കൊച്ചി: പ്രാദേശിക സംസ്കാരത്തിൻ്റെയും ജീവിതങ്ങളുടേയും കഥ പറയുന്ന വേറിട്ട പ്രദർശനവുമായി ഫെഡറൽ ബാങ്ക്. ചെന്നൈയിലെ അഡയാർ ശാഖയിലാണ് പ്രാദേശിക തനിമയുടെ പ്രദർശന ഗാലറിയാക്കിയൊരുക്കി വേറിട്ട ക്യാംപയിന് ബാങ്ക് തുടക്കം കുറിച്ചത്. പ്രദേശവാസികളിൽ നിന്നും ബാങ്കു ജീവനക്കാർ നേരിട്ട് ശേഖരിച്ച നൂറോളം അനുഭവകഥകളിൽ നിന്ന് തെരഞ്ഞെടുത്ത 40 കഥകളും കഥാപാത്രങ്ങളുടെ ചിത്രങ്ങളും ശാഖാ അങ്കണത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ‘ഐ ആം അഡയാർ, അഡയാർ ഈസ് മി’ എന്നു പേരിട്ടിരിക്കുന്ന ക്യാംപയിൻ ഇന്ത്യയിലെ ബാങ്കിങ് രംഗത്ത് തീർത്തും പുതുമയാർന്നതാണ് . അഡയാറിലെ ജനങ്ങളുടെ പോരാട്ടങ്ങളും വിജയങ്ങളും, അഡയാറിൻ്റെ സവിശേഷതകളുമെല്ലാം പ്രതിഫലിപ്പിക്കുന്നതാണ് ചുവരുകളിലെ പെയിന്റിങുകൾ.
ക്യാംപയിൻ്റെ ഭാഗമായി അഡയാറിലുടനീളം വിവിധ ഷോപ്പുകളിൽ അഡയാർ ഫെഡറൽ എന്ന പേരിൽ ബ്രാൻഡഡ് ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ, ബ്രാൻഡ് ചെയ്ത നൂറിലേറെ ഓട്ടോറിക്ഷകളും നഗരത്തിൽ ഓടിക്കൊണ്ടിരിക്കുന്നു.
“അഡയാറിലെ ജനങ്ങളുടെ ജീവിതവും ഓർമ്മകളും ആഘോഷിക്കാൻ ബാങ്ക് ഒരുക്കിയ സവിശേഷ സംരംഭമാണ് ‘ഐ ആം അഡയാർ, അഡയാർ ഈസ് മി.’ വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും പ്രോത്സാഹിപ്പിക്കുന്ന ബാങ്കാണ് ഫെഡറൽ ബാങ്ക്. സഹാനുഭൂതിയോടെയുള്ള സേവനമാണ് മികച്ച സാമ്പത്തിക വളർച്ചയുടെ ഇന്ധനമായി മാറുക. അഡയാറിലെ ജനങ്ങൾ അവരുടെ ജീവിതവും കഥകളും അനുഭാവപൂർവമാണ് ഞങ്ങളുമായി പങ്കുവച്ചത്. അവരുടെ മുഖങ്ങളെല്ലാം അഡയാറിലെ ദൈനംദിന ജീവിതവും യാത്രകളും സന്തോഷവും രേഖപ്പെടുത്തുന്നു,” ഫെഡറൽ ബാങ്ക് ചീഫ് മാർക്കറ്റിങ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു.
ഇടപാടുകൾക്കപ്പുറം ജനങ്ങളുമായി വ്യക്തിപരമായി നേരിട്ട് ഇടപഴകുന്ന ഒരു ബന്ധം ഈ സവിശേഷ ക്യാംപെയിനിലൂടെ നേടിയെടുക്കാൻ ബാങ്കിനു സാധിച്ചു. ജനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്ന ബാങ്കിന്റെ, പ്രാദേശിക സംസ്കാരവുമായും ഇഴുകിച്ചേർന്നുള്ള ഈ സമീപനത്തിന് ഏറെ സ്വീകാര്യതയും ലഭിക്കുന്നുണ്ട് . പ്രാദേശിക സമൂഹവുമായി വൈകാരികമായ ഒരു ബന്ധം സ്ഥാപിക്കാൻ കൂടി ഈ ക്യാംപയിൻ ലക്ഷ്യമിടുന്നു.
ജൂൺ 3 നു തുടങ്ങിയ പ്രദർശനം രാവിലെ 10 മുതൽ വൈകീട്ട് 6 വരെ രണ്ടാഴ്ചക്കാലത്തേക്ക് ഉണ്ടാവുന്നതാണ്