സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ നിലപാട് മാറ്റും

യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ 2022 ൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്
സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യ നിലപാട് മാറ്റും
Updated on

കൊച്ചി: സ്വതന്ത്രവ്യാപാര കരാറുകളിൽ കേന്ദ്ര സർക്കാർ പുനർവിചിന്തനം നടത്തുന്നു. ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തിയായി വളരുന്ന ഇന്ത്യയുടെ കരുത്ത് ആഗോളതലത്തിൽ മെച്ചപ്പെട്ടതോടെ ഉഭയ കക്ഷി വ്യാപാരങ്ങളിൽ രാജ്യത്തിന്‍റെ വ്യവസായ,കാർഷിക മേഖലകളുടെ താത്പര്യങ്ങൾ ബലികഴിക്കാതെ കയറ്റുമതി മെച്ചപ്പെടുത്താനാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്‍റെ നിലപാട്. ലോകത്തിലെ ഏറ്റവും വലിയ ഉപഭോഗ, ഉത്പാദന ഹബായി ഇന്ത്യ അതിവേഗം മാറുന്നതിനാൽ ആഗോള കമ്പനികൾ ഇവിടെ നിക്ഷേപം നടത്താനും വിപണി സാധ്യതകൾ ഉപയോഗപ്പെടുത്താനുമാണ് നിലവിൽ താത്പര്യം പ്രകടിപ്പിക്കുന്നത്. അതിനാൽ പുതിയ സ്വതന്ത്ര വ്യാപാര കരാറുകൾ ഒപ്പിടുമ്പോൾ ഇന്ത്യയുടെ മാറിയ സ്റ്റാറ്റസ് കൂടി കണക്കിലെടുത്തുള്ള ചർച്ചകൾക്ക് മാത്രമേ പ്രസക്തിയുള്ളെന്ന് വാണിജ്യ മന്ത്രാലയത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക താത്പര്യങ്ങൾ ബലികഴിച്ച് വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകൾ രാജ്യത്തെ വ്യാപാര, ഉത്പാദന മേഖലകൾക്ക് പ്രതികൂലമായ സാഹചര്യത്തിലാണ് പുതിയ തീരുമാനം. യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവരുമായുള്ള വ്യാപാര കരാറുകൾ ഇതോടെ അനിശ്ചിതമായി നീളുകയാണ്. വ്യാപാര ഇടപാടുകളിൽ സന്തുലിതവും സുതാര്യവുമായ നയങ്ങളില്ലെങ്കിൽ രാജ്യത്തിന്‍റെ താത്പര്യങ്ങൾ ബലികഴിക്കപ്പെടുമെന്ന് വാണിജ്യ മന്ത്രി പറയുന്നു തിടുക്കത്തിൽ നടത്തുന്ന വ്യാപാര ധാരണകൾ വർഷങ്ങളോളം രാജ്യത്തിന്‍റെ വളർച്ചയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

യുകെ, യൂറോപ്യൻ യൂണിയൻ എന്നിവയുമായുള്ള സ്വതന്ത്ര വ്യാപാര കരാർ 2022 ൽ യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വൈദ്യുതി വാഹനങ്ങളുടെയും വിസ്ക്കിയുടെയും ആഡംബര കാറുകളുടെയും ഇറക്കുമതി തിരുവ കുറയ്ക്കുന്നതിന് വേണ്ടിയുള്ള ഇവരുടെ കടുംപിടിത്തം മൂലം കരാർ അനിശ്ചിതമായി വൈകുകയാണ്. യൂറോപ്പിലെ വിപുലമായ കയറ്റുമതി സാധ്യതകൾ ഉപയോഗപ്പെടുത്താൻ കരാർ ഇന്ത്യയെ സഹായിക്കുമെങ്കിലും ഇറക്കുമതി നികുതി കുറച്ചാൽ ആഭ്യന്തര കമ്പനികൾ തിരിച്ചടി നേരിടുമെന്നതിനാൽ ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച നടത്തിയിട്ടില്ല. ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, ഇരുമ്പയിര്, സിമന്‍റ് തുടങ്ങിയ ഉത്പന്നങ്ങൾക്ക് കാർബൺ നികുതി ഏർപ്പെടുത്താനുള്ള യൂറോപ്യൻ യൂണിയന്‍റെ തീരുമാനത്തിനെതിരേ ലോക വ്യാപാര സംഘടനയുടെ അബുദാബി യോഗത്തിൽ ഇന്ത്യ പ്രതിഷേധം അറിയിക്കുമെന്നും വാണിജ്യ മന്ത്രാലയം വൃത്തങ്ങൾ പറയുന്നു.

Trending

No stories found.

Latest News

No stories found.