കൊച്ചി: നടപ്പു വര്‍ഷം മികച്ച മുന്നേറ്റത്തിന് ഒരുങ്ങുന്ന രാജ്യത്തെ വൈദ്യുത വാഹന നിർമാണ രംഗത്തേക്ക് വന്‍ തോതില്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റില്‍ പുതിയ പാക്കെജ് പ്രഖ്യാപിച്ചേക്കും. ഈ മേഖലയില്‍ നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കി ആഗോള കമ്പനികള്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാനാണ് ശ്രമം. ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഗണ്യമായി കുതിച്ചുയരുന്നതിനാല്‍ ഈ വര്‍ഷം രാജ്യത്തെ പ്രമുഖ കാര്‍ കമ്പനികളെല്ലാം പുതിയ ബ്രാന്‍ഡുകള്‍ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ വൈദ്യുത വാഹന വിപണിയില്‍ അഞ്ച് ലക്ഷം കോടി രൂപയുടെ പുതിയ ബിസിനസ് അവസരങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. വൈദ്യുത വാഹനങ്ങളുടെ ഡീലര്‍ഷിപ്പ് മുതല്‍ ഘടകഭാഗ നിർമാണവും ബാറ്ററി ചാര്‍ജിങ് സംവിധാനങ്ങളും ഉള്‍പ്പെടെ നിരവധി പുതിയ ബിസിനസുകളില്‍ മുതല്‍ മുടക്കാനാണ് നിക്ഷേപകര്‍ക്ക് അവസരമൊരുങ്ങുന്നത്. വാഹന നിർമാണത്തിലും വിവിധ ഘടക ഭാഗങ്ങളുടെ നിർമാതാക്കള്‍ക്കും മാത്രം ഒന്നര ലക്ഷം കോടി രൂപയുടെ വ്യാപാരം നടത്താന്‍ കഴിയുന്ന വിധത്തിലാണ് വൈദ്യുത വാഹന വിപണിയിലെ വളര്‍ച്ചയെന്ന് പ്രമുഖ റേറ്റിങ് ഏജന്‍സിയായ ക്രിസിലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒറിജിനല്‍ ഘടക ഭാഗങ്ങളുടെ നിർമാണ മേഖലയിലും വലിയ തോതില്‍ നിക്ഷേപം നടക്കുകയാണ്. ആഗോള മേഖലയിലെ വമ്പന്‍ കമ്പനികള്‍ കൂടി ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ നിർമാണത്തിനായി ഫാക്റ്ററികള്‍ തുടങ്ങുന്നതോടെ ഒറിജനല്‍ ഘടക ഭാഗങ്ങളുടെ ആവശ്യകത ഗണ്യമായി കൂടുമെന്നും വിലയിരുത്തുന്നു. വാഹന വായ്പാ വിതരണ മേഖലയില്‍ ബാങ്കുകള്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ വരെ ബിസിനസ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ രംഗത്ത് നിന്ന് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടൊപ്പം വാഹന ഇന്‍ഷ്വറന്‍സ്, ടെലികോം സേവനങ്ങള്‍ എന്നീ മേഖലകളില്‍ 10,000 കോടി രൂപയുടെ പുതിയ ബിസിനസ് അവസരമൊരുങ്ങും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റ മൊത്തം മുച്ചക്ര വാഹനങ്ങളില്‍ അഞ്ച് ശതമാനം വൈദ്യുതി വാഹനങ്ങളാണ്. ഇരുചക്ര വാഹന വിപണിയുടെ മൂന്ന് ശതമാനവും കാര്‍ വിപണിയുടെ രണ്ട് ശതമാനവും നേടാനായി.
ഫോസില്‍ ഇന്ധനത്തിന്റെ കനത്ത വിലക്കയറ്റവും പുതിയ സാങ്കേതിക വിദ്യയുടെ വരവും വൈദ്യുത വാഹനങ്ങളോട് ഉപയോക്താക്കള്‍ക്ക് താത്പര്യം വർധിപ്പിക്കുകയാണ്. ഇതോടൊപ്പം വൈദ്യുതി, ഹൈഡ്രജന്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉത്തേജക പാക്കെജുകളും ഈ രംഗത്ത് വന്‍ വളര്‍ച്ചയ്ക്ക് അരങ്ങൊരുക്കുന്നു. ദേശീയ തലത്തില്‍ ഇലക്ട്രിക് ചാര്‍ജിങ് ശൃംഖലകള്‍ ആരംഭിക്കാന്‍ പൊതുമേഖലാ എണ്ണ കമ്പനികളും മറ്റ് വന്‍കിട കോര്‍പ്പറേറ്റുകളും ചെറുകിട സംരംഭകരുടെ പങ്കാളിത്തം നേടുന്നതും വലിയ ബിസിനസ് സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.