കൊച്ചി: ദിനംപ്രതി ചൂട് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് എയര്‍ കണ്ടീഷണര്‍ (എസി) വില്‍പ്പനയും കുതിക്കുകയാണ്. പ്രതിവര്‍ഷം ശരാശരി 90 ലക്ഷം എസികളാണ് ഇന്ത്യയില്‍ വിറ്റഴിക്കുന്നത്, ഇതില്‍ നാല് ലക്ഷത്തോളം കേരളത്തിലാണെന്നാണ് പുറത്തുവരുന്ന കണക്കുകൾ.
ഈ വര്‍ഷം അഞ്ച് ലക്ഷം എസികള്‍ കേരളത്തില്‍ വിറ്റഴിയുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരികൾ പറയുന്നു. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള സീസണ്‍ നോക്കുകയാണെങ്കില്‍ ഏകദേശം രണ്ടര ലക്ഷം എസികളാണ് ഇക്കാലയളവില്‍ വിറ്റഴിയുന്നത്. ഇത് ഒരു വര്‍ഷത്തെ മൊത്തം എസി വില്‍പ്പനയുടെ പകുതിയോളം വരും. എസിയുടെ കാര്യമായ വില്‍പ്പന ജനുവരിയിലാണ് ആരംഭിച്ചത്. ഫെബ്രുവരി എത്തിയപ്പോള്‍ ഇത് ഏറ്റവും വലിയ വില്‍പ്പന വളര്‍ച്ച തന്നെ കാഴ്ചവച്ചു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 50-60 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
ഉപയോക്താക്കളുടെ മുന്‍ഗണനകളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എസി വാങ്ങാന്‍ വരുന്നവരില്‍ കൂടുതല്‍ പേരും ആവശ്യപ്പെടുന്നത് ഒന്നര ടണ്‍ ഇന്‍വെര്‍ട്ടര്‍ എസികളാണ്. 20,000-30,000 രൂപ വരെ വിലയുള്ള മിഡ്-റേഞ്ച് വിഭാഗത്തിലുള്ള എസികളാണ് കൂടുതലും വിറ്റഴിയുന്നത്.
വേനല്‍ച്ചൂട് ശക്തമാകുന്നതിനാല്‍ എസി വില്‍പ്പനയിലെ കുതിപ്പ് ഏപ്രില്‍, മേയ് മാസങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും വിതരണ ശൃംഖലയിലെ തടസങ്ങള്‍ സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ഇടയ്ക്കിടെ സ്റ്റോക്ക് ക്ഷാമത്തിന് കാരണമാകുന്നുണ്ടെന്നും വ്യാപാരികൾ പറയുന്നു.
അതേസമയം മൊത്തത്തിലുള്ള ട്രെന്‍ഡ് പരിശേധിക്കുകയാണെങ്കില്‍ കേരളത്തില്‍ എസി വില്‍പ്പന തകൃതിയായി മുന്നോട്ട് പോകുകയാണ്.