കേരളത്തിനും കയറ്റുമതി നയം; ലക്ഷ്യമിടുന്നത് ആഗോള വിപണി

നീതി ആയോഗിന്‍റെ 2021‌ലെ കയറ്റുമതി സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 16ാം സ്ഥാനത്താണ് കേരളം.
Export policy for Kerala business news
Export policy for Kerala business news
Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി നേടാനും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (ഇപിപി) നടപ്പാക്കും. കയറ്റുമതി ശേഷി, വിപണി വൈവിധ്യവത്കരണം, സാമ്പത്തിക പ്രോത്സാഹനങ്ങള്‍ എന്നിവ വര്‍ധിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അനുകൂലമായ വ്യാവസായികാന്തരീക്ഷം സൃഷ്ടിക്കാനാണ് കരട് നയം ലക്ഷ്യമിടുന്നത്.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) വഴിയാണ് ഇപിപി നടപ്പാക്കുന്നത്. നയവുമായി ബന്ധപ്പെട്ട് വ്യവസായ പങ്കാളികള്‍ക്കും ജനങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാനുള്ള അവസരം നവംബര്‍ 1ന് അവസാനിക്കും. നിർദേശങ്ങള്‍ ലഭിച്ച ശേഷം കരട് നയം അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കും. ജനുവരിയോടെ നയം വിജ്ഞാപനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തേയില, ആയുര്‍വേദം, ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങള്‍, ടൂറിസം, ഐടി സേവനങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളിലൂടെ കേരളത്തിന്‍റെ കയറ്റുമതി സാധ്യത ഇതിനോടകം വെളിപ്പെട്ടതാണ്. ഇതിനു പുറമേ മറ്റ് മേഖലകളിലെ കൂടുതല്‍ ചരക്ക്, സേവന, മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതി സാധ്യത കൂടി പ്രയോജനപ്പെടുത്താനാണ് നയം ലക്ഷ്യമിടുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍, ഹോര്‍ട്ടികള്‍ച്ചര്‍, കാര്‍ഷിക ഉത്പന്നങ്ങള്‍, സീ ഫുഡ്, സംസ്കരിച്ച ഭക്ഷ്യസാധനങ്ങള്‍, എന്‍ജിനീയറിങ് സാധനങ്ങള്‍, പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍, ജൈവ കീടനാശിനി, അജൈവ രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍, പ്രതിരോധ-ബഹിരാകാശ-ഇലക്‌ട്രോണിക്സ് അനുബന്ധ ഉത്പന്നങ്ങള്‍, ആയുര്‍വേദം, ഫാര്‍മസ്യൂട്ടിക്കല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.

കയറ്റുമതിക്കാര്‍ക്ക് സാമ്പത്തിക പ്രോത്സാഹനങ്ങളും പിന്തുണയും നല്‍കുന്നതിന് സമഗ്രമായ ചട്ടക്കൂട് നിർദേശിക്കുന്നതിനൊപ്പം മൂല്യശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് ഫണ്ടിങ്, പെര്‍ഫോമന്‍സ് മാനെജ്മെന്‍റ്, എക്സ്പോര്‍ട്ട് സബ്സ്റ്റിറ്റ്യൂഷന്‍ എന്നിവയുടെ കാര്യക്ഷമതയും കരട് നയം ആവശ്യപ്പെടുന്നു. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനുള്ള ജില്ലാ കേന്ദ്രീകൃത സമീപനം ഉള്‍പ്പെടെയുള്ള സഹായ നടപടികളും നിർദേശിക്കുന്നുണ്ട്.

നീതി ആയോഗിന്‍റെ 2021‌ലെ കയറ്റുമതി സൂചികയില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ 16ാം സ്ഥാനത്താണ് കേരളം. സംസ്ഥാന കയറ്റുമതി നയം സാധ്യമാക്കാത്തതും ജില്ല തിരിച്ചുള്ള കയറ്റുമതി പദ്ധതികളുടെ അപര്യാപ്തതയും ഏതാനും ചരക്കുകളെയും ചില രാജ്യങ്ങളെയും മാത്രം അമിതമായി ആശ്രയിക്കുന്നതുമാണ് കയറ്റുമതിയില്‍ സംസ്ഥാനം പിറകോട്ടു പോകുന്നതിന് കാരണമായി ഇപിപി ചൂണ്ടിക്കാട്ടുന്നത്. സമുദ്രോത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, തോട്ടവിളകള്‍ എന്നിവയുടെ മൂല്യവര്‍ധന പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതിന്‍റെ ആവശ്യകത നയം അടിവരയിടുന്നു.

Trending

No stories found.

Latest News

No stories found.