ആഗോള ബ്രാൻഡുകൾ ഇന്ത്യ വിടുന്നു

വാള്‍ട്ട് ഡിസ്നിയാണ് ഏറ്റവും അവസാനം ഇന്ത്യയിലെ ബിസിനസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിറ്റൊഴിഞ്ഞ് പിന്മാറുന്നത്. ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, സിറ്റി ബാങ്ക്, വൊഡഫോണ്‍ തുടങ്ങിയവ നേരത്തെ പിൻമാറിയിരുന്നു.
ആഗോള ബ്രാൻഡുകൾ ഇന്ത്യ വിടുന്നു
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള ഭീമന്‍മാര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ അടിപതറുന്നു. വിനോദ വ്യവസായ രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ വാള്‍ട്ട് ഡിസ്നിയാണ് ഏറ്റവും അവസാനം ഇന്ത്യയിലെ ബിസിനസ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിറ്റൊഴിഞ്ഞ് പിന്മാറുന്നത്. നേരത്തെ ജനറല്‍ മോട്ടോഴ്സ്, ഫോര്‍ഡ്, സിറ്റി ബാങ്ക്, വൊഡഫോണ്‍ തുടങ്ങിയവ ഇന്ത്യയിലെ ബിസിനസ് അവസാനിപ്പിച്ച് പിന്മാറിയിരുന്നു. ആഭ്യന്തര വിപണിയെ മനസിലാക്കുന്നതിലുണ്ടായ പാളിച്ചകളാണ് ആഗോള കമ്പനികളെ വലയ്ക്കുന്നത്.

ലോകത്തിലെ പ്രമുഖ വാഹന ഷെയറിങ് കമ്പനിയായ ഊബര്‍ ഉള്‍പ്പെടെയുള്ളവയും ഇന്ത്യയിലെ ബിസിനസ് തുടരണമോയെന്ന സന്ദേഹത്തിലാണ്. വരും മാസങ്ങളില്‍ കൂടുതല്‍ മുന്‍നിര ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ നിന്നും പിന്മാറാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ലഭ്യമായ കണക്കുകളനുസരിച്ച് 2014 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മൂവായിരത്തിലധികം വിദേശ കമ്പനികളാണ് ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

നിലവില്‍ ആഗോള തലത്തില്‍ ഏറ്റവും വലിയ വളര്‍ച്ച നേടുന്ന ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ മുതലെടുക്കാന്‍ ഓരോ വര്‍ഷവും നൂറ് കണക്കിന് വിദേശ ബ്രാന്‍ഡുകളാണ് എത്തുന്നത്. കൊക്കോ കോള, പെപ്സി തുടങ്ങിയ കമ്പനികള്‍ക്ക് പോലും ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. സ്വിറ്റ്സര്‍ലണ്ടിലെ മുന്‍നിര നിർമാണ കമ്പനിയായ ഹോള്‍സിം ഇന്ത്യയിലെ ഉപകമ്പനികളായ അംബുജ സിമന്‍റും എസിസിയും അദാനി ഗ്രൂപ്പിന് 644 കോടി ഡോളറിനാണ് വിറ്റുമാറിയത്.

ലോകത്തിലെ മുന്‍നിര വാഹന കമ്പനികളായ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും 1997ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടാറ്റ മോട്ടോഴ്സും യാത്രാ വാഹനങ്ങളുടെ നിർമാണം പോലും തുടങ്ങിയിരുന്നില്ല. എന്നാല്‍ ഫോര്‍ഡും ജനറല്‍ മോട്ടോഴ്സും ഇന്ത്യയില്‍ പ്രവര്‍ത്തനം നിർത്തിയപ്പോള്‍ ടാറ്റ മോട്ടോഴ്സും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇന്ത്യയില്‍ വന്‍ നേട്ടമുണ്ടാക്കുകയാണ്. ടെലികോം മേഖലയില്‍ യുകെയിലെ വമ്പന്‍മാരായ വൊഡഫോണ്‍ ഉള്‍പ്പെടെ അഞ്ചിലധികം വിദേശ കമ്പനികള്‍ക്കാണ് ഇന്ത്യന്‍ വിപണിയില്‍ കൈപൊള്ളിയത്. വിപുലമായ സാധ്യതകളുണ്ടായിട്ടും ആഭ്യന്തര വിപണിയെ വ്യക്തമായ മനസിലാക്കുന്നതിലുള്ള പാളിച്ചകളാണ് വിദേശ കമ്പനികള്‍ക്ക് വിനയായത്.

ഐസിഐസിഐ ബാങ്കും എച്ച്ഡിഎഫ്സി ബാങ്കും ലോക നിലവാരത്തിലുള്ള സേവനങ്ങളുമായി വന്‍മുന്നേറ്റം കാഴ്ചവെക്കുമ്പോള്‍ ആഗോള ഭീമനായ സിറ്റി ബാങ്കിന് ഇന്ത്യന്‍ വിപണിയില്‍ പച്ചതൊടാന്‍ കഴിഞ്ഞില്ല. ക്രെഡിറ്റ് കാര്‍ഡ്, റീട്ടെയ്‌ല്‍ ബാങ്കിങ് നേവനങ്ങള്‍ ആക്സിസ് ബാങ്കിന് വിറ്റാണ് സിറ്റി ബാങ്ക് ഇന്ത്യ വിട്ടത്.

Trending

No stories found.

Latest News

No stories found.