ഫെഡറൽ റിസർവിന്‍റെ അപ്രതീക്ഷിത നീക്കം

നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് നിരക്കുകളില്‍ കുറവ് വരുത്തിയത്.
 Federal Reserve kickstarts rate cut in more than four years
ഫെഡറൽ റിസർവിന്‍റെ അപ്രതീക്ഷിത നീക്കം
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: സാമ്പത്തിക മേഖലയില്‍ ഉണര്‍വ് സൃഷ്ടിക്കുന്നതിന് അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് അര ശതമാനം കുറച്ചതോടെ ലോകമെമ്പാടുമുള്ള വിപണികള്‍ കരുതലോടെ നീങ്ങുന്നു. നാണയപ്പെരുപ്പം കുറഞ്ഞതും തൊഴില്‍ വിപണിയിലെ തളര്‍ച്ചയും കണക്കിലെടുത്ത് പലിശ നിരക്കില്‍ കാല്‍ ശതമാനം കുറവാണ് വിപണി പ്രതീക്ഷിച്ചിരുന്നത്. നാല് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫെഡ് നിരക്കുകളില്‍ കുറവ് വരുത്തിയത്.

നാണയപ്പെരുപ്പ നിയന്ത്രണത്തില്‍ വിശ്വാസമേറിയതിനാല്‍ ഇത്രയും വലിയ തോതില്‍ നിരക്ക് കുറയ്ക്കുന്നതെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കി. ‌ലോകമെമ്പാടും ഭക്ഷ്യ, ഇന്ധന, വ്യാവസായിക ഉത്പന്നങ്ങളുടെ വില താഴുന്നതിനാല്‍ വരും ദിവസങ്ങളില്‍ യൂറോപ്പിലെയും ഏഷ്യയിലെയും കേന്ദ്ര ബാങ്കുകളും പലിശ നിരക്കുകളില്‍ കുറവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് നടക്കുന്ന യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ യോഗത്തില്‍ പലിശ കുറയ്ക്കാന്‍ സാധ്യതയില്ല. അമെരിക്കന്‍ ഓഹരി വിപണി ബുധനാഴ്ച നഷ്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഏഷ്യന്‍, യൂറോപ്യന്‍ ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കി.

ഇന്ത്യന്‍ ഓഹരികള്‍ക്ക് റെക്കോഡ്

ഫെഡറല്‍ റിസര്‍വിന്‍റെ ശക്തമായ തീരുമാനത്തിന് പിന്നാലെ ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ റെക്കോഡ് ഉയരത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. അമെരിക്കയില്‍ പലിശ കുറയുന്നതോടെ ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കൂടുമെന്ന പ്രതീക്ഷയാണ് വിപണിക്ക് ആവേശം പകര്‍ന്നത്.

ബോംബെ ഓഹരി സൂചിക 236.57 പോയിന്‍റ് നേട്ടവുമായി 83,184.80ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 38.25 പോയിന്‍റ് ഉയര്‍ന്ന് 25,415.80ല്‍ അവസാനിച്ചു. ഐടി ഫാര്‍മ മേഖലകളിലെ ഓഹരികളാണ് പ്രധാനമായും വിപണിക്ക് കരുത്ത് പകര്‍ന്നത്. അതേസമയം ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികള്‍ വിൽപ്പന സമ്മർദം നേരിട്ടു. ബാങ്കിങ്, കണ്‍സ്യൂമര്‍ ഗുഡ്സ്, റിയല്‍റ്റി ഓഹരികളും നേട്ടമുണ്ടാക്കി. വൊഡഫോണ്‍ ഐഡിയ, ഇന്‍ഡസ് ടവേഴ്സ് തുടങ്ങിയവ ഇന്നലെ കനത്ത നഷ്ടം നേരിട്ടു.

സ്വര്‍ണ വില ഇടിഞ്ഞു

ഫെഡറല്‍ റിസര്‍വ് തീരുമാനത്തോടെ റെക്കോഡ് പുതുക്കി മുന്നേറിയ ആഗോള സ്വര്‍ണ വില ലാഭമെടുപ്പില്‍ താഴേക്ക് നീങ്ങി. ഇന്നലെ ഒരവസരത്തില്‍ സ്വര്‍ണ വില ഔണ്‍സിന് 2,600 ഡോളര്‍ വരെ ഉയര്‍ന്നു. പിന്നീട് തിരിച്ചിറങ്ങി 2,564 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞ് 54,600 രൂപയിലെത്തി. ഗ്രാമിന്‍റെ വില 25 രൂപ താഴ്ന്ന് 6,825 രൂപയായി.

Trending

No stories found.

Latest News

No stories found.