ഇന്ത്യൻ ഓഹരി വിപണിക്ക് ചൂടു കൂടുന്നുണ്ടോ?

വിപണിയുടെ സമീപ കാല പെരുമാറ്റത്തില്‍ ഈ വളര്‍ച്ച നില നിര്‍ത്താനാവുമോ എന്ന സന്ദേഹമാണ് നിഴലിക്കുന്നത്.
changes in Indian stock market
ഇന്ത്യൻ ഓഹരി വിപണിക്ക് ചൂടു കൂടുന്നുണ്ടോ?
Updated on

നിഖില്‍ രുംഗ്ത

(കോ സിഐഒ, എല്‍ഐസി മ്യൂച്വല്‍ ഫണ്ട്, എഎംസി)

മഹാമാരിക്കാലം മുതല്‍ ഇന്ത്യന്‍ ഓഹരി വിപണി വളര്‍ച്ചയുടെ അസാധാരണ തരംഗത്തിലാണ് സഞ്ചരിക്കുന്നത്. കോവിഡ് കാല താഴ്ചക്കു ശേഷം നിഫ്റ്റി 50 ഉം സെന്‍സെക്സും തുടര്‍ച്ചയായി റിക്കാര്‍ഡുയരത്തിലാണ്. 2024ന്‍റെ അവസാന ഘട്ടത്തിലെത്തുമ്പോള്‍, ഈ ഉയര്‍ച്ച നിക്ഷേപകരില്‍ ശുഭ പ്രതീക്ഷയും ജാഗ്രതയും ഒരു പോലെ സൃഷ്ടിക്കുന്നു. എല്ലാവരുടേയും മനസിലുള്ള ചോദ്യം ഇന്ത്യന്‍ ഓഹരി വിപണിക്കു ചൂടു കൂടുന്നുണ്ടോ എന്നതാണ്.

ശക്തമായ നേട്ടങ്ങള്‍, പക്ഷേ അതിന്‍റെ വിലയെന്ത് ?

2020 മാര്‍ച്ചില്‍ മഹാമാരിയെത്തുടര്‍ന്നുണ്ടായ താഴ്ചയ്ക്കു ശേഷം ,ഇന്ത്യന്‍ ഓഹരികള്‍ കാര്യമായ മുന്നേറ്റം നടത്തി. ശക്തമായ ആഭ്യന്തര ഡിമാന്‍റ്, ചെറുകിട നിക്ഷേപകരുടെ വര്‍ധിച്ച തോതിലുള്ള സാന്നിധ്യം, രാജ്യത്തിന്‍റെ ദീര്‍ഘകാല വളര്‍ച്ചയിലുള്ള വന്‍ പ്രതീക്ഷ എന്നീ ഘടകങ്ങളായിരുന്നു പ്രധാനമായും ഈ കുതിപ്പിനു പിന്നില്‍.

എന്നാല്‍, വിപണിയുടെ സമീപ കാല പെരുമാറ്റത്തില്‍ ഈ വളര്‍ച്ച നില നിര്‍ത്താനാവുമോ എന്ന സന്ദേഹമാണ് നിഴലിക്കുന്നത്. ചില വിദഗ്ധരുടെ കാഴ്ചപ്പാടില്‍ തുടര്‍ച്ചയായ വികസനത്തിലേക്കാണ് വിപണി നീങ്ങുന്നത്. വിശാല സാമ്പത്തിക കാഴ്ചപ്പാടില്‍ ഇന്നത്തെ വാല്യുവേഷന്‍ നില നിര്‍ത്താന്‍ കഴിയില്ലെന്നു മറു വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ധനപരവും സാമ്പത്തികവുമായ ആശങ്കകള്‍

6.5 മുതല്‍ 7 ശതമാനം വരെ ജിഡിപി വളര്‍ച്ചാ പ്രതീക്ഷയുമായി ഇന്ത്യയുടെ അടിസ്ഥാന സാമ്പത്തിക മേഖല വരും വര്‍ഷങ്ങളിലും ശക്തമായി നില കൊള്ളും. എന്നാല്‍, ഹ്രസ്വകാല ഉലച്ചിലുകളുടെ ലക്ഷണം പ്രകടമാണു താനും. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ വേഗക്കുറവും രണ്ടാം പാദത്തില്‍ ഉഷ്ണ തരംഗവും കാലാവസ്ഥാ വ്യതിയാനങ്ങളും കാരണം പ്രതീക്ഷിച്ച സാമ്പത്തിക വളര്‍ച്ച ഇല്ലാതായതും ഈയിടെ വിപണിയുടെ പ്രതീക്ഷകള്‍ തണുപ്പിച്ചിരുന്നു.

ആഗോള ആശങ്കകള്‍

സെന്‍സെക്സും നിഫ്റ്റിയും 5 ശതമാനത്തിലേറെ ഇടിയാന്‍ കാരണമായ തിരുത്തല്‍ ഒക്റ്റോബറിന്‍റെ ആദ്യ പകുതിയില്‍ വിപണിയിലേക്ക് അല്‍പം യാഥാർഥ്യ ബോധം തിരിച്ചു കൊണ്ടു വരികയുണ്ടായി. ഈ വീഴ്ചയിലേക്കു നയിച്ച കാരണങ്ങള്‍ പലതാണ്.

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം, കാനഡയുമായി ഇന്ത്യയ്ക്ക് ഈയിടെ ഉണ്ടായ അഭിപ്രയായ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം നാം നേരിട്ട ആഗോള പ്രശ്നങ്ങളായിരുന്നു.

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡ് ഉള്‍പ്പടെ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ തുടങ്ങിയതോടെ വിദേശ സ്ഥാപന നിക്ഷേപങ്ങള്‍ , ചൈന പോലുള്ള വില കുറഞ്ഞ വിപണികളിലേക്കു മാറാന്‍ തുടങ്ങിയത് ഇന്ത്യന്‍ ഓഹരികളില്‍ നിന്നു പുറത്തേക്കുള്ള ഒഴുക്കു സൃഷ്ടിച്ചു.

നിയമപരമായ മാറ്റങ്ങള്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു

2024 ഒക്റ്റോബറില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന സുപ്രധാന നിയമ മാറ്റങ്ങള്‍ വിപണിയില്‍ പ്രതികരണം സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ്. കടപ്പത്രങ്ങളുടെ കൈമാറ്റ നികുതിയില്‍ ഏര്‍പ്പെടുത്തിയ വര്‍ധന ഊഹക്കച്ചവടം കുറയ്ക്കാനുതകുമെന്നു കരുതുന്നു. ഇപ്പോള്‍ ഓഹരി ഉടമകള്‍ക്കുള്ള ലാഭ വിഹിതമായി കണക്കാക്കുന്ന, തിരിച്ചു വാങ്ങുന്ന ഓഹരികള്‍ക്ക് ഏര്‍പ്പെടത്തിയ നികുതി , അധികമായി വരുന്ന പണം നിക്ഷേപകര്‍ക്കു നല്‍കുന്നതില്‍ നിന്ന് കമ്പനികളെ അകറ്റും.

ഡെറിവേറ്റീവ്സ് വിപണിയിലെ റെഗുലേറ്റര്‍മാര്‍ ഈയിടെ നടത്തിയ പ്രഖ്യാപനം ഊഹക്കച്ചവടത്തിന് മറ്റൊരു തിരിച്ചടിയായി. വിപണിയിലെ പണമൊഴുക്ക് തടയാനും ഉത്സാഹം തണുപ്പിക്കാനും ഇതിടയാക്കും, പ്രത്യേകിച്ച് കൂടിയ വളര്‍ച്ചാ നിരക്കുള്ള ഡെറിവേറ്റീവ്സ് വിപണിയില്‍.

വാല്യുവേഷന്‍ റിസ്കുകള്‍

കൂടിപ്പോയെന്ന് ചില വിദഗ്ധര്‍ കരുതുന്ന, ഇന്ത്യന്‍ ഓഹരികളുടെ വാല്യുവേഷനാണ് ആശങ്കയുണര്‍ത്തുന്ന മറ്റൊരു സംഗതി. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യത പരിഗണിക്കുമ്പോള്‍ കൂടിയ വാല്യുവേഷന്‍ നീതീകരിക്കപ്പെടാറുണ്ട്. ഓഹരി വിലകളും കോര്‍പറേറ്റ് ലാഭവും തമ്മിലുള്ള അന്തരം അവഗണിക്കാന്‍ കഴിയാതായിരിക്കുന്നു. ഇന്ത്യയുടെ കാര്യം പ്രത്യകം പരിഗണിക്കുമ്പോള്‍ വാല്യുവേഷന്‍ കൂടുതലാണെന്നു പറയാന്‍ കഴിയില്ല. എന്നാല്‍, ഇതര വികസ്വര സമ്പദ് വ്യവസ്ഥകളെ മറികടക്കുന്ന പ്രകടനം നടത്തിയ ഇന്ത്യയില്‍ ആപേക്ഷികമായി വാല്യുവേഷന്‍ കൂടുതലാണെന്നു പറയേണ്ടി വരും.

ദീര്‍ഘകാല കാഴ്ചപ്പാട് പ്രതീക്ഷാ നിര്‍ഭരം

ഈ വെല്ലുവിളികള്‍ക്കിടയിലും, ഇന്ത്യയുടെ ദീര്‍ഘകാല സാധ്യതകള്‍ ബുള്‍ കുതിപ്പിന്‍റേതു തന്നെയാണ്. രാജ്യത്തിന്‍റെ ജനസംഖ്യ, ശക്തമായ അടിസ്ഥാന സൗകര്യ വികസനം, നിര്‍മ്മാണ രംഗത്ത് അനുഭവപ്പെടുന്ന വളര്‍ച്ച, കയറ്റുമതി തുടങ്ങിയ ഘടകങ്ങള്‍ വരാനിരിക്കുന്ന എത്രയോ വര്‍ഷങ്ങളുടെ സാമ്പത്തിക വളര്‍ച്ച ഉറപ്പു നല്‍കുന്നു. ഘടനാപരമായ ഈ ഭദ്രത, വിപണിയില്‍ ഹ്രസ്വകാല തിരുത്തല്‍ ഉണ്ടായാലും നിക്ഷേപകരുടെ ദീര്‍ഘകാല സാധ്യതകള്‍ നില നില്‍ക്കുമെന്ന് ഉറപ്പു നല്‍കുന്നുണ്ട്.

അങ്ങനെ വരുമ്പോള്‍, ഇന്ത്യന്‍ ഓഹരി വിപണിക്കു ചൂടു കൂടുന്നുണ്ടെന്നു പറയാന്‍ കഴിയുമോ ? ഉത്തരം ഓരോരുത്തരുടെയും കാഴ്ചപ്പാടിനനുസരിച്ചാണ്. വിപണിയില്‍ ഈ അടുത്ത കാലത്തുണ്ടായ നേട്ടങ്ങള്‍ ആകര്‍ഷകമെങ്കിലും, സമീപ കാലത്തു തന്നെ തിരുത്തലിനുള്ള സാധ്യത നില നില്‍ക്കുന്നുണ്ട്. നിയമത്തിലെ മാറ്റങ്ങള്‍, വാല്യുവേഷന്‍ സംബന്ധിച്ച ആശങ്കകള്‍, വിലക്കയറ്റം, ആഗോള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ വിപണിയെ സ്വാധീനിച്ചേക്കാം. എന്തൊക്കെയായാലും, ദീര്‍ഘ കാല നിക്ഷേപകരെ സംബന്ധിച്ചേടത്തോളം ഇന്ത്യയുടെ അടിസ്ഥാനപരമായ സാമ്പത്തിക ഭദ്രത നിക്ഷേപം നില നിര്‍ത്താന്‍ തുടര്‍ന്നും അവരെ പ്രേരിപ്പിക്കും.

അടുത്ത ഘട്ടത്തില്‍ വിപണി കൂടുതല്‍ ചൂടു പിടിക്കുകയാണെങ്കിലും തണുക്കുകയാണെങ്കിലും നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തണം. പോര്‍ട്ട്ഫോളിയോകള്‍ വൈവിധ്യവല്‍ക്കരിക്കുകയും ശക്തമായ അടിത്തറയും ഗുണ നിലവാരവുമുള്ള ഓഹരികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താല്‍ ഹ്രസ്വകാല അസ്ഥിരതകളെ അതിജീവിക്കാം.

Trending

No stories found.

Latest News

No stories found.