കൊച്ചി: ആഗോള മാന്ദ്യം മറികടന്നും ഇന്ത്യ കയറ്റുമതി രംഗത്ത് മികച്ച വളര്‍ച്ച നേടുന്നു. ഉത്പന്ന കയറ്റുമതിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും മികച്ച നേട്ടമുണ്ടാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ജനുവരിയില്‍ ഇന്ത്യയുടെ ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 3.1 ശതമാനം ഉയര്‍ന്ന് 3,690 കോടി ഡോളറായി.
ചെങ്കടലിലെ ഹൂതി വിമതരുടെ തുടര്‍ച്ചയായ ആക്രമണം മൂലം കപ്പലുകളുടെ സഞ്ചാരത്തിനു വിഘാതം നേരിടുന്നതിനിടയില്‍ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യയുടെ നേട്ടം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാണയപ്പെടുപ്പം നേരിടാന്‍ അമേരിക്കയും യൂറോപ്പും ജപ്പാനുമടക്കമുള്ള രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ ലോകമൊട്ടാകെയുള്ള വിപണികള്‍ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ ഉപഭോക്താക്കള്‍ ഉപഭോഗത്തില്‍ കുറവു വരുത്തിയതാണ് സാമ്പത്തിക മേഖലയില്‍ തളര്‍ച്ച സൃഷ്ടിച്ചത്. ഇതോടെ ചെലവു കുറക്കയ്ക്കലിന്റെ ഭാഗമായി വന്‍കിട റീട്ടെയ്ൽ ഗ്രൂപ്പുകളും മാളുകളും വാങ്ങല്നടപടികള് മരവിപ്പിക്കുകയാണ്.
എന്നാല്‍ പശ്ചാത്യ വിപണികളിലെ മാന്ദ്യം മറികടക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ ലാറ്റിനമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നീ മേഖലകളിൽ നിന്ന് കൂടുതൽ വില്പന നേടിയാണ് മികച്ച മുന്നേറ്റം നടത്തിയത്.
അതേസമയം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 10 മാസത്തിനിടെ ഇന്ത്യയിലെ ഉത്പന്ന കയറ്റുമതി മൂല്യം 4.89 ശതമാനം കുറഞ്ഞ് 35,392 കോടി രൂപയിലെത്തി. ജനുവരിയില്‍ ഇറക്കുമതി 3 ശതമാനം വർധനയോടെ 5,440 കോടി ഡോളറിലെത്തി. അതേസമയം, ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതിയില്‍ 4 ശതമാനവും ഇറക്കുമതിയില്‍ 6 ശതമാനവും ഇടിവുണ്ട്. ജനുവരിയില്‍ ഇന്ത്യയുടെ വ്യാപാര കമ്മി 9 മാസത്തെ കുറഞ്ഞ നിരക്കായ 1,750 കോടി ഡോളറിലെത്തി. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി ഡിസംബറില്‍ 1,980 കോടി ഡോളറായിരുന്നു.
ചെങ്കടലിലെ പ്രശ്നങ്ങളും യൂറോപ്പിലെ മാന്ദ്യവും ഉത്പന്ന വിലയിലെ ഇടിവും ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ മറികടന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് വാണിജ്യ മന്ത്രാലയം സെക്രട്ടറി സുനില്‍ ബാര്‍ത്വാള്‍ പറഞ്ഞു.