ഫികസ്ഡ് ഡെപ്പോസിറ്റ് പലിശ കുറയും

മാന്ദ്യ സാഹചര്യം ശക്തമാകുന്നതും വിപണിയിലെ പണലഭ്യത കൂടുന്നതും കണക്കിലെടുത്താണ് പുതിയ നീക്കം.
Banks likely to slash FD interest rates
ഫികസ്ഡ് ഡെപ്പോസിറ്റ് പലിശ കുറയുംRepresentative image
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: സ്ഥിര നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാന്‍ വാണിജ്യ ബാങ്കുകള്‍ ആലോചിക്കുന്നു. മാന്ദ്യ സാഹചര്യം ശക്തമാകുന്നതും വിപണിയിലെ പണലഭ്യത കൂടുന്നതും കണക്കിലെടുത്താണ് പുതിയ നീക്കം. നിലവില്‍ പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങള്‍ക്ക് എട്ട് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അര ശതമാനം പലിശ കൂടുതല്‍ ലഭിക്കും.

നാണയപ്പെരുപ്പ ഭീഷണി ശക്തമാണെങ്കിലും റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ സാധ്യത കുറവാണെന്ന് ധനവിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ചതിന്‍റെ ചുവടുപിടിച്ചാണ് വാണിജ്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഗണ്യമായി ഉയര്‍ത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിക്ക് ശേഷം റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലിശ വർധന നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്.

അമെരിക്കയിലെ ഫെഡറല്‍ റിസര്‍വിന്‍റെയും യൂറോപ്യന്‍ കേന്ദ്ര ബാങ്കിന്‍റെയും ധന അവലോകന നയങ്ങളില്‍ പലിശ കുറയ്ക്കുമെന്ന സൂചനയുണ്ടെങ്കിലും തീരുമാനം വന്നിട്ടില്ല. തുടര്‍ച്ചയായി 16 തവണ പലിശ വർധന നടത്തിയതിനു ശേഷമാണ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നാണയപ്പെരുപ്പ യുദ്ധത്തിന് ഇടവേള നല്‍കിയത്. ഫെഡറല്‍ റിസര്‍വ് നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ധന നിയന്ത്രണ നടപടികള്‍ തുടരുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ കൂടുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഭക്ഷ്യ ഉത്പന്നങ്ങളുടെയും ലോഹങ്ങളുടെയും മറ്റ് അവശ്യ സാധനങ്ങളുടെയും വില സമ്മർദം കുറയുന്നതാണ് ആശ്വാസം പകരുന്നത്.

കയറ്റുമതി മേഖല തളര്‍ച്ച നേരിടുകയാണെങ്കിലും ഇന്ത്യന്‍ സാമ്പത്തിക രംഗം മികച്ച നേട്ടത്തിലൂടെ നീങ്ങുകയാണ്. ഒന്നര വര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം മൂന്ന് ശതമാനത്തിന് അടുത്തേക്ക് താഴുമെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍.

Trending

No stories found.

Latest News

No stories found.