കോഴിക്കോട്: ഇന്ത്യയിലെ പ്രമുഖ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജനപ്രിയ വാണിജ്യ വാഹന മോഡലുകളായ ഇന്‍ട്രാ വി 50, എയ്സ് ഡീസല്‍ വാഹനങ്ങളുടെ പരിഷ്കരിച്ച പതിപ്പുകള്‍ പുറത്തിറക്കി. ഇന്ധന ഉപയോഗം കുറയ്ക്കുന്ന രീതിയിലാണ് പരിഷ്കരിച്ച പതിപ്പുകള്‍ നിരത്തുകളിലെത്തുന്നത്. ഇതോടൊപ്പം തങ്ങളുടെ ഏറ്റവും പുതിയ ഇന്‍ട്ര വി70, വി20 ഗോള്‍ഡ് പിക്കപ്പുകളും എയ്സ് എച്ച്ടിപ്ലസും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വിശ്വസനീയമായ 1.5 ലിറ്റര്‍ ഡീസല്‍ എൻജിനാണ് ടാറ്റ ഇന്‍ട്ര വി70 മോഡലിന്. ഫ്ളീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സംവിധാനവും 9.7 അടി നീളമുള്ള ലോഡ് ബോഡിയുമുണ്ട്.
800 കിലോമീറ്ററിലധികം ദൂരപരിധിയും 1200 കിലോഗ്രാം വര്‍ധിപ്പിച്ച പേലോഡ് ശേഷിയുള്ള, ഉത്കണ്ഠയില്ലാത്ത യാത്രക്കായി രൂപകല്‍പ്പന ചെയ്യപ്പെട്ട ഇന്ത്യയുടെ ആദ്യത്തെ ദ്വിഇന്ധന പിക്കപ്പാണ് ടാറ്റ ഇന്‍ട്രാ വി 20 ഗോള്‍ഡ്. കാര്യക്ഷമമായ ഫ്ളീറ്റ് മാനെജ്മെന്‍റിനായി ഫ്ളീറ്റ് എഡ്ജ് ടെലിമാറ്റിക്സ് സംവിധാനവും ഇതിന്‍റെ പ്രധാന സവിശേഷതയാണ്. 1,200 കിലോഗ്രാം വര്‍ധിപ്പിച്ച പേലോഡ് കപ്പാസിറ്റിയും എവിടെയും പോകാനുള്ള ശേഷിയുള്ള മൂന്ന് സിഎന്‍ജി ടാങ്കുകളുമുണ്ട്.
ദൈര്‍ഘ്യമേറിയ ലോഡ് ബോഡിയും 900 കിലോഗ്രാം വര്‍ധിപ്പിച്ച പേലോഡ് കപ്പാസിറ്റിയുമുള്ള ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എൻജിന്‍റെ ഉയര്‍ന്ന കരുത്തും കാര്യക്ഷമതയുമായാണ് പുതിയ എയ്സ് എച്ച്ടിപ്ലസ് വരുന്നത്. ഉപയോക്താക്കള്‍ക്ക് കുറഞ്ഞ ചെലവ് ഉടമസ്ഥാവകാശ വാഗ്ദാനവുമായാണ് ടാറ്റ ഇന്‍ട്രാ വി50 എത്തുന്നത്.