ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ വന്‍ നിക്ഷേപത്തില്‍ ഇന്ത്യയിലെ നിര്‍മാണ സംവിധാനങ്ങള്‍ ഒരുക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതി കുത്തനെ കൂടുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം കാര്‍ കയറ്റുമതി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
മാരുതി സുസുക്കി മുതല്‍ ടാറ്റ മോട്ടോഴ്സും ഹ്യുണ്ടായും ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികളെല്ലാം നിലവില്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന കാറുകളാണ് വിവിധ വിപണികളിലെത്തിക്കുന്നത്. അമെരിക്കയും യൂറോപ്പും അടക്കമുള്ള വികസിത വിപണികള്‍ മാന്ദ്യത്തിലൂടെ നീങ്ങുമ്പോഴും ഇന്ത്യന്‍ കാറുകള്‍ക്ക് വിദേശ വിപണിയില്‍ പ്രിയം കൂടുകയാണ്.
ആഗോള വിപണിയില്‍ ഇന്ത്യന്‍ വാഹന ബ്രാന്‍ഡുകള്‍ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയില്‍ പ്രിയം കൂടുകയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. അമെരിക്കന്‍ ഡോളറിനെതിരേ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായതിനാല്‍ കയറ്റുമതി രംഗത്ത് ഇന്ത്യന്‍ കാറുകള്‍ക്ക് മികച്ച മത്സരക്ഷമത കാഴ്ചവെക്കാന്‍ കഴിയുന്നുണ്ടെന്ന് കമ്പനികള്‍ പറയുന്നു.
മുന്‍നിര കമ്പനികളായ ടൊയോട്ട കിര്‍ലോസ്ക്കര്‍, വോക്സ്‌വാഗൺ, ഹ്യുണ്ടായ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹോണ്ട, സ്കോഡ തുടങ്ങിയ കമ്പനികളെല്ലാം കയറ്റുമതി വിപണിയില്‍ റെക്കോഡ് മുന്നേറ്റമാണ് കാഴ്ച്ചവെച്ചത്. രാജ്യത്തെ മുന്‍നിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഈ വര്‍ഷം 2.62 ലക്ഷം വാഹനങ്ങളാണ് കയറ്റിയയച്ചത്. ഇന്ത്യന്‍ വാഹന വിപണി അതിവേഗത്തില്‍ ആഗോള നിലവാരത്തിലുള്ള നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാല്‍ കയറ്റുമതി വിപണിയില്‍ മികച്ച വളര്‍ച്ച നേടാന്‍ കഴിയുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ മറ്റ് വിപണികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ നിർമാണ ചെലവ് ഗണ്യമായി കുറഞ്ഞുനില്‍ക്കുന്നതും രാജ്യത്തെ കാര്‍ നിർമാതാക്കള്‍ക്ക് വിപുലമായ സാധ്യതകളാണ് തുറന്നിടുന്നത്. തൊഴിലാളികളുടെ കുറഞ്ഞ കൂലിച്ചെലവും അസംസ്കൃത സാധനങ്ങളുടെ വിലക്കുറവും ഇന്ത്യന്‍ കാര്‍ നിർമാതാക്കള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നത്. നവീകരണത്തിലും സാങ്കേതികവിദ്യയിലും സുരക്ഷിതത്വത്തിലും മികച്ച നിക്ഷേപം നടത്തി പുതിയ മോഡലുകളും ബ്രാന്‍ഡുകളും പുറത്തിറക്കി ആഗോള വിപണിയില്‍ വളര്‍ച്ച നേടാനാണ് ഇന്ത്യന്‍ കാര്‍ കമ്പനികള്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വോക്സ്‌വാഗൺ കയറ്റുമതിയില്‍ 29 ശതമാനം വർധനയാണ് നേടിയത്. സ്കോഡയുടെ കയറ്റുമതി ഇക്കാലയളവില്‍ 431% ഉയര്‍ന്ന് 1,530 യൂണിറ്റുകളായി.