കൊച്ചി: പ്രമുഖ വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സൗകര്യങ്ങള്‍ സുഗമമാക്കുന്നതിന് പുതിയ പ്ലാറ്റ്‌ഫോമായ ഇ-ഹബ് അവതരിപ്പിച്ചു. രാജ്യമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ അവരുടെ വാഹനം ചാര്‍ജ് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതാണ് പുതിയ സംവിധാനം.
6-വേ ചാർജിങ് സൊല്യൂഷനുകളാണ് ഈ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നത്. ഇതിനായി രാജ്യത്തുടനീളം 1000 കമ്യൂണിറ്റി ചാര്‍ജറുകള്‍ സ്ഥാപിക്കും. 1500ലധികം സ്റ്റാര്‍ട്ടപ്പുകളുമായും അമ്പതിലധികം കോളജുകളുമായും സഹകരിച്ചാണ് ഇവ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കമ്പനി അറിയിച്ചു.
ഇനി പുറത്തിറക്കുന്ന എല്ലാ വാഹനങ്ങളിലും എംജി ജിയോ ഇന്നൊവേറ്റീവ് കണക്ടിവിറ്റി പ്ലാറ്റ്‌ഫോമായ എംജി-ജിയോ-ഐസിപി കൂടി ഉള്‍പ്പെടുത്തുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ഇന്‍-കാര്‍ ഗെയിമിംഗ്, എന്‍റര്‍ടെയ്ന്മെന്‍റ്, ലേണിംഗ് എന്നിവയ്ക്കായുള്ള എംജി ആപ്പ് സ്റ്റോര്‍, ആറ് ഇന്ത്യന്‍ ഭാഷകളിലെ മികച്ച ശബ്ദശേഷി, മികച്ച ഹോം-ടു-കാര്‍ പ്രവര്‍ത്തനക്ഷമത എന്നിവ ഉള്‍പ്പെടെ നിരവധി സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവി ബാറ്ററികള്‍ പുനര്‍നിര്‍മിക്കുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന പ്രൊജക്ട് റിവൈവും എംജി അവതരിപ്പിച്ചിട്ടുണ്ട്. ബാറ്ററികള്‍ വീണ്ടും റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുന്ന ഈ സംവിധാനത്തിലൂടെ മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതിനും വിഭവങ്ങളുടെ തുടര്‍ച്ചയായ ഉപയോഗവും എംജി ലക്ഷ്യമിടുന്നു.