തിരുവനന്തപുരം: ഇലക്ട്രോണിക് വാഹന ഉത്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് കുതിപ്പേകുന്ന, തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് (എൽടിഒ) ബാറ്ററിയുടെ പ്രോട്ടോടൈപ്പ് ഇന്നലെ കൈമാറി. വിഎസ്എസ്സി ഡയറക്റ്റർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായരിൽ നിന്ന് വ്യവസായമന്ത്രി പി. രാജീവ് പ്രോട്ടോടൈപ്പ് സ്വീകരിച്ചു.
സംസ്ഥാനത്ത് ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്ക് മുൻകൈയെടുത്തു രൂപീകരിച്ച ഇ വി ഡെവലപ്മെന്റ് ആൻഡ് മാനുഫാക്ചറിങ് കൺസോർഷ്യം ആണ് തദ്ദേശീയമായി എൽടിഒ വികസിപ്പിക്കുന്നതിന് ചുക്കാൻ പിടിച്ചത്. വിഎസ്എസ്സി, ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡ് (ടിടിപിഎൽ), സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എൻജിനീയറിങ് സയൻസ് ആൻഡ് ടെക്നോളജി റിസർച്ച് പാർക്ക് എന്നിവയാണ് കൺസോർഷ്യത്തിലെ പങ്കാളികൾ.
ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽടിഒ ഇലക്ട്രോഡ് വസ്തു ടിടിപിഎൽ വിതരണം ചെയ്യുകയും വിഎസ്എസ്സി ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ആയിരുന്നു. മികച്ച ഊർജ സാന്ദ്രത, വേഗത്തിലുള്ള ചാർജിങ്, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി ഭാവിയിൽ ഹരിതോർജ ഇന്ധന ലഭ്യതയിൽ പുതിയ വഴി തെളിക്കും.
എൽടിഒ ബാറ്ററി സംസ്ഥാന സർക്കാരിന് കൈമാറിയ മുഹൂർത്തം ചരിത്രപരമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വിശേഷിപ്പിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ കൺസോർഷ്യമാണ് തദ്ദേശീയമായ വസ്തുക്കൾ ഉപയോഗിച്ച് ബാറ്ററി വികസിപ്പിച്ചതെന്നത് ഏറെ സന്തോഷം പകരുന്നതായി മന്ത്രി പറഞ്ഞു. കേരളത്തെ വ്യവസായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാർ കണ്ടെത്തിയ 22 മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ് ഇലക്ട്രിക് വാഹന മേഖല.
മോണോസൈറ്റ്, തോറിയം, ഇല്ലുമിനൈറ്റ് തുടങ്ങിയ മൂലകങ്ങളാൽ സമ്പന്നമായ കേരളത്തിന്റെ ധാതുസമ്പത്ത് വേണ്ട വിധം വ്യാവസായികമായി പ്രയോജനപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിലുള്ള കണ്ടുപിടുത്തം അതിനു കൂടി വഴിവെക്കുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പുതുതായി വികസിപ്പിച്ച ബാറ്ററി സുരക്ഷിതവും മാലിന്യവിമുക്തവുമാണെന്ന് വിഎസ്എസ്സി ഡയറക്റ്റർ ഡോ. ഉണ്ണികൃഷ്ണൻ നായർ പറഞ്ഞു.