MV Desk
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ശരീരഭാരം സന്തുലിതമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിനു ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ എന്തൊക്കെയെന്നു നോക്കാം.
കുട്ടിയുടെ ഭക്ഷണം നിയന്ത്രിക്കരുത്. ഭക്ഷണം കുറയ്ക്കുന്നതിലൂടെ തുടക്കത്തിൽ ശരീരഭാരം കുറയ്ക്കാൻ സാധിച്ചേക്കുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ശാരീരികവും മാനസികവുമായ ദോഷം ചെയ്യും.
ശ്രദ്ധിക്കേണ്ടത് ആരോഗ്യത്തിലാണ്, ഭാരത്തിലല്ല. ഉയരത്തിന്‍റെ കാര്യത്തിലെന്ന പോലെ ഭാരത്തിന്‍റെ കാര്യത്തിലും പാരമ്പര്യം നിർണായകമാണ്. എല്ലാവരുടെയും ആരോഗ്യകരമായ ഭാരം ഒരുപോലെയല്ല. വ്യായാമം പ്രോത്സാഹിപ്പിക്കുക.
ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിപ്പിച്ച് ശീലമാക്കുക. തേനും പരിപ്പുകളും മറ്റും നല്ലതാണ്. ജങ്ക് ഫുഡിനോടും ഫാസ്റ്റ് ഫുഡിനോടും വിരക്തിയുണ്ടാക്കാൻ ഇതു സഹായിക്കും.
പല നിറത്തിലും രൂപത്തിലുമുള്ള ഭക്ഷ്യവസ്തുക്കൾ കുട്ടിക്ക് കൊടുക്കുക. ഒരേ ഭക്ഷണം തന്നെ പല തരത്തിൽ പാചകം ചെയ്തു കഴിപ്പിക്കാം. ശരീരത്തിന് ശരിയായ രീതിയിൽ പോഷണം ലഭിക്കാൻ ഇതു സഹായിക്കും.
കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. കഴിക്കുന്നതിന്‍റെ വേഗം കുറയുന്നത് ആരോഗ്യകരമായ പ്രവണതയാണ്.
കുട്ടികൾക്ക് ശരീര വ്യായാമം ഉറപ്പാക്കുന്ന വിധത്തിൽ പലതരത്തിലുള്ള കളികളിൽ ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുക. ദിവസേന 60 മിനിറ്റെങ്കിലും അതിനായി മാറ്റിവയ്ക്കണം.
കുട്ടി ഫോണോ ടാബ്‌ലറ്റോ ടിവിയോ ഉപയോഗിക്കുന്ന സ്ക്രീൻ ടൈം നിയന്ത്രിക്കുകയും മതിയായ ഉറക്കം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക. സ്ക്രീൻ ടൈമിനു ബദലായി മറ്റ് വിനോദോപാധികൾ പ്രോത്സാഹിപ്പിക്കുക.