Rolls-Royce Spectre
Rolls-Royce Spectre

റോൾസ് റോയ്സിനെ മാലിന്യ വണ്ടിയാക്കിയ ഇന്ത്യൻ രാജാവിന്‍റെ കഥ

ഏറ്റവും കൂടുതൽ റോൾസ് റോയ്സ് കാറുകൾ സ്വന്തമായുണ്ടായിരുന്ന ഇന്ത്യക്കാരൻ രാജാവും മന്ത്രിയുമൊന്നുമില്ല, ഒരു സ്പിരിച്ച്വൽ ഗുരുവാണ്

ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു... (രാജാക്കൻമാരുടെ കഥ പറയുമ്പോൾ അങ്ങനെ വേണമെന്നാണല്ലോ....) പേര് മഹാരാജാ ജയ് സിങ്. ആൾവാർ ആയിരുന്നു ടിയാന്‍റെ രാജ്യം. 1930ലാണ് കഥ നടക്കുന്നത്. കഥയെന്നുവച്ചാൽ അമർ ചിത്രകഥയൊന്നുമില്ല, ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സത്യകഥ തന്നെയാണ്.

ലൊക്കേഷൻ ഷിഫ്റ്റ്- ഇംഗ്ലണ്ട്

Maharaja Jai Singh of Alwar
Maharaja Jai Singh of Alwar

ആൾവാറിൽ നിന്ന് കൊളോണിയൽ ഇംഗ്ലണ്ടിലേക്കൊരു ജംപ് കട്ട്. നമ്മുടെ കഥാനായകനായ രാജാവ് അവിടെയൊരു റോൾസ് റോയ്സ് ഷോറൂം സന്ദർശിക്കാൻ പോയി. ജസ്റ്റ് വിൻഡോ ഷോപ്പിങ് പോലൊരു പരിപാടി. വിലയൊക്കെ ഒന്നറിഞ്ഞു വയ്ക്കാം. വേണമെങ്കിൽ സൗകര്യം പോലെ പിന്നെ വാങ്ങാം എന്നായിരുന്നു പ്ലാൻ.

പക്ഷേ, ബാലെക്കാരുടെ തൊങ്ങലും തിളക്കവുമുള്ള ഉടുപ്പും തൊപ്പിയുമൊന്നുമില്ലാതെ സാധാരണക്കാരുടെ വേഷത്തിൽ കടയിൽ ചെന്നു കയറിയ രാജാവിനെ ജീവനക്കാർ ചവിട്ടിപ്പുറത്താക്കി (ചവിട്ടി എന്നൊക്കെ ഒരു പഞ്ചിനു പറയുന്നു എന്നേയുള്ളൂ. ചവിട്ടിയൊന്നും കാണില്ല. എന്തായാലും ഗെറ്റൗട്ടടിച്ചു, രാജാവിനത് ഇൻസൾട്ട് ഓഫ് ദ ഇയർ ആയി...!)

കണ്ടുകണ്ടു ശീലമായ ഒരു ട്വിസ്റ്റ് തന്നെയാണ് കഥയുടെ ഈ ഘട്ടത്തിൽ സംഭവിക്കുന്നത്. രാജാവ് പോയി തൊപ്പിയും കുപ്പായവുമെല്ലാമിട്ട്, റോയൽ ലുക്ക് നെറ്റിക്ക് എഴുതിയൊട്ടിച്ച പോലെ ഒരു വരവ് വന്നു. വില ചോദിക്കാൻ വന്ന പാർട്ടി ഒറ്റയടിക്ക് ആറ് കാറും ഓർഡർ ചെയ്ത് ക്ഷണത്തിൽ മടങ്ങി. ഓർഡർ അനുസരിച്ചു മാത്രം റോൾസ് റോയ്സ് ഉണ്ടാക്കിക്കൊടുക്കുന്നു കാലമാണ്. അപകടം മണത്തെങ്കിലും കമ്പനിക്ക് കാർ ഉണ്ടാക്കിക്കൊടുത്തേ പറ്റൂ എന്നായി, രൊക്കം ക്യാഷ് വാങ്ങിയതാണ്.

ഓർഡർ ഡെലിവറിയായപ്പോൾ നാരങ്ങാ ഉരുട്ടാനും തേങ്ങയടിക്കാനുമൊന്നും നിൽക്കാതെ നേരേ ഇന്ത്യയിലേക്ക് കപ്പലിൽ കയറ്റി വിടാൻ രാജകൽപ്പനയും വന്നു.

ഇന്ത്യക്കാരൻ ഡാ...!

ബംപറിൽ ചൂലുകൾ വച്ചുകെട്ടിയ റോൾസ് റോയ്സ് കാർ.
ബംപറിൽ ചൂലുകൾ വച്ചുകെട്ടിയ റോൾസ് റോയ്സ് കാർ.

മുംബൈ തുറമുഖം വഴിയായിരിക്കണം ആറ് ഉരുപ്പടികൾ ആൾവാറിലെത്തി. വന്നപാടേ രാജ്ഞിയെയും പിള്ളാരെയും കൂട്ടി പള്ളിറൗണ്ടടിക്കാനൊന്നും നിൽക്കാതെ രാജാവ് അടുത്ത ഉത്തരവ് വീശിയെറിഞ്ഞു- ''ആരവിടെ, ആദ്യം വന്ന രണ്ടു വണ്ടികളുടെ ബമ്പറിൽ ഈരണ്ട് ചൂലും വച്ചുകെട്ടി റോഡ് അടിച്ചുവാരാൻ വിടട്ടെ... ബാക്കിയുള്ളത് വേസ്റ്റ് എടുക്കാനും പോകട്ടെ....''

അങ്ങനെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്‍റെ രാജകീയ വാഹനം ആൾവാറിന്‍റെ തെരുവുകളിൽ അടിച്ചുവാരാനും വേസ്റ്റെടുക്കാനും ഓട്ടം തുടങ്ങി. വിവരം ഇംഗ്ലണ്ടിലെത്തി. റോൾസ് റോയ്സ് അധികൃതർ ആൾവാർ രാജാവിനോട് മാപ്പ് പറഞ്ഞ്, വേറെ കുറച്ച് കാറുകൾ കാണിക്കയായും കൊടുത്താണ് 'ഈ നാണക്കേട്' ഒഴിവാക്കിയത്രെ.

കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ റോൾസ് റോയ്സ് ഫാന്‍റം, റോൾസ് റോയ്സ് ഗോസ്റ്റ് തുടങ്ങിയ പേരുകൾക്കൊപ്പം 'റോൾസ് റോയ്സ് ബ്രൂം' എന്നൊരു പേരു കൂടി വാഹനപ്രേമികൾക്കിടയിൽ പ്രസിദ്ധമായേനേ....

രാജകീയ വാഹനം

Rolls Royce Phantom II in the backdrop of Umaid Bhavan Palace, Jodhpur
Rolls Royce Phantom II in the backdrop of Umaid Bhavan Palace, Jodhpur

ഈ കഥനൂറു ശതമാനം സത്യമാണെന്ന് ഉറപ്പൊന്നുമില്ല. പക്ഷേ, റോൾസ് റോയ്സിൽ വേസ്റ്റെടുക്കുന്നു എന്നു കേട്ടാൽ സ്വയം വേസ്റ്റായി മാറാനും മടിയില്ലാത്ത വാഹനപ്രേമികളുടെ കാലത്ത് ഈ കഥയിൽനിന്നു പലതും പഠിക്കാനുണ്ട്.

1906ൽ തുടങ്ങിയ റോൾസ് റോയ്സ് കമ്പനിയുടെ കാറുകൾ 1920കൾ മുതൽ ഇന്ത്യയിൽ പോപ്പുലറാണ്. എന്നുവച്ച് എല്ലാവർക്കും പ്രാപ്യമായിരുന്നുമില്ല. ആളും തരവും നോക്കി വിൽക്കുന്ന കാറെന്ന ദുഷ്‌പേര് അന്നേയുള്ളതാണ്. സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ രാജാക്കൻമാരോ അല്ലെങ്കിൽ അത്ര വലിയ സമ്പന്നരോ മാത്രമാണ് ഇതു വാങ്ങാൻ പാങ്ങുള്ളവരായി ഉണ്ടായിരുന്നത്. ആർആർ 20 എച്ച്പി പോലുള്ള മോഡലുകളിലാണ് ഇന്ത്യൻ രാജാക്കൻമാർക്ക് അക്കാലത്തെ ഏറെ താത്പര്യമുണ്ടായിരുന്നത്.

ജോധ്പൂർ രാജാവിന് റോൾസ് റോയ്സ് കാറുകളുടെ ഒരു ശേഖരം തന്നെയുണ്ടായിരുന്നു. അതിപ്പോഴും ജോധ്പുരിലെ ഉമൈദ് ഭവൻ പാലസിലെ മ്യൂസിയത്തിൽ സൂക്ഷിക്കുന്നുണ്ട്. ഒക്‌റ്റോപസി എന്ന ജയിംസ് ബോണ്ട് സിനിമയില്‍ ഉപയോഗിച്ച 1934ലെ റോള്‍സ്-റോയ്‌സ് ഫാന്‍റം വരെ ഇക്കൂട്ടത്തിലുണ്ട്.

ആശ്രമമുറ്റത്തെ ആഡംബരം

Osho Rajneesh
Osho Rajneesh

ഏറ്റവും കൂടുതൽ റോൾസ് റോയ്സ് കാറുകൾ സ്വന്തമായുണ്ടായിരുന്ന ഇന്ത്യക്കാരൻ രാജാവും മന്ത്രിയുമൊന്നുമില്ല, ഒരു സ്പിരിച്ച്വൽ ഗുരുവാണ്. പേര് ഓഷോ രജനീഷ്! 93 റോൾസ് റോയ്സ് കാറുകളുണ്ടായിരുന്നു അദ്ദേഹത്തിന്.

ഇതൊന്നും തന്‍റെ സ്വന്തമല്ല, എല്ലാം പലരും സമ്മാനിച്ചതാണെന്നൊക്കെ അദ്ദേഹം പറയുമായിരുന്നെങ്കിലും റോൾസ് റോയ്സ് ഷോറൂമിലുള്ളതിനെക്കാൾ കൂടുതൽ കാറുകൾ അദ്ദേഹത്തിന്‍റെ ആശ്രമ മുറ്റത്തുണ്ടായിരുന്നു എന്നതാണ് വസ്തുത.

കൺകണ്ടത് പൊയ്, കാണാത്തത് നിജം...

Bentley
Bentley

ഒരു നൂറ്റാണ്ടിലേറെയായി ആഡംബരത്തിന്‍റെ അവസാന വാക്കായിരുന്ന റോൾസ് റോയ്സ് ‍ബ്രാൻഡ് യഥാർഥത്തിൽ 2003ൽ തന്നെ ബിഎംഡബ്ല്യു സ്വന്തമാക്കിക്കഴിഞ്ഞു. ഇംഗ്ലണ്ടിലെ വെസ്റ്റ് സസക്സിലുള്ള ഗുഡ്‌വുഡ് എസ്റ്റേറ്റിൽ മാത്രമാണ് ഇന്നും ഇതു നിർമിക്കുന്നതെങ്കിലും 2003നു മുൻപുള്ള റോൾസ് റോയ്സുമായി ഇപ്പോഴത്തെ റോൾസ് റോയ്സ് മോട്ടോർ കാർസ് ലിമിറ്റഡിനു കാര്യമായ ബന്ധമൊന്നുമില്ല. പഴയ ഐക്കോണിക് ലോഗോയും പേരും മാത്രമാണ് ബിഎംഡബ്ല്യു വിലയ്ക്കു വാങ്ങിയത്. നിർമിക്കുന്നത് ആ ബ്രാൻഡ് നെയിമിൽ ബിഎംഡബ്ല്യുവിന്‍റെ കാറാണ്.

പഴയ റോൾസ് റോയ്സിന്‍റെ ഇപ്പോഴത്തെ യഥാർഥ പിൻഗാമികൾ ബെന്‍റ്ലി മോട്ടോഴ്സാണ്. പക്ഷേ, കമ്പനി വിലയ്‌ക്കെടുക്കാൻ സാധിച്ച പഴയ എതിരാളികൾക്ക് ആ പേര് മാത്രം സ്വന്തമാക്കാനായില്ല...!

Trending

No stories found.

Latest News

No stories found.