ബിസിനസ് ലേഖകൻ
കൊച്ചി: നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ ലാഭത്തില്‍ വന്‍ കുതിപ്പ് ദൃശ്യമാകുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളെല്ലാം ചരിത്രത്തിലേക്കും ഏറ്റവും മികച്ച പ്രവര്‍ത്തന ഫലമാണ് പുറത്തുവിടുന്നത്.
മുഖ്യനിരക്കുകളിലുണ്ടായ വന്‍ വർധന കാരണം ബാങ്കുകളുടെ ബിസിനസിലും ലാഭത്തിലും അഭൂതപൂര്‍വമായ വളര്‍ച്ചയാണുണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കിട്ടാക്കടങ്ങള്‍ കുറയുന്നതും പലിശ മാര്‍ജിനിലെ വർധനയും പലിശ ഇതര വരുമാനത്തിലെ കുതിപ്പിന്റെയും കരുത്തില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ മൊത്തം ലാഭം ഒരു ലക്ഷം കോടി രൂപ കവിയുമെന്നാണ് വിലയിരുത്തുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 40,000 കോടി രൂപ കവിയുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് ബാങ്ക് എന്നിവയുടെയെല്ലാം സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ബിസിനസിലും അറ്റാദായത്തിലും മികച്ച വർധനയാണ് ദൃശ്യമായത്. അറ്റ പലിശ മാര്‍ജിന്‍ ഗണ്യമായി മെച്ചപ്പെട്ടതാണ് ബാങ്കുകള്‍ക്ക് ലോട്ടറിയായതെന്ന് അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് രോഗവ്യാപനത്തിനു മുമ്പ് ബിസിനസിലും ലാഭത്തിലും തുടര്‍ച്ചയായി തിരിച്ചടി നേരിട്ടിരുന്ന സ്വകാര്യ, പൊതു മേഖലാ ബാങ്കുകള്‍ പലതും രണ്ട് വര്‍ഷത്തിനുള്ളില്‍ മികച്ച പ്രകടനത്തിലേക്ക് മടങ്ങിയെത്തുകയാണ്. രാജ്യാന്തര മേഖലയിലെ രാഷ്ട്രീയ അസന്തുലിതാവസ്ഥയും വിവിധ കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കെജുകളുടെയും ബലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് മടങ്ങിയെത്തിയതാണ് ബാങ്കുകളുടെ ബിസിനസിലും ലാഭത്തിലും ഉണര്‍വ് സൃഷ്ടിച്ചത്.
കഴിഞ്ഞവര്‍ഷം മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പം അപകടകരമായി ഉയര്‍ന്നതോടെ റിസര്‍വ് ബാങ്ക് പല തവണയായി മുഖ്യ പലിശ നിരക്ക് 2.25 ശതമാനം വർധിപ്പിച്ചതോടെ സാമ്പത്തിക സ്ഥിരതയുള്ള വലിയ ബാങ്കുകളുടെ ലാഭക്ഷമത മെച്ചപ്പെടുകയാണ്. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെയെല്ലാം പലിശ നിരക്കില്‍ 2.5 ശതമാനം മുതല്‍ 3.5 ശതമാനം വരെ വർധനയാണ് ബാങ്കുകള്‍ വരുത്തിയത്. അതേസമയം നിക്ഷേപങ്ങളുടെ പലിശ താരതമ്യേന കാര്യമായി കൂടിയിട്ടുമില്ല. അതിനാല്‍ പണക്കരുത്തുള്ള വലിയ ബാങ്കുകള്‍ക്കെല്ലാം പുതിയ സാഹചര്യം വന്‍ നേട്ടമുണ്ടാക്കാനുള്ള അവസരമായി മാറി.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദായം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ 21 ശതമാനം ഉയര്‍ന്ന് 12,594 കോടി രൂപയിലെത്തി. മറ്റൊരു മുന്‍നിര സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തില്‍ 30 ശതമാനം ഉയര്‍ന്ന് 9122 കോടി രൂപയിലെത്തി. ബാങ്കിന്റെ അറ്റ പലിശ വരുമാനം ഇക്കാലത്ത് 35 ശതമാനമാണ് കൂടിയത്. പലിശ വരുമാനത്തിലെ മാര്‍ജിന്‍ 4.5 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. അതേസമയം ബാങ്കിന്റെ മൊത്തം കിട്ടാക്കടം കുറയുകയാണ്.