കൊച്ചി: പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിന് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ സൗത്ത് ഇന്ത്യന്‍ ബാങ്കും മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റാ മോട്ടോഴ്സും കൈകോര്‍ക്കുന്നു. ഉത്സവ സീസണില്‍ ഇവി ഡീലര്‍മാര്‍ക്കും എല്ലാ ഉപയോക്താക്കള്‍ക്കും സമഗ്ര സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്ന എക്സ്ക്ലൂസീവ് ഇലക്ട്രിക് വെഹിക്കിള്‍ ഡീലര്‍ ഫിനാന്‍സിങ് പ്രോഗ്രാം സംബന്ധിച്ച ധാരണാപത്രത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ട്രാന്സാക്ഷന് ബാങ്കിങ് ഗ്രൂപ്പ് മേധാവി പ്രവീണ്‍ ജോയ്, ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിൾസ് ലിമിറ്റഡ് നെറ്റ് വര്‍ക്ക് മാനെജ്മെന്റ് & ഇവി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനെജര്‍ രമേശ് ദുരൈരാജന്‍ എന്നിവര്‍ ഒപ്പുവച്ചു.
പാസഞ്ചര്‍ ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്കു മാത്രമായി സവിശേഷ സാമ്പത്തിക പിന്തുണ പദ്ധതി അവതരിപ്പിക്കുന്നതിന് ടാറ്റാ മോട്ടോഴ്സുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ട്. ഡീലര്‍മാരുടെയും ഉപയോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റാൻ കൂടുതല്‍ പദ്ധതികളും ഓഫറുകളും അവതരിപ്പിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന് പറഞ്ഞു. ടാറ്റയുടെ അംഗീകൃത ഇലക്ട്രിക് വാഹന ഡീലര്‍മാര്‍ക്ക് സൗത്ത് ഇന്ത്യന്‍ ബാങ്ക് നല്കുന്ന സാമ്പത്തിക പിന്തുണയിൽ സന്തോഷമുണ്ട്. ഇന്ത്യയില്‍ ഇവി ഉപയോഗം വിപുലീകരിക്കാന്‍ സഹായിക്കുന്നതില്‍ ഞങ്ങളുടെ ഡീലര്‍മാര്‍ക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിൾസ് ലിമിറ്റഡ് നെറ്റ് വര്‍ക്ക് മാനെജ്മെന്റ് & ഇവി സെയില്‍സ് വിഭാഗം സീനിയര്‍ ജനറല്‍ മാനെജര്‍ രമേശ് ദുരൈരാജന്‍ പറഞ്ഞു.
ഇന്ത്യന്‍ വാഹന വിപണിയില്‍ വിപ്ലവകരമായ മുന്നേറ്റത്തിലൂടെ ഇലക്ട്രിക് വാഹന വിപണി കൈയടക്കിയിരിക്കുന്നത് ടാറ്റ മോട്ടോഴ്സ് ആണ്. 90,000ലധികം ഇവികള്‍ ഉത്പാദിപ്പിച്ച ടാറ്റയ്ക്ക് നിലവില്‍ 71 ശതമാനം വിപണി വിഹിതമുണ്ട്. വൈവിധ്യമാര്‍ന്ന ഡിജിറ്റല്‍ ഉത്പന്നങ്ങളിലൂടെ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ രാജ്യത്ത് മുന്‍നിരയിലുള്ള ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്.