കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ. ശനിയാഴ്ച സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണു വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 45,920 രൂപയായി ഉയർന്നു. കേരളത്തിൽ ഇന്നേ വരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും കൂടിയ നിരക്കാണിത്. സംസ്ഥാനത്ത് സ്വർണവില ഇനിയും ഉയർന്നേക്കുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ.
ഇതിനു മുമ്പ് മെയ് അഞ്ചിനാണു സംസ്ഥാനത്ത് ഏറ്റവും കൂടിയ സ്വർണ വില രേഖപ്പെടുത്തിയത്. ഗ്രാമിന് 5720 രൂപയും പവന് 45,760 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. ആ നിരക്കിനെയാണു ഇന്നലെ മറികടന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ഒക്റ്റോബർ ഒന്നിനു 42, 680 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസം അഞ്ചിനു രേഖപ്പെടുത്തിയ 41,960 രൂപയാണ് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക്. എന്നാൽ അതിനു ശേഷം സ്വർണവിലയിൽ കുതിപ്പ് തുടരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നു നിൽക്കുന്നതും സംസ്ഥാനത്തെ വില ഉയരാനുള്ള പ്രധാന കാരണമായി കണക്കാക്കപ്പെടുന്നു. നിക്ഷേപമെന്ന നിലയിലും വ്യാവസായിക ആവശ്യത്തിനു സ്വർണം ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇസ്രയേൽ-ഹമാസ് യുദ്ധ പശ്ചാത്തലവും സ്വർണവില വർധനവിനെ സ്വാധീനിച്ചിട്ടുണ്ട്. യുദ്ധം പോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപമായി സ്വർണം വാങ്ങുന്നതു പതിവാണ്. അടുത്ത മാസത്തോടെ സ്വർണവിലയിൽ 3.3 ശതമാനം വളർച്ചയുണ്ടാകുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം വെള്ളി വില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 78 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.