ഇടയാർ ക്ഷേത്രത്തിന് ഇടയാത്ത ആന, വേദികയുടെ വക

MV Desk

നടി വേദികയും പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ് (PETA) ഇന്ത്യയും ചേർന്ന് കണ്ണൂർ ഇടയാർ ശ്രീ വടക്കുമ്പാട് ശങ്കരനാരായണ ക്ഷേത്രത്തിന് യന്ത്ര ആനയെ സമ്മാനിച്ചു.

യഥാർഥ കൊമ്പനാനയുടെ വലുപ്പമുള്ള യന്ത്ര ആനയ്ക്ക് വടക്കുമ്പാട് ശങ്കരനാരായണൻ എന്നാണ് പേരിട്ടിരിക്കുന്നത്. ആനകളെ വാങ്ങുകയോ വാടകയ്ക്കെടുക്കുകയോ ചെയ്യില്ലെന്ന ക്ഷേത്ര തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടാണ് ഇതിനെ സംഭാവന ചെയ്തിരിക്കുന്നത്.

ബാല നടൻ ശ്രീപഥ് യാൻ ശിശുദിനത്തിലാണ് ആനയെ ക്ഷേത്രത്തിലേക്കായി അനാവരണം ചെയ്തത്. മൃഗങ്ങളെ ദ്രോഹിക്കാതെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയും ക്ഷേത്ര ചടങ്ങുകൾ നടത്താൻ ആനയെ ഉപയോഗിക്കും.

കേരളത്തിലെ ക്ഷേത്രങ്ങളിലേക്ക് PETA സംഭാവന ചെയ്യുന്ന നാലാമത്തെ യന്ത്ര ആനയാണ് ശങ്കരനാരായണൻ. തൃശൂർ ഇരിഞ്ഞാടപ്പിള്ളി ശീകൃഷ്ണ ക്ഷേത്രത്തിനു നൽകിയ രാമൻ, എറണാകുളം തൃക്കയിൽ മഹാദേവ ക്ഷേത്രത്തിനു നൽകിയ മഹാദേവൻ, തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിനു നൽകിയ ബാലദാസൻ എന്നിവയാണ് മറ്റു മൂന്നെണ്ണം.

15 വർഷത്തിനിടെ നാട്ടാനകൾ കേരളത്തിൽ 526 പേരുടെ മരണത്തിനു കാരണമായിട്ടുണ്ടെന്നാണ് PETA കണക്കാക്കിയിട്ടുള്ളത്.

ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ തുടരാൻ ഇത്തരം ഉദ്യമങ്ങൾ സഹായിക്കുമെന്ന് വേദിക പറഞ്ഞു. ആനകളെ ഉപയോഗിച്ച് നടത്തുന്ന എല്ലാ പരിപാടികളിലും യന്ത്ര ആനകളെ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകുമെന്ന് PETA India.