കൊച്ചി വിമാനത്താവളത്തിൽ 7 വൻ പദ്ധതികൾക്ക് ഒറ്റ ദിവസം തുടക്കം കുറിക്കുന്നു

യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച എന്നീ ഘടകങ്ങൾ മുൻനിർത്തിയാണ് പദ്ധതികൾ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
Updated on

കൊച്ചി: വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച എന്നീ ഘടകങ്ങൾ മുൻനിർത്തി അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 7 പദ്ധതികൾക്കാണ് ഒറ്റ ദിനത്തിൽ സിയാൽ തുടക്കം കുറിക്കുന്നത്.

ഒക്റ്റോബർ 2 ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കാർഗോയിലും യാത്രക്കാരുടെ എണ്ണത്തിലും ഉണ്ടാകുന്ന വളർച്ച ഉൾകൊള്ളത്തക്ക വിധം വിഭാവനം ചെയ്തിട്ടുള്ള 7 പദ്ധതികളാണ് സജ്ജമാക്കിയിട്ടുള്ളത്. കാർഗോ ടെർമിനൽ, ഡിജി യാത്ര, എയർപോർട്ട് എമർജൻസി സർവീസ് ആധുനികവത്ക്കരണം എന്നിവയുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.

രാജ്യാന്തര ടെർമിനൽ ഒന്നാം ഘട്ട വികസനം, എയ്‌റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്‌ട്രോണിക് സുരക്ഷാ വലയം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളുടെ തറക്കല്ലിടലിനും ചടങ്ങ് സാക്ഷ്യം വഹിക്കും.

നിലവിലെ രാജ്യാന്തര ടെർമിനലിലെ വടക്കുഭാഗത്തു കൂടി 15 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ പുതിയ ഏപ്രൺ, 8 പുതിയ എയ്‌റോബ്രിഡ്ജുകൾ ഉൾപ്പെടെ 5 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അന്താരാഷ്‌ട്ര ടെർമിനൽ വികസനം എന്നിവയും നടപ്പാക്കും. ഇതോടെ വിമാന പാർക്കിങ് ബേകളുടെ എണ്ണം 44 ആയി ഉയരും. ഭാവിയിലെ ട്രാഫിക് വളർച്ച പരിഗണിച്ചുള്ള ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തറക്കല്ലിടലും അന്നു നടക്കും.

ഇംപോർട്ട് കാർഗോ ടെർമിനൽ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ സിയാലിലെ പ്രതിവർഷ കാർഗോ കൈകാര്യം ചെയ്യൽ ശേഷി 2 ലക്ഷം മെട്രിക് ടണ്ണായി വർധിക്കും. നിലവിലെ കാർഗോ സ്ഥലം മുഴുവനും കയറ്റുമതി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുമാകും. യാത്രക്കാർക്ക് ഹ്രസ്വ വിശ്രമത്തിന് രണ്ടാം ടെർമിനലിന് സമീപം പണികഴിപ്പിക്കുന്ന എയ്‌റോ ലോഞ്ച് തറക്കല്ലിടലാണ് മറ്റൊരു പ്രധാന പദ്ധതി. 42 ആഡംബര ഗസ്റ്റ് റൂമുകൾ, ഹോട്ടൽ, മിനി കോൺഫറൻസ് ഹാൾ, ബോർഡ് റൂം, ജിം, സ്പാ എന്നിവയടക്കം അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഇത് നിർമിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള ലോഞ്ചായി ഇത് മാറും.

ടെർമിനലുകളിലെ പുറപ്പെടൽ പ്രക്രിയ, ഡിജിറ്റൽ സാങ്കേതിക വിദ്യാ സഹായത്തോടെ കൂടുതൽ കാര്യക്ഷമവും സുഗമവുമാക്കുന്ന സംവിധാനമാണ് ഡിജി യാത്ര. ഈ സോഫ്റ്റ്‌വെയർ രൂപകൽപന ചെയ്തത് സിയാലിലെ തന്നെ ഐടി വിഭാഗമാണ്. ഇതോടെ, ആഭ്യന്തര ടെർമിനലിൽ 22 ഗേറ്റുകളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സുഗമമാകും. ബെൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്ത ഇ-ഗേറ്റുകൾ ആണ് ഉപയോഗിക്കുക.

Trending

No stories found.

Latest News

No stories found.