കൊച്ചി: വികസ്വര രാജ്യങ്ങളുടെ പുതിയ കൂട്ടായ്മയായ "ഗ്ലോബല്‍ സൗത്ത്' വിദേശ നാണ്യശേഖരത്തിലും ഉഭയ കക്ഷി വ്യാപാരത്തിലും വരുത്തുന്ന ഘടനാപരമായ മാറ്റങ്ങള്‍ ആഗോള നാണയമായ അമെരിക്കന്‍ ഡോളറിന് കടുത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം അമെരിക്കയും സഖ്യ കക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളും ഡോളറിന് കല്‍പ്പിച്ച് നല്കിയ അപ്രമാധിത്യം സാവധാനത്തില്‍ നഷ്ടമാകുകയാണെന്നാണ് ആഗോള സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയും ചൈനയും മുതല്‍ ലാറ്റിന്‍ അമെരിക്കന്‍ രാജ്യങ്ങളും അറബ്, ആഫ്രിക്കന്‍ രാജ്യങ്ങളും വരെ ഡോളര്‍ ഉപയോഗിച്ചുള്ള വ്യാപാരങ്ങള്‍ക്ക് ബദല്‍ മാര്‍ഗം തേടുകയാണ്. ഇതോടൊപ്പം ഡോളറിന്റെ മൂല്യത്തിലുണ്ടായ കനത്ത വർധന താങ്ങാനാവാത്തതിനാല്‍ പല വികസ്വര രാജ്യങ്ങളും വിദേശ നാണയ ശേഖരത്തില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ബദല്‍ ആസ്തികള്‍ കൂടുതലായി ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി.
കൊവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ന് അധിനിവേശവും കാരണം സപ്ലൈ ശൃംഖലയിലുണ്ടായ പ്രതിസന്ധിയെത്തുടർന്ന് ആഗോള വ്യാപകമായി നാണയപ്പെരുപ്പം അപകടകരമായി കൂടിയതോടെ അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി വായ്പാ പലിശ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളറിന്റെ മൂല്യം റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. ഇതോടെ ഉഭയകക്ഷി വ്യാപാരത്തിലും വിദേശ നാണയ ശേഖരത്തിലും അമെരിക്കന്‍ ഡോളര്‍ ഉള്‍പ്പെടുത്തുന്നതിന്റെ അധിക ബാധ്യത താങ്ങാന്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന പല രാജ്യങ്ങളും ഏറെ വിഷമം നേരിട്ടതോടെയാണ് പുതിയ സാധ്യതകള്‍ ആലോചിച്ച് തുടങ്ങിയത്.
ഇതിനിടെ റഷ്യയ്ക്കെതിരെ അമെരിക്കയും യൂറോപ്യന്‍ യൂണിയനും അടങ്ങുന്ന സഖ്യകക്ഷികള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഡോളര്‍ ഒഴിവാക്കി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിട്ട് റഷ്യയില്‍ നിന്നും ക്രൂഡ് ഓയിലും മറ്റ് ഉത്പന്നങ്ങളും വാങ്ങിത്തുടങ്ങി. ഇതിനു പിന്നാലെ ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് പ്രാദേശിക നാണയങ്ങള്‍ ഉപയോഗിച്ച് ബൈ ലാറ്ററല്‍ വ്യാപാരം നടത്താന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇന്തൊനേഷ്യയും ബ്രസീലും നൈജീരിയയും ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി നേരിട്ട് വ്യാപാരം നടത്താനാണ് ഇപ്പോള്‍ താത്പര്യപ്പെടുന്നത്.
രൂപയില്‍ ഇടപാടുകള്‍ നടത്താന്‍ വിദേശ ബാങ്കുകള്‍
ഇതിനിടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി സ്ഥിരതയോടെ മെച്ചപ്പെടുന്നതും അമെരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വന്‍ വർധനയും കണക്കിലെടുത്ത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ ഒരുങ്ങുകയാണ്.
അമെരിക്കന്‍ ഡോളറിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും വിദേശ വ്യാപാരം കൂടുതല്‍ ലാഭക്ഷമമാക്കാനും ലക്ഷ്യമിട്ട് ബംഗ്ലാദേശിലെ രണ്ട് പ്രമുഖ ബാങ്കുകള്‍ രൂപയിലുള്ള സെറ്റില്‍മെന്റ് നടപടികളിലേക്ക് കഴിഞ്ഞ ദിവസം കടന്നിരുന്നു. ബംഗ്ലാദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സോനാലി ബാങ്കും സ്വകാര്യ മേഖലയിലുള്ള ഈസ്റ്റേണ്‍ ബാങ്കുമാണ് രൂപയിലധിഷ്ഠിതമായ വിദേശ വ്യാപാര ഇടപാടുകള്‍ക്ക് തയാറെടുക്കുന്നത്. ഇതിനായി ഇന്ത്യയിലെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ഐസിഐഐസിഐ ബാങ്ക് എന്നിവയില്‍ സോനാലി ബാങ്ക് രൂപയിലുള്ള അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.
ഇന്ത്യ- ബംഗ്ലാദേശ് രാജ്യാന്തര വ്യാപാരത്തില്‍ ഡോളറിനു പകരം രൂപ ഉപയോഗിക്കുന്നതോടെ ലാഭക്ഷമത മെച്ചപ്പെടുത്താനും ഇടപാടുകളുടെ സങ്കീര്‍ണത കുറയ്ക്കാനും കഴിയുമെന്ന് സോനാലി ബാങ്കിന്റെ മാനെജിങ് ഡയറക്റ്റര്‍ പറയുന്നു. ബംഗ്ലാദേശ് നിലവില്‍ പ്രതിവര്‍ഷം 1400 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യയില്‍ നിന്നു വാങ്ങുന്നത്. ഡോളറിന്റെ മൂല്യവർധന കാരണം ജൂലൈ ആദ്യവാരത്തില്‍ ബംഗ്ലാദേശിന്റെ വിദേശ നാണയ ശേഖരം 3100 കോടി ഡോളറായി കുത്തനെ ഇടിഞ്ഞിരുന്നു. മലേഷ്യയുമായും രൂപയില്‍ വ്യാപാര സെറ്റില്‍മെന്റ് നടപടികള്‍ക്ക് ഇന്ത്യയിലെ ബാങ്കുകള്‍ തുടക്കമിട്ടുണ്ട്. ആഗോള നാണയമായി ഇന്ത്യന്‍ രൂപയെ മാറ്റാനുള്ള റിസര്‍വ് ബാങ്കിന്റെ ശ്രമങ്ങള്‍ സാവധാനത്തില്‍ വിജയിക്കുകയാണെന്ന് ധനകാര്യ മേഖലയിലുള്ളവര്‍ പറയുന്നു.