തിരുവനന്തപുരം: കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പർ ഫാസ്റ്റ് ബസുകള്‍ എത്തിത്തുടങ്ങി. സ്വിഫ്റ്റിന് വേണ്ടി വാങ്ങുന്ന 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബംഗളൂരുവില്‍ നിന്ന് കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന്റെ ആസ്ഥാനത്തെത്തി. മാര്‍ച്ച് 15നകം ബാക്കി ബസുകളും എത്തും.
ഇവയുടെ ട്രയല്‍ റണ്ണും രജിസ്ട്രേഷന് നടപടികളും പൂര്‍ത്തിയാക്കി മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ ബജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. മേയ് പകുതിയോടെ റൂട്ടുകളിൽ സർവീസ് ആരംഭിക്കും. ഇവ ഏതൊക്കെ ദീർഘദൂര റൂട്ടില്‍ ഉപയോഗിക്കണം എന്നത് പഠനത്തിനു ശേഷമാകും തീരുമാനിക്കുക.
അശോക് ലൈലൻഡിന്റെ 12 മീറ്റര്‍ നീളമുള്ള ഷാസിയില്‍ ബംഗളൂരുവിലെ എസ്.എം. കണ്ണപ്പ (പ്രകാശ്) കമ്പനിയാണ് ബോഡി നിർമിക്കുന്നത്. നിലവിലുള്ള സൂപ്പർ ഫാസ്റ്റുകളില്‍ 52 സീറ്റുകളാണ്. സ്വിഫ്റ്റിന്റെ സൂപ്പർ ഫാസ്റ്റിൽ 55 സീറ്റുകളാണുള്ളത്. എയര്‍ സസ്പെന്ഷന് ബസില്‍ കൂടുതല്‍ സ്ഥല സൗകര്യമുണ്ട്. പരസ്യം പ്രദര്‍ശിപ്പിക്കാൻ 32 ഇഞ്ച് ടിവി, യാത്രക്കാരുടെ സുരക്ഷയ്ക്കായി ബസിനുള്ളിൽ 360 ഡിഗ്രി ക്യാമറ, മുന്‍ഭാഗത്ത് ഡാഷ് ബോര്‍ഡിലും പിന്നിലും ക്യാമറകൾ, പുറത്തു നില്ക്കുന്ന യാത്രക്കാര്‍ക്ക് ഉള്‍പ്പെടെ കേള്‍ക്കുന്ന രീതിയില്‍ അനൗന്‍സ്മെന്റ് സംവിധാനം എന്നിവയുണ്ട്.
ബിഎസ് 6 ശ്രേണിയിലുള്ള ഈ ബസുകളില്‍ സുഖപ്രദമായ സീറ്റ്, എമര്‍ജന്‍സി വാതില്‍, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈല്‍ ചാർജിങ് പോയിന്റുകള്‍, സീറ്റുകളുടെ പിന്‍വശത്ത് പരസ്യം പതിക്കാനുള്ള സൗകര്യം, ട്യൂബ് ലൈസ് ടയറുകൾ എന്നിവയെല്ലാമുണ്ട്. ബസുകളുടെ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈനായി നിരീക്ഷിക്കാൻ i-alert സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഇപ്പോൾ നിരത്തിലുള്ള സ്വിഫ്റ്റ് ബസുകൾക്കെല്ലാം പ്രത്യേക ഡിസൈനാണ്. എന്നാൽ, കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റുകളുടെ അതേ ഡിസൈനിലാണ് സ്വിഫ്റ്റിന്റെ ആദ്യ സൂപ്പർ ഫാസ്റ്റും എത്തിയിരിക്കുന്നത് എന്നതു ശ്രദ്ധേയം. കെഎസ്ആർസിയുടെ സൂപ്പർ ക്ലാസ് സർവീസുകളൊക്കെ ക്രമേണ സ്വിഫ്റ്റിലേക്കു മാറ്റിയേക്കുമെന്ന സൂചനകൾ നേരത്തേയുണ്ടായിരുന്നു. അതിന്റെ തുടക്കമാണിതെന്നു കരുതുന്നു. കെഎസ്ആർടിസിയേക്കാൾ സ്വിഫ്റ്റിനു യാത്രാ നിരക്കു കൂടുതലാണ്.