MV Desk
ബോർഡർ - ഗവാസ്കർ ട്രോഫിക്കു വേണ്ടിയുള്ള ഇന്ത്യ - ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുകയാണ്. രോഹിത് ശർമയുടെ അവധിയും ശുഭ്മൻ ഗില്ലിന്‍റെ പരുക്കും കാരണം ടീമിൽ രണ്ട് മാറ്റങ്ങൾ അനിവാര്യം. സർഫറാസ് ഖാന്‍റെ സാങ്കേതിക മികവിലുള്ള സംശയവും, ഓസ്ട്രേലിയയിലെ പേസ് ബൗളിങ്ങിന് അനുകൂലമായ സാഹചര്യങ്ങളും കൂടിയാകുമ്പോൾ മറ്റു രണ്ടു മാറ്റങ്ങൾ കൂടി പ്രതീക്ഷിക്കാം. അങ്ങനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കാൻ സാധ്യതയുള്ള നാലു പുതുമുറക്കാർ ആരൊക്കെയെന്നു നോക്കാം....
ഹർഷിത് റാണ
വയസ് 23, സീം ബൗളിങ് ഓൾറൗണ്ടർ. നിതീഷ് കുമാർ റെഡ്ഡി ബാറ്റിങ് ഓൾറൗണ്ടറാണെങ്കിൽ, ഹർഷിത് റാണയുടെ കരുത്ത് ബൗളിങ്ങാണ്. യഥേഷ്ടം വേഗവും ബൗൺസും കണ്ടെത്താനുള്ള ശേഷിയും, ആക്രമണോത്സുക സമീപനവുമുള്ള ഹിറ്റ് ദ ഡെക്ക് ബൗളർ. റെഡ്ഡിയെ പോലെ ഐപിഎൽ പ്രകടനത്തിന്‍റെ വെളിച്ചത്തിലാണ് ടെസ്റ്റ് ടീമിലെത്തുന്നത്. കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ കിരീടധാരണത്തിൽ നിർണായക പങ്ക് വഹിച്ചു. സീസണിലെ നാലാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരൻ.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 10 മത്സരങ്ങളുടെ പരിചയം മാത്രം, 43 വിക്കറ്റും 469 റൺസും സമ്പാദ്യം. 42.63 റൺസാണ് ബാറ്റിങ് ശരാശരി, ഒരു സെഞ്ചുറിയുമുണ്ട്. ഓസ്ട്രേലിയ എ ടീമിനെതിരേ ടെസ്റ്റ് പരമ്പര കളിച്ച ഇന്ത്യ എ ടീമിൽ ഉൾപ്പെട്ടിരുന്നില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും അണിനിരക്കുന്ന ഇന്ത്യൻ പേസ് ബാറ്ററിയിൽ ആകാശ് ദീപിന്‍റെ സ്ഥാനത്ത് മൂന്നാം പേസറാകാൻ സാധ്യത.
നിതീഷ് കുമാർ റെഡ്ഡി
വയസ് 21, ടീമിലെ പ്രായം കുറഞ്ഞ താരം. ആന്ധ്ര പ്രദേശിൽ നിന്നുള്ള സീം ബൗളിങ് ഓൾറൗണ്ടർ. 23 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 21 റൺസെന്ന ബാറ്റിങ് ശരാശരിയിൽ 779 റൺസ് മാത്രമാണ് നേടിയിട്ടുള്ളത്. 56 വിക്കറ്റുമുണ്ട്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനു വേണ്ടിയും പിന്നീട് ബംഗ്ലാദേശിനെതിരേ ഇന്ത്യൻ സീനിയർ ടീമിനു വേണ്ടിയും നടത്തിയ ടി20 പ്രകടനങ്ങളുടെ ബലത്തിലാണ് ടെസ്റ്റ് ടീമിലെത്തുന്നത്. ഓസ്ട്രേലിയ എ ടീമിനെതിരേ നാല് ഇന്നിങ്സിൽ മൂന്നിലും ബൗൺസറുകളിൽ ഔട്ടായി. 31 ഓവറിൽ ഒരേയൊരു വിക്കറ്റാണ് നേടിയത്.
ഓസ്ട്രേലിയൻ സാഹചര്യങ്ങളിൽ വാഷിങ്ടൺ സുന്ദറിനെ പോലൊരു സ്പിൻ ബൗളിങ് ഓൾറൗണ്ടറെക്കാൾ ആവശ്യം പേസ് ബൗളർമാർക്ക് മതിയായ വിശ്രമം ലഭ്യമാക്കാൻ സഹായിക്കുന്ന റെഡ്ഡിയെ പോലൊരു കളിക്കാരനെയാണെന്ന നിലപാടിലാണ് ടീം മാനെജ്മെന്‍റ്. റെഡ്ഡിയുടെ കഴിവിനെ വാനോളം പുകഴ്ത്തിയ ബൗളിങ് കോച്ച് മോണി മോർക്കലും അരങ്ങേറ്റ സാധ്യത തുറന്നിട്ടിരിക്കുന്നു. ഹാർദിക് പാണ്ഡ്യയുടെ അഭാവം കൂടി കണക്കിലെടുക്കുമ്പോൾ ഏഴാം നമ്പറിൽ ഇറക്കിയേക്കും.
ധ്രുവ് ജുറൽ
വയസ് 23, വിക്കറ്റ് കീപ്പർ ബാറ്റർ, ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഫിനിഷ് റോളിൽ നടത്തിയ പ്രകടനങ്ങളിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ചു. കരിയറിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ 90, 39 നോട്ടൗട്ട് എന്നിങ്ങനെയുള്ള സ്കോറുകളിലൂടെ പോരാട്ടവീര്യ തെളിയിച്ചു; മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.
21 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 1223 റൺസ്, ബാറ്റിങ് ശരാശരി 48.92. ഓസ്ട്രേലിയ എ ടീമിനെതിരേ രണ്ടാം ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ചുറി. പേസിനും ബൗൺസിനുമെതിരേ സർഫറാസ് ഖാൻ പതാറാൻ സാധ്യതയുണ്ടെന്ന വിലയിരുത്തൽ ജുറലിന്‍റെ സാധ്യത വർധിപ്പിക്കുന്നു. ഋഷഭ് പന്തിന്‍റെ ബാക്കപ്പ് കീപ്പറായാണ് ടീമിലെത്തിയതെങ്കിലും, സർഫറാസിനു പകരം സ്പെഷ്യലിസ്റ്റ് ബാറ്ററായി ആറാം നമ്പറിൽ കളിക്കാൻ സാധ്യത.
ദേവദത്ത് പടിക്കൽ
വയസ് 24, ഇടങ്കയ്യൻ ബാറ്റർ, ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കു വേണ്ടി കളിക്കുന്ന മലയാളി, മികച്ച സ്ലിപ്പ് ഫീൽഡർ. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും, ശുഭ്മൻ ഗില്ലിനു പരുക്കേറ്റ സാഹചര്യത്തിൽ എ ടീമിൽ നിന്ന് സീനിയർ ടീമിലേക്ക് വൈൽഡ് കാർഡ് എൻട്രിയായി. കരിയറിലെ ഏക ടെസ്റ്റ് കളിച്ചത് ധർമശാലയിൽ ഇംഗ്ലണ്ടിനെതിരേ. ബാറ്റ് ചെയ്യാൻ കിട്ടിയ ഒരേയൊരു അവസരത്തിൽ നാലാം നമ്പറിലിറങ്ങി 55 റൺസെടുത്തു.
40 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ, 2677 റൺസ്, 42.49 ബാറ്റിങ് ശരാശരി. ആറ് ഫസ്റ്റ് ക്ലാസ് സെഞ്ചുറികളിൽ നാലും പിറന്നത് മൂന്നാം നമ്പറിൽ. ഇന്ത്യ എ ടീമിന്‍റെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവരുടെ എ ടീമിനെതിരേ നാല് ഇന്നിങ്സിൽ 151 റൺസുമായി ടോപ് സ്കോറർ; ഉയർന്ന സ്കോർ 88. ഗില്ലിന്‍റെ അഭാവത്തിൽ മൂന്നാം നമ്പറിൽ കളിച്ചേക്കും.