കൊച്ചി: ഗൂഗ്ളിന്റെ ജനപ്രിയ ഇമെയില്‍ സര്‍വീസ് ആയ ജിമെയിലിനോട് മത്സരിക്കാന്‍ ഒരുങ്ങുകയാണ് എലോണ്‍ മസ്ക്. മുന്‍ ട്വിറ്ററായിരുന്ന ഇപ്പോഴത്തെ എക്സ് എന്ന തന്റെ മൈക്രോബ്ലോഗിങ് സൈറ്റിന്റെ പേരില്‍ എക്സ് മെയില്‍ എന്ന സ്വന്തം ഇമെയില്‍ സേവനം ആരംഭിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. എക്സ് പ്ലാറ്റ്ഫോമിലെ ഒരു ചര്‍ച്ചയിലാണ് മസ്ക് എക്സ് മെയില്‍ വരുന്നു എന്ന് വെളിപ്പെടുത്തിയത്.
എക്സ് പ്ലാറ്റ്ഫോമില്‍ നടന്ന ഒരു സംഭാഷണത്തിനിടെയാണ് മസ്ക് എക്സ് മെയില്‍ വരുന്നു എന്ന് പ്രഖ്യാപിച്ചത്. എക്സിലെ എൻജിനീയറായ നേറ്റ് "എപ്പോഴാണ് ഞങ്ങള്‍ എക്സ് മെയില്‍ ഉണ്ടാക്കുന്നത്?' എന്ന് ചോദിച്ചപ്പോള്‍, മസ്ക് തന്റെ സ്വഭാവിക ശൈലിയില്‍ "ഇത് വരുന്നു' എന്നാണ് മറുപടി നല്‍കിയത്. എക്സ് ഇമെയില്‍ എപ്പോള്‍ പുറത്തിറങ്ങുമെന്നോ അതിന്റെ പ്രത്യേകതകള്‍ എന്താണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ, ഇത് എക്സ് ആപ്പില്‍ സംയോജിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ജിമെയിലിനെ വെല്ലുവിളിക്കുക എന്നത് വളരെ വലിയ ഒരു കടമ്പയാണ്. 2024ലെ കണക്കനുസരിച്ച് 1.8 ബില്യണ്‍ ഉപയോക്താക്കളാണ് ജിമെയിലിനുള്ളത്. എന്നിരുന്നാലും, മസ്കിന്റെ ഈ പുതിയ സംരംഭത്തെ ഉപയോക്താക്കള്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. എക്സ് മെയില്‍ എന്ന ഹാഷ്ടാഗ് 15,000ത്തിലധികം പോസ്റ്റുകളുമായി എക്സ്-ല്‍ ട്രെന്‍ഡായി തീര്‍ന്നു. വിവിധ മീമുകള്‍ പങ്കുവെച്ചും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചും ഉപയോക്താക്കള്‍ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടുണ്ട്.
2023ല്‍ എലോണ്‍ മസ്ക് സ്ഥാപിച്ച എക്സ് എ ഐ കമ്പനിയാണ് ചാറ്റ് ജിപിടിയുടെ സ്വന്തം പതിപ്പായ ഗ്രോക്ക് അവതരിപ്പിച്ചത്. അതേ കമ്പനി തന്നെ പുതിയ എക്സ് മെയില്‍ നിർമിക്കാന്‍ സാധ്യതയുണ്ട്. എന്തായാലും ഗൂഗ്ളിനോട് മത്സരിക്കാന്‍ തന്നെ ആണ് എക്സ് മെയില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.