തിരുവനന്തപുരം: കേരളത്തിൽ നവകേരള സദസ് തുടങ്ങിയ ദിവസം പുറത്തു വന്ന വാർത്തകൾ ഈ പ്രതീക്ഷയെ മങ്ങൽ ഏൽപ്പിക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായിഏകോപന സമിതി സംസ്ഥാന പ്രസിഡണ്ടും കോൺഫറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്. എസ്. മനോജ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയത്തെ മാഞ്ഞൂരിൽ പ്രവാസി സംരംഭകൻ നടത്തിയ സമരം ഫലം കണ്ടത് പ്രസ്തുത സമരത്തിന്‍റെ കാരണം ന്യായം ആയതുകൊണ്ടാണ്. ഒരു പ്രവാസി സംരംഭകന് റോഡിൽ കിടന്നും പഞ്ചായത്ത് ഓഫീസിന്‍റെ മുറ്റത്ത് കിടന്നും സമരം ചെയ്യേണ്ടി വന്ന ഒരു സാഹചര്യം ഇനിയും ഉണ്ടാവാതെ നോക്കേണ്ടുന്ന നിലപാടുകളും നടപടികളും നവകേരള സദസിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സമരം ചെയ്തതിന്‍റെ പേരിൽ പ്രവാസി സംരംഭകനെതിരെ കേസെടുത്ത് നിയമ നടപടികൾ നടത്തുവാൻ എടുത്ത തീരുമാനം കാടത്തമാണ്. ഉദ്യോഗസ്ഥന്മാർ സംരംഭക മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭയപ്പെടുത്താൻ ശ്രമിക്കുന്നത് സർക്കാർ തടയണമെന്നും, ഷാജിമോൻ ജോർജിനെതിരേ എടുത്ത കേസ് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റോബിൻ ബസിന് പിന്നാലെ പായുന്ന ഉദ്യോഗസ്ഥർ തെറ്റായ സന്ദേശമാണ് നൽകുന്നത്. നിയമങ്ങൾ നാടിന്‍റെയും നാട്ടാരുടെയും നന്മയ്ക്കായി പ്രയോഗിക്കുന്നതിനു പകരം കേരളത്തിലെ സംരംഭകന്‍റെ നടു അടിച്ചു തകർക്കാനുള്ള ഇരുമ്പ് ദണ്ഡാക്കി മാറ്റുന്ന ഉദ്യോഗസ്ഥർ നാടിന് ആപത്താണെന്നും അദ്ദേഹം പറഞ്ഞു.
നവ കേരള സദസും കേരളീയവുമൊക്കെ വളരെ പ്രതീക്ഷയോടുകൂടിയാണ് കേരളത്തിലെ സംരംഭക സമൂഹം കാണുന്നത്. കേരളം ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് എന്ന് ലോകത്തെ അറിയിക്കുന്നതിനും, പുതിയ കേരളത്തിന്‍റെ സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്ന നവകേരളസദസും കേരളീയവുമൊക്കെ കേരളത്തിന്‍റെ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റം കൊണ്ടു വരും എന്ന് പ്രതീക്ഷയോടെ കൂടി നിരീക്ഷിക്കുന്നവർ കൂടിയാണ് കേരളത്തിലെ സംരംഭകർ എന്നും എസ്എസ്. മനോജ്.
ജില്ലാ പ്രസിഡന്‍റ് ആര്യശാല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കരമന മാധവൻ കുട്ടി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ വെഞ്ഞാറമ്മൂട് ശശി, അസീം മീഡിയ, നെട്ടയം മധു, പോത്തൻകോട് അനിൽ, എസ്. മോഹൻകുമാർ, വിതുര എ. മാടസ്വാമി പിള്ള, പെരുംപഴുതൂർ രവീന്ദ്രൻ, സതീഷ് വസന്ത്, ജി. മോഹൻ തമ്പി, ബാലരാമപുരം എച്. എ. നൗഷാദ്, പാലോട് രാജൻ, സണ്ണി ജോസഫ്, എൻ. കണ്ണദാസൻ, തുടങ്ങിയവർ സംസാരിച്ചു.