ഇന്ധന വില കുറയാൻ സാധ്യത മങ്ങുന്നു

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും മുകളിലേക്ക്, നാണ്യപ്പെരുപ്പം വീണ്ടും ഉയർന്നേക്കും
ഇന്ധന വില കുറയാൻ സാധ്യത മങ്ങുന്നു
Updated on

കൊച്ചി: രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും മുകളിലേക്ക് നീങ്ങിയതോടെ ഇന്ത്യയിൽ നാണയപ്പെരുപ്പം വീണ്ടും കൂടാൻ സാധ്യതയേറുന്നു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ജനപ്രിയ നടപടികളുടെ ഭാഗമായി പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ നികുതി കുറച്ച് വില സമ്മർദം ലഘൂകരിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ പദ്ധതികൾക്ക് പുതിയ സാഹചര്യം കടുത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്.

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇന്നലെ ബാരലിന് 90 ഡോളറിന് അടുത്തെത്തിയിരുന്നു. പത്ത് മാസത്തിനിടെ എണ്ണ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വർധനയാണിത്. ആഗോള സാമ്പത്തിക മേഖലയിലെ പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് ക്രൂഡോയിൽ ഉത്പാദനം നിയന്ത്രിക്കാനുള്ള സൗദിയുടെയും റഷ്യയുടെയും തീരുമാനമാണ് പൊടുന്നനെ എണ്ണ വിലയിൽ വലിയ കുതിപ്പ് സൃഷ്ടിച്ചത്. ഇതോടൊപ്പം എണ്ണയുടെ കയറ്റുമതി ഗണ്യമായി കുറയ്ക്കാനുള്ള റഷ്യയുടെ നീക്കവും വില ഉയരാൻ കാരണമായി. റഷ്യയിൽ നിന്നും മികച്ച വിലയിളവിൽ ക്രൂഡോയിൽ ലഭിച്ചിരുന്ന സാഹചര്യങ്ങളിലും വരും ദിവസങ്ങളിൽ മാറ്റമുണ്ടായേക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ഉക്രെയിൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ അമെരിക്കയും യൂറോപ്യൻ യൂണിയനും ചേർന്ന് വ്യാപാര ഉപരോധം പ്രഖ്യാപിച്ചതിനാൽ കഴിഞ്ഞ വർഷം മുതൽ ഇന്ത്യൻ കമ്പനികൾക്ക് റഷ്യയിൽ നിന്നും അഞ്ച് ഡോളർ വരെ ഡിസ്കൗണ്ടിൽ ക്രൂഡോയിൽ വാങ്ങാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ ഇത്തരം ഇളവുകൾ ഒഴിവാക്കാനാണ് റഷ്യ ഒരുങ്ങുന്നത്. രാജ്യത്തെ മൊത്തം എണ്ണ ഉപഭോഗത്തിൽ എൺപത്തഞ്ച് ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ക്രൂഡോയിൽ വിലയിലുണ്ടായ വൻ കുതിപ്പ് കനത്ത ബാധ്യത സൃഷ്ടിക്കുമെന്ന് ധനകാര്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഉത്പാദന ചെലവിലുണ്ടാകുന്ന വൻ വർധനവിന് ആനുപാതികമായി ആഭ്യന്തര വിപണിയിൽ പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്താതിരുന്നാൽ പൊതു മേഖലാ എണ്ണ കമ്പനികൾ ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. പെട്രോൾ, ഡീസൽ എന്നിവയ്ക്ക് വിപണി ബന്ധിത വില നിശ്ചയിക്കുന്ന പഴയ രീതിയിലേക്ക് മടങ്ങി പോകണമെന്നാണ് പൊതുമേഖലാ എണ്ണ കമ്പനികളുടെ മേധാവികളുടെ നിലപാട്. എന്നാൽ പൊതു തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള രാഷ്ട്രീയ റിസ്ക്ക് സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് ഏറെ പരിമിതിയുണ്ട്. രാജ്യത്തെ ധനകാര്യ സാഹചര്യം കണക്കിലെടുത്താൽ എണ്ണയുടെ നികുതി ഇളവ് പ്രായോഗികമല്ലെന്നാണ് ധനമന്ത്രാലയത്തിന്‍റെ നിലപാട്.

സൗദി അറേബ്യ പ്രതിദിന ഉത്പാദനം അടുത്ത ഡിസംബർ വരെ പത്ത് ലക്ഷം ബാരലായി നിലനിർത്തുമെന്ന പ്രഖ്യാപനം വന്നതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രെന്‍റ് ക്രൂഡിന്‍റെ വിലയിൽ ബാരലിന് 6.5 ശതമാനമാണ് ഉയർന്നത്. ഒപ്പെക്കിനൊപ്പം റഷ്യയും ചേർന്നതോടെ എണ്ണ വിപണിയിൽ വില സമ്മർദം ഏറുകയാണെന്ന് കമ്മോഡിറ്റി അനലിസ്റ്റുകൾ പറയുന്നു.

ഇന്നലെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 89.78 ഡോളർ വരെ ഉയർന്നിരുന്നു. മേയ്, ജൂൺ മാസങ്ങളിൽ ക്രൂഡ് വില ബാരലിന് 70 ഡോളർ വരെ താഴ്ന്നതോടെ പൊതു മേഖലാ എണ്ണ കമ്പനികൾക്ക് പഴയ നഷ്ടം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു. ക്രൂഡ് വില പിന്നെയും കുതിച്ചു കയറിയാൽ കമ്പനികളുടെ നിലനിൽപ്പ് ഭീഷണിയിലാകുമെന്നും അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.