Ardra Gopakumar
കൊറിയൻ സംസ്കാരം ഇന്ന് ആഗോള പ്രശംസ നേടുന്നുണ്ട്. സിനിമ, ആരോഗ്യം, ചർമ സംരക്ഷണം, വസ്ത്രധാരണം തുടങ്ങി ഭക്ഷണ രീതിയിൽ വരെ വലിയ സ്വാധീനമാണ് കൊറിയയ്ക്കുള്ളത്. ഇതിൽനിന്ന് ഇന്ത്യക്കാർക്ക് ദൈനംദിന ജീവിതത്തിലേക്കു സ്വീകരിക്കാവുന്ന 10 ആരോഗ്യകരമായ ശീലങ്ങൾ ഇതാ:
1. മോണിംഗ് സ്കിൻകെയർ റൂട്ടീന്‍:
കൊറിയക്കാർ അവരുടെ ചർമസംരക്ഷണ ദിനചര്യകൾക്ക് പേരുകേട്ടവരാണ്. ഡബിൾ ക്ലെൻസിംഗ്, ടോണിംഗ്, മോയ്സ്ചറൈസിംഗ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ഇത് കൊറിയക്കാർക്ക് മാത്രമുള്ളതല്ല. സ്ഥിരമായ ചർമസംരക്ഷണ ദിനചര്യ എല്ലാവരുടെയും ചർമത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
2. ഫിസിക്കൽ ആക്റ്റിവിറ്റീസ്:
നടത്തം, ഹൈക്കിംഗ്, ജിം വർക്കൗട്ട് തുടങ്ങിയ പതിവ് വ്യായാമങ്ങൾക്ക് കൊറിയക്കാർ ഊന്നൽ നൽകുന്നു. പ്രഭാത നടത്തം, യോഗ സെഷനുകൾ, അല്ലെങ്കിൽ വാരാന്ത്യ ഹൈക്കുകൾ എന്നിങ്ങനെയുള്ള ശാരീരിക പ്രവർത്തനങ്ങൾ ദിനചര്യകളിൽ ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യക്കാർക്ക് ഈ ശീലം സ്വീകരിക്കാൻ കഴിയും.
3. പ്രഭാതഭക്ഷണത്തിന്‍റെ പ്രാധാന്യം:
കൊറിയക്കാർ പ്രഭാത ഭക്ഷണം ഒഴിവാക്കില്ല. പോഷകസമൃദ്ധവും സമീകൃതവുമായ പ്രഭാത ഭക്ഷണം ആസ്വദിക്കുന്നവരാണവർ. ധാന്യങ്ങൾ, പഴങ്ങൾ, പ്രോട്ടീനുകൾ അടങ്ങിയ ആരോഗ്യകരമായ പ്രഭാത ഭക്ഷണം ഉൾപ്പെടുത്തിക്കൊണ്ട് ഇന്ത്യക്കാർക്കും ആരോഗ്യം മെച്ചപ്പെടുത്താം.
4. സൺസ്‌ക്രീൻ:
കൊറിയക്കാർ ചൂടിൽ/സൂര്യനിൽ നിന്ന് തങ്ങളുടെ ചർമത്തെ സംരക്ഷിക്കുന്നതിനു പ്രാധാന്യം നൽകുന്നു. ചുളിവുകളും സൂര്യാഘാതവും തടയാൻ, മേഘാവൃതമായ ദിവസങ്ങളിൽ പോലും അവർ ദിവസവും സൺസ്ക്രീൻ ഉപയോഗിക്കുന്നു.
5. പച്ചക്കറികളാൽ സമ്പന്നമായ ഭക്ഷണക്രമം:
പച്ചക്കറികൾ, പ്രോട്ടീനുകൾ, മുളപ്പിച്ച പയർ വർഗങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് കൊറിയൻ പാചകരീതി. ഇന്ത്യൻ ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും മുളപ്പിച്ച ഭക്ഷണങ്ങളും ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും അവശ്യ പോഷകങ്ങൾ ലഭ്യമാകാനും സഹായിക്കും.
6. ധാരാളം വെള്ളം:
കൊറിയക്കാർ ദിവസം മുഴുവൻ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് മുൻഗണന നൽകുന്നു. ശരീരത്തിലുള്ള വിഷാംശം നീക്കം ചെയ്യുന്നതിനും തിളക്കമുള്ള ചർമ സൗന്ദര്യം നിലനിർത്തുന്നതിനും വെള്ളം അത്യാവശ്യമാണ്.
7. നല്ല ഉറക്കം പ്രധാനം:
എല്ലാവരെയും പോലെ, കൊറിയക്കാർക്കും ആരോഗ്യത്തിനും തിളക്കമാർന്ന നിറത്തിനും നല്ല ഉറക്കത്തിന്‍റെ പ്രാധാന്യം അറിയാം.
8. റിലാക്സേഷൻ ടെക്നിക്കുകൾ:
കൊറിയക്കാർ അവരുടെ ജീവിതശൈലിയിൽ സ്ട്രെസ് മാനേജ്മെന്‍റിന് വലിയ പ്രാധാന്യം നൽകുന്നു. മെഡിറ്റേഷന്‍, അല്ലെങ്കിൽ പ്രകൃതിയിൽ സമയം ചെലവഴിക്കൽ തുടങ്ങിയ പരിശീലനങ്ങളെയും അവർ വിലമതിക്കുന്നു. യുവത്വവും ഊർജവുമുള്ള ജീവിതശൈലി നിലനിർത്താൻ ഇന്ത്യക്കാർക്കും ഈ വിദ്യകൾ പരീക്ഷിക്കാം.
9. സാമൂഹിക ഭക്ഷണവും കുടുംബ സമയവും:
കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഭക്ഷണം പങ്കിടുന്നത് കൊറിയയിലെ ഒരു പ്രിയപ്പെട്ട പാരമ്പര്യമാണ്. സ്ഥിരമായി കുടുംബ ഭക്ഷണത്തിന് മുൻഗണന നൽകുന്നതിലൂടെ, കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്താനും ക്ഷേമം വർധിപ്പിക്കാനും കഴിയും.
10. പരമ്പരാഗത ഹെർബൽ ടീ:
കൊറിയക്കാർ അവരുടെ ആരോഗ്യ ഗുണങ്ങൾക്കായി വിവിധ ഹെർബൽ ടീ (ജിൻസെങ് ടീ, ഗ്രീൻ ടീ പോലുള്ളവ) ശീലമാക്കിയിരിക്കുന്നു. ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങൾ, ദഹന ഗുണങ്ങൾ, ശാരീരിക/മാനസിക പിന്തുണ എന്നിവയ്ക്ക് പേരുകേട്ട സമാനമായ ഹെർബൽ ടീകൾ ഇന്ത്യക്കാർക്കും പരീക്ഷിക്കാം.