ബിസിനസ് ലേഖകൻ
കൊച്ചി: ലോക ഇലക്ട്രിക് വാഹന വിപണിയുടെ നിർമാണ ഹബായി ഇന്ത്യ അതിവേഗം കുതിച്ചുയരുന്നു. ആഗോള, ആഭ്യന്തര കമ്പനികൾ വൈദ്യുത വാഹന നിർമാണ മേഖലയിൽ വൻ നിക്ഷേപത്തിനാണ് തയാറെടുക്കുന്നത്. അടുത്ത ആറ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയുടെ മുപ്പത് ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന വലിയ പദ്ധതിക്കാണ് കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ളത്.
ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല, വിൻഫാസ്റ്റ്, ഫോക്സ്കോൺ തുടങ്ങിയവയെല്ലാം ഇന്ത്യയിൽ പുതിയ നിർമാണ പ്ളാന്റുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. ഇതോടൊപ്പം നിലവിലുള്ള വൻകിട വാഹന നിർമാതാക്കളായ മാരുതി സുസുക്കി, ഹോണ്ട ഇന്ത്യ, ഹ്യുണ്ടായ്, ടൊയോട്ട തുടങ്ങിയവർക്കും വൈദ്യുത വാഹന നിർമാണ മേഖലയിൽ വിപുലമായ പദ്ധതികൾ നടപ്പാക്കാൻ തയാറെടുക്കുകയാണ്.
അമെരിക്കയിലെ പ്രമുഖ ഇ.വി കമ്പനിയായ ടെസ്ലയുടെ പുതിയ വൈദ്യുത വാഹന പ്ളാന്റ് രണ്ട് വർഷത്തിനുള്ളിൽ ഗുജറാത്തിൽ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഷ്യയിലെ മറ്റ് വിപണികളിലേക്ക് കയറ്റി അയക്കുന്ന വാഹനങ്ങൾ ഇവിടെ നിർമ്മിക്കാനാണ് ടെസ്ല ആലോചിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് നിക്ഷേപ സമ്മേളനത്തിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ടെസ്ല മുന്നോട്ടുവച്ച നിബന്ധനകൾ സർക്കാർ അംഗീകരിക്കാത്തതിനാൽ തീരുമാനം നീളുകയാണ്.
അമെരിക്കൻ വിപണിയിലെ ടെസ്ലയുടെ പ്രധാന എതിരാളിയായ വിൻഫാസ്റ്റ് ഈ വർഷം ഇന്ത്യയിൽ പുതിയ നിർമാണ പ്ളാന്റ് ആരംഭിക്കാനുള്ള ശ്രമത്തിലാണ്. ചെന്നൈയ്ക്കടുത്ത് ഇ. വി നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി വിൻഫാസ്റ്റ് തമിഴ്നാട് സർക്കാരുമായി ചർച്ചകൾ ആരംഭിച്ചു. അൻപത് കോടി ഡോളറിന്റെ നിക്ഷേപമാണ് ആദ്യ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോക വൈദ്യുത വാഹന വിപണിയുടെ നിർമാണ ഹബായി ഇന്ത്യ മാറുമെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് ഗ്രൂപ്പായ ജെ.എസ്.ഡബ്ള്യു ഗ്രൂപ്പ് ഒഡീഷയിൽ 40,000 കോടി രൂപയുടെ നിക്ഷേപത്തിൽ പുതിയ ഇലക്ട്രിക് വാഹന പ്ളാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്