കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി ടെസ്റ്റിങ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലുള്ള സുരക്ഷ പരിശോധനയ്ക്ക് വിധേയമായ ഫോക്സ്വാഗണ് വിര്‍ടസിന് 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചതായി ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യ.
ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാണിത്. ഗ്ലോബല്‍ എന്‍സിഎപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോധന. യാത്രക്കാരായ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിങ് ലഭിച്ചതോടെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ സെഡാനുകളില്‍ ഒന്നായി ഫോക്സ്വാഗണ് വിര്‍ടസ് മാറി. നേരത്തെ ബ്രാന്‍ഡിന്റെ ആദ്യത്തെ ഇന്ത്യ 2.0 പ്രോജക്റ്റായ ഫോക്സ്വാഗണ് ടൈഗൂണും അഭിമാനകരമായ ഈ സുരക്ഷാ റേറ്റിങ് നേടിയിരുന്നു.
ആഗോളതലത്തില്‍ പ്രശസ്തമായ ടര്‍ബോ സ്ട്രാറ്റിഫൈഡ് ഇൻജക്ഷന് എൻജിനാണ് ഫോക്സ്വാഗണ് വിര്ടസിനമുള്ളത്. ഏറ്റവും മികച്ച ജര്മന്എൻജിനീയറിങ്, ഉയര്‍ന്ന മാനദണ്ഡങ്ങളിലുള്ള നിലവാരം, 40ലേറെ നൂതന സുരക്ഷാ ഫീച്ചറുകള്‍ എന്നിവയുള്ള വിര്‍ടസ്, ഈ സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡ് ലഭിച്ച സെഡാന് കൂടിയാണ്.
സുരക്ഷ, മേന്മയേറിയ നിര്‍മാണ നിലവാരം, പ്രകടനം എന്നിവ ആഗോളതലത്തില്‍ ഫോക്സ്വാഗണ് ഡിഎന്‍എയെ സൃഷ്ടിക്കുകയാണെന്ന് ഫോക്സ്വാഗണ് പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്റ്റര്‍ ആശിഷ് ഗുപ്ത പറഞ്ഞു. ടൈഗൂണിന് ശേഷം വിര്‍ടസിനും ഗ്ലോബല്‍ എന്‍സിഎപി 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങ് ലഭിച്ചുവെന്നത് ബ്രാന്‍ഡിന് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.