ലാഭം കൊയ്ത് വാണിജ്യ ബാങ്കുകൾ

റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വർധിപ്പിച്ചതോടെ ബാങ്കുകളുടെ ലാഭ മാര്‍ജിന്‍ മെച്ചപ്പെടുകയാണ്
ലാഭം കൊയ്ത് വാണിജ്യ ബാങ്കുകൾ
Representative image of a bank.
Updated on

#ബിസിനസ് ലേഖകൻ

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിലും ഇന്ത്യയിലെ വാണിജ്യ ബാങ്കുകളുടെ ലാഭം കുതിച്ചുയരുന്നു. ഇതുവരെ പുറത്തുവന്ന പ്രവര്‍ത്തന ഫലങ്ങളനുസരിച്ച് പൊതുമേഖല, സ്വകാര്യ ബാങ്കുകളെല്ലാം ലാഭക്കൊയ്ത്ത് തുടരുകയാണ്. നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വർധിപ്പിച്ചതും സാമ്പത്തിക മേഖലയിലെ ഉണര്‍വും കിട്ടാക്കടങ്ങള്‍ കുത്തനെ കുറഞ്ഞതും ലാഭം കൂടാന്‍ ബാങ്കുകളെ സഹായിച്ചു.

രാജ്യത്തെ മുന്‍നിര ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, യെസ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ഫെഡറല്‍ ബാങ്ക് തുടങ്ങിയവയെല്ലാം ഇക്കാലയളവില്‍ അറ്റാദായത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വർധിപ്പിച്ചതോടെ ബാങ്കുകളുടെ ലാഭ മാര്‍ജിന്‍ മെച്ചപ്പെടുകയാണ്. ഇതോടൊപ്പം വായ്പാ വിതരണത്തിലും നിക്ഷേപ സമാഹരണത്തിലും മികച്ച വളര്‍ച്ച നേടാനും ബാങ്കുകള്‍ക്ക് കഴിഞ്ഞു. ഇക്കാലയളവില്‍ കിട്ടാക്കടങ്ങള്‍ ഗണ്യമായി കുറഞ്ഞതും ബാങ്കുകള്‍ക്ക് നേട്ടമായി.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം ജൂണില്‍ അവസാനിച്ച ത്രൈമാസക്കാലയളവില്‍ 35 ശതമാനം ഉയര്‍ന്ന് 16,175 കോടി രൂപയായി. പലിശ വരുമാനത്തിലെ വർധനയും കിട്ടാക്കടങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന തുകയിലുണ്ടായ കുറവുമാണ് ബാങ്കിന്‍റെ ലാഭക്ഷമത ഉയര്‍ത്തിയത്. അതേസമയം ജനുവരി, മാര്‍ച്ച് പാദത്തിനേക്കാള്‍ അറ്റാദായത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വായ്പകളില്‍ 52.6 ശതമാനവും നിക്ഷേപ സമാഹരണത്തില്‍ 24.4 ശതമാനവും വളര്‍ച്ച നേടി.

പ്രമുഖ സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ അറ്റാദായം കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ 79 ശതമാനം ഉയര്‍ന്ന് 7,448 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇക്കാലയളവില്‍ ബാങ്കിന്‍റെ അറ്റാദായം 4,150 കോടി രൂപയായിരുന്നു. കൊട്ടക് ഇന്‍ഷ്വറന്‍സിന്‍റെ 70 ശതമാനം ഓഹരികള്‍ സൂറിച്ചിന് വിൽപ്പന നടത്തിയ ഇനത്തില്‍ ലഭിച്ച തുകയും അറ്റാദായം കൂടാന്‍ സഹായിച്ചു. പലിശ വരുമാനത്തില്‍ പത്ത് ശതമാനവും പലിശ ഇതര വരുമാനം 23 ശതമാനവും ഉയര്‍ന്നു.

ജൂണ്‍ പാദത്തില്‍ പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്‍റെ അറ്റാദായം 47 ശതമാനം ഉയര്‍ന്ന് 502 കോടി രൂപയായി. പലിശ വരുമാനത്തിലുണ്ടായ മികച്ച വർധനയും കിട്ടാക്കടങ്ങള്‍ കുറഞ്ഞതുമാണ് ലാഭക്ഷമത ഉയര്‍ത്തിയത്. അതേസമയം കിട്ടാക്കടങ്ങളുടെ പേരില്‍ മാറ്റിവയ്ക്കുന്ന തുകയില്‍ കുറവുണ്ടായതും ലാഭം കൂടാന്‍ സഹായിച്ചു.

Trending

No stories found.

Latest News

No stories found.