#ബിസിനസ് ലേഖകൻ
കൊച്ചി: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ലോകമെമ്പാടുമുള്ള ധന, കമ്പോള, നാണയ വിപണികള്‍ മുള്‍മുനയിലേക്ക് നീങ്ങുന്നു. ഇസ്രയേലും ഹമാസുമായുള്ള സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്കയില്‍ നിക്ഷേപകര്‍ സുരക്ഷിത മേഖലകളായ സ്വര്‍ണം, ഡോളര്‍ എന്നിവ വലിയ തോതില്‍ വാങ്ങിക്കൂട്ടി.
മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക സ്ഥിരതയെ ഇപ്പോഴത്തെ സാഹചര്യം പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തല്‍ കാരണം രാജ്യാന്തര വിപണിയില്‍ ഇന്നലെ അസംസ്കൃത എണ്ണയുടെ വില നാല് ശതമാനം ഉയര്‍ന്നു. അതേസമയം ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ കനത്ത വില്‍പ്പന സമ്മര്‍ദത്തിലൂടെ നീങ്ങുകയാണ്.
കനത്ത തകര്‍ച്ചയിൽ ഓഹരി വിപണി
ഹമാസിനെതിരെ ഇസ്രയേല്‍ തിരിച്ചടി ശക്തമാക്കിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെ കനത്ത തകര്‍ച്ച ദൃശ്യമായി. നിലവില്‍ ഇസ്രയേലും ഹമാസുമായുള്ള രാഷ്ട്രീയ സംഘര്‍ഷം മാത്രമാണെങ്കിലും വരും ദിവസങ്ങളില്‍ യുദ്ധത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ പങ്കാളികളാകാനുള്ള സാധ്യതകളാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്.
ഇതോടൊപ്പം ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വന്‍ മുന്നേറ്റവും ഡോളറിന്റെ മൂല്യവർധനയും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഇന്നലെ ബോംബെ ഓഹരി സൂചിക 483 പോയിന്റ് നഷ്ടവുമായി 65512ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചികയായ നിഫ്റ്റി 141 പോയിന്റ് ഇടിഞ്ഞ് 19512ല്‍ അവസാനിച്ചു. ഇന്നലെ മാത്രം നിക്ഷേപകരുടെ വിപണി മൂല്യത്തില്‍ നാലു ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്. ചെറുകിട, ഇടത്തരം ഓഹരികളിലും കനത്ത വിലയിടിവാണ് ദൃശ്യമായത്. ഡോളറിന്റെ മൂല്യം കുത്തനെ ഉയര്‍ന്നതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയിലുണ്ടായ ഉണര്‍വിന്റെ ലാഭമെടുക്കലിനായുള്ള വില്‍പ്പനയും നഷ്ടത്തിന് വ്യാപ്തി കൂട്ടി.
സ്വര്‍ണം മുകളിലേക്ക്
സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപ താത്പര്യം കൂടിയതോടെ സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും മുകളിലേക്ക് നീങ്ങി. രാജ്യാന്തര വിപണിയില്‍ ഇന്നലെ ഒരവസരത്തില്‍ സ്വര്‍ണ വില ഔണ്‍സിന് രണ്ട് ശതമാനം ഉയര്‍ന്ന് 1850 ഡോളറിലെത്തി. കേരളത്തില്‍ സ്വര്‍ണ വില പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. യുദ്ധ സാഹചര്യം വഷളായാല്‍ സ്വര്‍ണ വില വീണ്ടും 1900 ഡോളറിന് മുകളിലെത്താന്‍ സാധ്യതയുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ക്രൂഡ് വിലയിൽ കുതിപ്പ്
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷം കാരണം ചരക്കുനീക്കം അവതാളത്തിലാകുമെന്ന ആശങ്കയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ വില നാലു ശതമാനം കൂടി. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഇന്നലെ ബാരലിന് മൂന്ന് ഡോളര്‍ ഉയര്‍ന്ന് 87 ഡോളറിന് അടുത്തെത്തി. നിലവില്‍ എണ്ണ ഉത്പാദനത്തെയോ ചരക്ക് നീക്കത്തെയോ യുദ്ധം ബാധിക്കില്ലെങ്കിലും ഇറാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ പങ്കാളികളാകുന്ന സാഹചര്യമാണ് നിക്ഷേപകരെ ആശങ്കാകുലരാക്കുന്നത്.