MV Desk
അഭിമന്യു ഈശ്വരൻ
ഓൾഡ് സ്കൂൾ ഓപ്പണർ. 10 വർഷത്തിലേറെയായി ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി സ്ഥിരതയാർന്ന പ്രകടനം. 50 റൺസ് ശരാശരിയിൽ 7600 റൺസ്. അവസാനം കളിച്ച അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും സെഞ്ചുറി. രോഹിത് ശർമയ്ക്ക് ഒരു ടെസ്റ്റ് നഷ്ടമാകുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം ഏറെക്കുറെ ഉറപ്പ്.
ഹർഷിത് റാണ
ഐപിഎല്ലിന്‍റെ കണ്ടെത്തൽ. 9 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ മാത്രം കളിച്ചു. അഗ്രസീവ് ഫാസ്റ്റ് ബൗളർക്കു വേണ്ട വേഗവും ആറ്റിറ്റ്യൂഡും കൈമുതൽ. കഴിഞ്ഞ രഞ്ജി ട്രോഫി സീസണിൽ 21 വിക്കറ്റ്. പിന്നാലെ ദുലീപ് ട്രോഫിയിൽ സെഞ്ചുറി. ശാർദൂൽ ഠാക്കൂറിന്‍റെ സ്ഥാനത്തേക്ക് ഉയർന്നു വരാൻ ശേഷിയുള്ള ഫാസ്റ്റ് ബൗളിങ് ഓൾറൗണ്ടർ പ്രതീക്ഷ. എന്നാൽ, പരിചയസമ്പത്ത് നൽകുക എന്നതിൽ കവിഞ്ഞ് ഓസ്ട്രേലിയക്കെതിരേ അരങ്ങേറ്റം കുറിക്കാൻ സാധ്യത കുറവ്.
നിതീഷ് കുമാർ റെഡ്ഡി
ഇന്ത്യയുടെ ഏറ്റവും പുതിയ പേസ് ബൗളിങ് ഓൾറൗണ്ടർ പ്രതീക്ഷ. ഇക്കഴിഞ്ഞ ഐപിഎൽ സീസണിന്‍റെ കണ്ടെത്തൽ. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചു. 130+ കിലോമീറ്റർ വേഗത്തിൽ പന്തെറിയാനും ഇരുവശത്തേക്കും സ്വിങ് ചെയ്യിക്കാനുമുള്ള ശേഷിയാണ് ഹാർദിക് പാണ്ഡ്യയുടെ പിൻഗാമി എന്ന നിലയിൽ റെഡ്ഡിക്കു മേലുള്ള പ്രതീക്ഷ വളർത്തുന്നത്. ഇന്ത്യ എ ടീമിനു വേണ്ടിയുള്ള പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യത നിർണയിക്കപ്പെടും.
പ്രസിദ്ധ് കൃഷ്ണ
ദീർഘകാലം പരുക്കിന്‍റെ പിടിയിലായിരുന്നിട്ടും ഓസ്ട്രേലിയൻ പര്യടനം പോലൊരു നിർണായക ദൗത്യത്തിനു തെരഞ്ഞെടുക്കപ്പെടുന്നു. ഇശാന്ത് ശർമയെപ്പോലൊരു ഹിറ്റ് ദ ഡെക്ക് ബൗളർ എന്ന നിലയിൽ സെലക്റ്റർമാർക്കുള്ള വിശ്വാസമാണ് ഇതിൽ വ്യക്തമാകുന്നത്. രണ്ട് ടെസ്റ്റ് കളിച്ച പരിയമുണ്ട്, രണ്ട് വിക്കറ്റ് മാത്രമാണ് സമ്പാദ്യം. ബാറ്റിങ്ങിലെ ദൗർബല്യം ഫസ്റ്റ് ഇലവൻ പ്രവേശനം ദുഷ്കരമാക്കും.
വാഷിങ്ടൺ സുന്ദർ
മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ന്യൂസിലൻഡിനെതിരേ ടെസ്റ്റ് കളിച്ചു, 11 വിക്കറ്റും നേടി. ആർ. അശ്വിന്‍റെ പിൻഗാമിയായി ഓഫ് സ്പിൻ ബൗളിങ് ഓൾറൗണ്ടറുടെ റോളിലേക്ക് വളർത്തിയെടുക്കാൻ ശ്രമിക്കുന്നു. അശ്വിനോ ജഡേജയ്ക്കോ പരുക്കേറ്റാൽ മാത്രമേ ഓസ്ട്രേലിയക്കെതിരേ ഫസ്റ്റ് ഇലവനിൽ സ്ഥാനം നേടാൻ സാധ്യതയുള്ളൂ.
ഓസ്ട്രേലിയക്കു പോകുന്നത് ജംബോ സംഘം
രോഹിത് ശർമ (ക്യാപ്റ്റൻ)
ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റൻ)
യശസ്വി ജയ്സ്വാൾ
അഭിമന്യു ഈശ്വരൻ
ശുഭ്മൻ ഗിൽ
വിരാട് കോലി
കെ.എൽ. രാഹുൽ
സർഫറാസ് ഖാൻ
ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ)
ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ)
ആർ. അശ്വിൻ
രവീന്ദ്ര ജഡേജ
വാഷിങ്ടൺ സുന്ദർ
ആകാശ് ദീപ്
പ്രസിദ്ധ് കൃഷ്ണ
ഹർഷിത് റാണ
നിതീഷ് കുമാർ റെഡ്ഡി
മുഹമ്മദ് സിറാജ്
റിസർവ്സ്: 1. മുകേഷ് കുമാർ 2. നവദീപ് സെയ്നി 3. ഖലീൽ അഹമ്മദ്