കോട്ടയം: ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സ്‌കോഡ ഓട്ടോ ഇന്ത്യ കുഷാക്ക്, സ്ലാവിയ മോഡലുകള്‍ക്ക് ആകര്‍ഷകമായ വിലയും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള ഈ മോഡലുകള്‍ക്ക് 10.69 ലക്ഷം രൂപയാണ് പ്രാരംഭ വില. കുഷാക്കിന്റേയും സ്ലാവിയയുടേയും ആക്ടീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ വകഭേദങ്ങള്‍ ഇനി മുതല്‍ ക്ലാസ്, സിഗ്‌നേച്ചര്‍, പ്രസ്റ്റീജ് എന്നിങ്ങനെ അറിയപ്പെടും. ഈ മൂന്ന് വേരിയന്റുകള്‍ക്കൊപ്പം കുഷാക്കില്‍ കൂടുതല്‍ ഫീച്ചറുകളുള്ള ഓനിക്‌സ്, പ്രീമിയം വിഭാഗത്തില്‍ മൊണ്ടെ കാര്‍ലോ എന്നീ വേരിയന്റുകളിലും ലഭിക്കും.
പുതിയ വില കുഷാക്കിന്റെ എല്ലാ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ ഒപ്ഷനുകള്‍ക്കും സ്ലാവിയയുടെ തിരഞ്ഞെടുത്ത വേരിയന്റുകള്‍ക്കും ബാധകമാണ്. ഇരു വാഹനങ്ങളിലും സിക്‌സ് സ്പീഡ്, 1.0 ടിഎസ്‌ഐ പെട്രോള്‍ മാന്വല്‍, ഓട്ടോമാറ്റിക് എഞ്ചിനും 1.5 ടിഎസ്‌ഐ പെട്രോള്‍ സിക്‌സ് സ്പീഡ് മാന്വലും സെവന്‍ സ്പീഡ് ഡിഎസ്ജി എഞ്ചിനുകളുമാണ് വരുന്നത്.
ഈ ശ്രേണിയിലെ എല്ലാ വേരിയന്റുകള്‍ക്കും ആറ് എയര്‍ബാഗുകളുടെ സുരക്ഷയും ഗ്ലോബല്‍ എന്‍കാപ് ടെസ്റ്റുകളില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുമുണ്ട്. ഉല്‍പ്പന്നത്തിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ടത് നല്‍കാനാണ് തങ്ങള്‍ നോക്കുന്നതെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ പെറ്റര്‍ ജനെബ പറഞ്ഞു.