കൊച്ചി: ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സ്കോഡ സ്ലാവിയ ആകെയുള്ള അഞ്ചു സ്റ്റാറുകളും നേടി. ഇതോടെ എൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയവയിൽ ഏറ്റവും സുരക്ഷിതമായ കാറെന്ന ബഹുമതി സ്ലാവിയയ്ക്കു സ്വന്തം. പഞ്ചനക്ഷത്ര റേറ്റിങ് കാറിൽ യാത്ര ചെയ്യുന്ന മുതിർന്നവർക്ക് മാത്രമല്ല, കുട്ടികൾക്കും ബാധകമാണ്. ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരേ പോലെ ഫൈവ് സ്റ്റാർ കരസ്ഥമാക്കുന്ന രാജ്യത്തെ ഏക കാർ നിർമാതാക്കളായിരിക്കയാണ് സ്കോഡ. കമ്പനിയുടെ എല്ലാ കാറുകളും ഇപ്പോൾ ഫൈവ്- സ്റ്റാർ സുരക്ഷിതമാണ്. സുരക്ഷിതത്വം, ഗുണമേൻമ, ഈട് എന്നിവയിൽ സ്കോഡ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്മയാണ് എൻ സി എപി അംഗീകാരത്തിൽ നിന്ന് വ്യക്തമാകുന്നതെന്ന് കമ്പനി ബ്രാന്റ് ഡയറക്റ്റർ(ഇന്ത്യ) പീറ്റർ സോൾ പറഞ്ഞു. കൊലീഷൻ ടെസ്റ്റിൽ മുതിർന്നവരുടെ കാര്യത്തിൽ മൊത്തം 34 പോയിന്റിൽ 29.71, കുട്ടികളിൽ 49 പോയിന്റിൽ 41 എന്നിങ്ങനെ സ്ലാവിയ നേടി.
ഇന്ത്യ 2.0 പദ്ധതി പ്രകാരം എം ക്യുബി- എ ഒ- ഐ എൻ അടിസ്ഥാനമാക്കി രൂപകൽപ്പന ചെയ്യപ്പെട്ട സ്ലാവിയ സെഡാന്റെ ഘടകങ്ങൾ 95 ശതമാനവും ഇന്ത്യയിൽ നിർമിച്ചതാണെന്നതിനാൽ വില കുറച്ച് നൽകാൻ കഴിയുന്നു. മെയിന്റനൻസ് ചെലവും കുറവാണ്. സുഗമമായ ഡ്രൈവിങ്ങിനൊപ്പം സുരക്ഷിതത്വത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്യപ്പെട്ട കാറാണ് സ്ലാവിയ. ബലമേറിയ ഉരുക്കിൽ തീർത്ത പുറം ചട്ട ലേസർ വെൽഡ് ചെയ്തിരിക്കയാണ്. ഇത് ഇടിയുടെ ആഘാതം പരമാവധി കുറക്കുന്നു. ആഘാതം ഏറ്റവുമധികം കുറയുന്നത് പുറത്തേതിനെക്കാൾ ക്യാബിനിലാണ് എന്ന സവിശേഷതയുമുണ്ട്. ഇതും കാറിൽ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഉന്നത സാങ്കേതികതയും ചേരുമ്പോഴാണ് സ്ലാവിയ ഏറ്റവും സുരക്ഷിതമാകുന്നത്.
സ്ലാവിയയിൽ 6 വരെ എയർബാഗുകളുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾടി - കൊലീഷൻ ബ്രേക്കിങ്, ട്രാക്ഷൻ കൺട്രോൾ, ആന്റി- ലോക് ബ്രെയ്ക്, കുട്ടികളുടെ സീറ്റുകൾക്ക് ഇസോഫിക്സ് താങ്ങ്, ഓട്ടോമാറ്റിക് ഹെഡ്ലൈറ്റുകൾ, റെയിൻ- സെൻസിങ് വൈപ്പർ, ടയർ പ്രഷർ മോണിറ്ററിങ് തുടങ്ങിയ സവിശേഷ സൗകര്യങ്ങളും സ്ലാവിയയിലുണ്ട്.