഥങ്ങൾ

പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ തെരഞ്ഞെടുത്ത ചെറുകഥകളെ അടിസ്ഥാനമാക്കി നിർമ്മിച്ച സമാഹാരം. മലയാളി പ്രേക്ഷകർക്കിടയിൽ വളരെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ സീരീസ് കഥാപാത്രങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ, അവർ നേരിടുന്ന വെല്ലുവിളികൾ, അവരുടെ മനസിന്‍റെ ഉൾക്കാഴ്ചകളിലേക്കുള്ള യാത്ര, യാഥാർത്ഥ്യവും, സ്വപ്നങ്ങളും തമ്മിലുള്ള പോരാട്ടം എന്നിവ പ്രമേയത്തിന്‍റെ ഭാഗമാകുന്നു. മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, ആസിഫ് അലി, പാർവതി തിരുവോത്ത്, അപർണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി.

Genre: Drama

IMDb rating: 8/10

8. പ്രിയപേട്ടവൻ പീയൂഷ് (2023)

പതിവ് കോമഡി ട്രാക്കിൽ നിന്നു മാറി കരിക്ക് ടീം പുറത്തിറക്കിയ സീരീസ്. 5 ദിവസത്തിനകം തന്‍റെ കല്യാണം നടത്താന്‍ പാടുപെടുന്ന പിയൂഷ് എന്ന യുവാവിന്‍റെ ജീവിതത്തിലൂടെയാണ് സീരീസ് കടന്നു പോകുന്നത്. കരിക്കില പ്രധാന താരങ്ങളായ ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത് എന്നിവർക്കു പുറമെ അന്നു ആൻ്റണി, മാല പാർവതി, ജയരാജ് വാര്യർ എന്നിവരും പ്രധാന വേഷങ്ങളിൽ. പ്രൊഡക്ഷന്‍ ക്വാളിറ്റിക്കൊണ്ട് സീരിസ് മുന്നിട്ടു നിന്നുവെങ്കിലും കണ്ടെന്‍റിൽ വലിയ വിമർശനം പ്രിയപ്പെട്ടവൻ പീയൂഷ് നേരിട്ടു.

Genre: Drama

IMDb rating: 7/10