പുതിയ വാഹനത്തിന് രണ്ടു ദിവസത്തിനകം രജിസ്ട്രേഷന്‍

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം വാഹനത്തിനു രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കി. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും.

ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യുന്നതിനായി 'വാഹന്‍' വഴി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ മാത്രം മതി. ഈ രേഖകളെക്കാള്‍ യാതൊരു അധിക രേഖകളും ആവശ്യപ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് മെയ് ഒന്ന് മുതല്‍ പ്രാബല്യത്തിലാകും.

വാഹനം ഒരു സ്ഥാപനത്തിന്‍റെ സ്ഥാപന മേധാവിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഈ വ്യക്തികളുടെ വൃക്തിഗത ആധാര്‍, പാന്‍ വിവരങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ സ്ഥാപനങ്ങളുടെ പേരിലുള്ള പാന്‍, ടാന്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം.

വാഹനങ്ങളുടെ രജിസ്ട്രേഷനുള്ള അപേക്ഷയില്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ട പ്രകാരം നോമിനി വയ്ക്കണമെന്ന് നിര്‍ബന്ധമില്ല. നോമിനിയുടെ പേര് വയ്ക്കുകയാണെങ്കിലേ നോമിനിയുടെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുവാന്‍ പാടുള്ളൂ.

ഇതരസംസ്ഥാനത്ത് സ്ഥിര മേല്‍വിലാസമുള്ളതും സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യന്നതുമായ വ്യക്തികള്‍ക്ക് വാഹനം രജിസ്റ്റര്‍ ചെയ്യന്നതിന് സ്ഥിര മേല്‍വിലാസം തെളിയിക്കുന്നതിന് ആധാറിന്‍റെ പകര്‍പ്പിനോടൊപ്പം താത്ക്കാലിക മേല്‍വിലാസം തെളിയിക്കുന്നതിനായി നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ സമര്‍പ്പിക്കുകയാണെങ്കില്‍ രജിസ്‌ട്രേഷന്‍ അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.