ലോകത്തിലെ ഏറ്റവും വലിയ നാല് ഹോട്ടലുകൾ

Megha Ramesh Chandran

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസിലെത്തുന്നത് യുഎസോ യൂറോപ്യൻ രാജ്യങ്ങളോ ഒക്കെ ആയിരിക്കും. എന്നാൽ, ഇവിടെയൊന്നുമല്ല ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളുളളത്, അത് മലേഷ്യയിലാണ്. പിന്നീടാണ് യുഎസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടക്കുന്നത്. ലോകത്തെ ഏറ്റവും വലിയ നാല് ഹോട്ടലുകളെക്കുറിച്ച് അറിയാം...

ഫസ്റ്റ് വേൾഡ് ഹോട്ടൽ

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ ഒന്നാമതാണ് മലേഷ്യയിലെ ജെന്‍റിങ് ഹൈലാന്‍ഡ്സിലുളള ത്രീ സ്റ്റാർ ഹോട്ടലായ ഫസ്റ്റ് വേൾഡ് ഹോട്ടൽ. 3,164 സ്റ്റാൻഡേർഡ് റൂമുകൾ, 2,922 ഡീലക്സ് റൂമുകൾ, 649 ട്രിപ്പിൾ ഡീലക്സ് റൂമുകൾ, 480 സുപ്പീരിയർ ഡീലക്സ് റൂമുകൾ, 136 വേൾഡ് ക്ലബ് റൂമുകൾ എന്നിവയുള്ള രണ്ട് ടവറുകളാണ് ഫസ്റ്റ് വേൾഡ് ഹോട്ടലിലുള്ളത്. അങ്ങനെ ഹോട്ടലിന്‍റെ ആകെ മുറികളുടെ എണ്ണം 7,351 ആണ്.

വെനീഷ്യൻ

ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടലാണ് വെനീഷ്യൻ. അമേരിക്കയിലെ ലാസ് വെഗാസിലുള്ള ഫൈവ് ഡയമണ്ട് ആഡംബര ഹോട്ടലാണ്. 7,117 റൂമുകളാണ് ഹോട്ടലിനുളളത്. ലോകത്തിലെ ഏറ്റവും വലിയ കാസിനോയും വെനീഷ്യന്‍റെതാണ്.

എംജിഎം ഗ്രാൻഡ്

അമേരിക്കയിലെ ലാസ് വെഗാസിലെ ഒരു കാസിനോയും ഹോട്ടലുമാണ് എംജിഎം ഗ്രാൻഡ് ലാസ് വെഗാസ്. 293 അടി ഉയരമുള്ള 30 നിലകളുള്ള കെട്ടിടമാണ് ഹോട്ടലിന്. 6852 റൂമുകളാണുളളത്. കെട്ടിടത്തിനുള്ളിൽ വെള്ളച്ചാട്ടങ്ങൾ, കൺവെൻഷൻ സെന്‍റർ, ഔട്ട്ഡോർ സ്വിമ്മിങ്, ഗ്രാൻഡ് സ്പാ, നദികൾ, എംജിഎം ഗ്രാൻഡ് ഗാർഡൻ അരീന എന്നിവയുണ്ട്.

അബ്രാജ് അൽ ബൈത്ത്

ലോകത്തിലെ ഏറ്റവും വലിയ ഹോട്ടലുകളിൽ നാലാം സ്ഥാനം അബ്രാജ് അൽ ബൈത്തിനാണ്. സൗദി അറേബ്യയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണിത്. 6000 റൂമുകളാണ് ഹോട്ടലിന്. അഞ്ച് നിലകളുള്ള ഷോപ്പിങ് മാളും ആയിരത്തിലധികം വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു പാർക്കിങ് ഗാരേജും ഉണ്ട്.