#ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച പ്രകടനവും ബിജെപി വീണ്ടും അധികാരത്തില്‍ തിരിച്ചെത്താനുള്ള സാധ്യതയും കണക്കിലെടുത്ത് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഡിസംബറില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ റെക്കോഡ് നിക്ഷേപം നടത്തി.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകളനുസരിച്ച് ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ 66135 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ നിന്നും വാങ്ങിയത്. നടപ്പുവര്‍ഷം പലിശ നിരക്കില്‍ മൂന്ന് തവണയെങ്കിലും കുറവ് വരുത്തുമെന്ന് അമെരിക്കന്‍ ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ചതോടെ വിദേശ ധനസ്ഥാപനങ്ങള്‍ വർധിത വീര്യത്തോടെ ഇന്ത്യയുള്‍പ്പെടെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള വിപണികളിലേക്ക് പണമൊഴുക്കുകയാണ്.
പ്രതിമാസം വിദേശ നിക്ഷേപകര്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ഡിസംബറിലുണ്ടായത്. അമെരിക്കയില്‍ കടപ്പത്രങ്ങളുടെ മൂല്യം ഇടിയുന്നതിനാല്‍ ഇന്ത്യ മികച്ച നിക്ഷേപ സാധ്യതയുള്ള വിപണിയാണെന്നാണ് ഹെഡ്ജ് ഫണ്ടുകളും അതിസമ്പന്നരും വിലയിരുത്തുന്നത്. ഇപ്പോഴത്തെ വിപണി സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് ഇനിയും കൂടാനുള്ള സാധ്യതയാണുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഇതുവരെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് 1.8 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
പലിശ വർധന നടപടികള്‍ക്ക് വിരാമമായെന്ന അമെരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെയും ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്റെയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന്റെയും നിലപാടുകളാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം കുത്തനെ കൂടാന്‍ സഹായിച്ചത്. ഐടി, ലോഹങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍ തുടങ്ങിയവയിലാണ് നിക്ഷേപ താത്പര്യം മികച്ച തോതില്‍ ദൃശ്യമായത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 39,300 കോടി രൂപ പിന്‍വലിച്ചതിന് ശേഷമാണ് ഓഹരികളിലേക്ക് വീണ്ടും പണമൊഴുക്ക് കൂടിയത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ജിഡിപിയില്‍ 7.6% വളര്‍ച്ച നേടിയതും സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതും നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നു.