ബിസിനസ് ലേഖകൻ
കൊച്ചി: സ്മാര്‍ട്ട് ഫോണുകളുടെ വ്യാപനവും ഉപയോക്താക്കളുടെ പര്‍ച്ചേസിങ് പവറിലുള്ള വർധനയുടെയും കരുത്തില്‍ രാജ്യത്തെ വ്യാപാര മേഖലയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം കുതിച്ചുയരുന്നു. ഓണ്‍ലൈന്‍, ഓഫ്ലൈന് വ്യാപാരങ്ങളില്‍ ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 50 ശതമാനത്തിലേക്ക് അടുക്കുകയാണെന്ന് ഈ രംഗത്തെ ഗവേഷണ ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
നാട്ടിൻപ്പുറം മുതല്‍ വന്‍കിട മെട്രൊ നഗരങ്ങളില്‍ വരെ ഡിജിറ്റല്‍ പര്‍ച്ചേസ് മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വരെ കൂടുതല്‍ പ്രചാരം നേടുകയാണ്. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് രാജ്യത്തെ ആക്റ്റീവ് ഡിജിറ്റല്‍ പേയ്മെന്റ് ഉപയോക്താക്കളുടെ എണ്ണം 35 കോടി കവിഞ്ഞു. വിവിധ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 50 ലക്ഷത്തിലധികമാണെന്നും ഇവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സ്വകാര്യ ഉപയോഗത്തില്‍ ഗണ്യമായ വർധനയുണ്ടാകാന്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപണി ഏറെ സഹായിക്കുന്നുണ്ട്. നടപ്പുവര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസക്കാലയളവില്‍ സ്വകാര്യ ഉപയോഗം 2.4 ലക്ഷം കോടി ഡോളര്‍ കവിയുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
ധനകാര്യ, ട്രാവല്‍, ഇൻഷ്വറന്‍സ്, എന്റര്ടെയ്ന്മെന്റ് വിപണികളിലാണ് ഡിജിറ്റല്‍ സാധ്യതകള്‍ വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നത്. പുതിയ ഉപയോക്താക്കളെ കണ്ടെത്തുന്നതു മുതല്‍ സേവനങ്ങളുടെ പ്രോസസിങ്ങിനും പേയ്മെന്റിനുമെല്ലാം ഡിജിറ്റല്‍ സാധ്യതകളാണ് ഈ മേഖലകളില്‍ ഉപയോഗിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യ, വസ്ത്ര വിപണികളെല്ലാം അതിവേഗം ഡിജിറ്റലായി മാറുകയാണെന്നും വിലയിരുത്തുന്നു.
രാജ്യത്തെ ഡിജിറ്റല്‍ പെയ്മെന്റ് വിപണി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വർധിച്ച് പത്ത് ലക്ഷം കോടി ഡോളറിലെത്തുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി ഗ്രൂപ്പായ ബോണ്സണിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം കോടി ഡോളറിന്റെ ഡിജിറ്റല്‍ പേയ്മെന്റുകളാണ് നടക്കുന്നത്. ഉപയോക്താക്കള്‍ അതിവേഗം ഡിജിറ്റല്‍ പേയ്മെന്റുകളിലേക്ക് മാറിയതോടെ ക്യാഷ് ഇടപാടുകള്‍ കുത്തനെ കുറയുകയാണെന്നും വ്യാപാരികള്‍ പറയുന്നു.
പേയ്മെന്റ് ആപ്ലിക്കേഷനുകളായ ഗൂഗ്ള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയുടെ വിപണി വിഹിതം ഓരോ വര്‍ഷവും പത്ത് ശതമാനത്തിലധികമാണ് ഉയരുന്നത്. ആധാറിനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ പൂര്‍ണമാകുന്നതോടെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണം പ്രതീക്ഷിക്കുന്നതിലും ഏറെ വളര്‍ച്ച നേടുമെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.