വാഹനങ്ങളിലെ പുകവലി: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങൾ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള വഴിയാകാം
MVD caution against smoking inside vehicles
MVD caution against smoking inside vehicles
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് വേളകളിൽ വാഹനങ്ങളിൽ ഇരുന്ന് പുകവലിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ മുന്നറിയിപ്പ്.

അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങൾ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള വഴിയാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവർമാരുടെ ചെറിയ ഒരശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകും.

ആരോഗ്യത്തെ മാത്രമല്ല, വലിയ റോഡപകടങ്ങൾക്ക് കൂടിയാണ് വാഹനങ്ങളിലെ പുകവലി വഴി തെളിക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലി പാടില്ല എന്ന ബോർഡ് വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്‍റെ ഫിറ്റ്നസ് പരിശോധന വേളകളിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താറുണ്ട്. പൊതു ഗതാഗത വാഹനങ്ങളില്‍ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്.

വാഹനത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ഡ്രൈവർമാർ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ, യാത്രക്കാരോ ഉണ്ടെങ്കിൽ അവരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണെന്നും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശിക്കുന്നു.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉപയോഗ ശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികൾ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളിൽ നിന്നും പെട്രോൾ, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കിൽ വലിയ ദുരന്തത്തിന് ഇടയാക്കും. ഓരോ വ്യക്തിയും പൊതുനിരത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സ്വന്തം സുരക്ഷ മാത്രമല്ല മറ്റ് ആളുകളുടെ ജീവനും കൂടിയുള്ള സുരക്ഷ ഉറപ്പു വരുത്തണമെന്നും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിക്കുന്നു.

Trending

No stories found.

Latest News

No stories found.