സ്വർണം കള്ളക്കടത്ത് കുറയും, സർക്കാരിന് നികുതിവരുമാനം കൂടും

കള്ളക്കടത്തിന്‍റെ ഭാഗമായി വളരുന്ന മാഫിയ ശൃംഖല തകർക്കാൻ ഈ തീരുമാനം വഴി സർക്കാരിനു കഴിയും. സംഘടിത ജ്വല്ലറി രംഗത്ത്‌ ബിസിനസിന്‌ വളർച്ചയുണ്ടാകും
സ്വർണം കള്ളക്കടത്ത് കുറയും, സർക്കാരിന് നികുതിവരുമാനം കൂടും
എം.പി. അഹമ്മദ്‌, ചെയർമാൻ, മലബാർ ഗ്രൂപ്പ്
Updated on

#എം.പി. അഹമ്മദ്‌, ചെയർമാൻ, മലബാർ ഗ്രൂപ്പ്

സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്‌ക്കാനുള്ള ബജറ്റ്‌ നിർദേശം അങ്ങേയറ്റം സ്വാഗതാർഹം. അഗ്രിക്കൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്‍റ് സെസ്‌ അടക്കം 15 ശതമാനമാണ്‌ ഇറക്കുതി ചെയ്യുന്ന സ്വർണത്തിന്‌ തീരുവയായി നിലവിൽ ഈടാക്കിയിരുന്നത്‌. അത്‌ 6 ശതമാനമായി കുറയ്‌ക്കാനുള്ള ധീരമായ തീരുമാനമാണ്‌ ധനമന്ത്രി നിർമല സീതാരാമൻ എടുത്തത്‌. പ്ലാറ്റിനത്തിന്‍റേത്‌ 6.4 ശതമാനമായും കുറച്ചു. അതും ശരിയായ ദിശയിലുള്ള തീരുമാനമാണ്‌.

സ്വർണാഭരണ വ്യാപാരികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്‌ ഇറക്കുമതി തീരുവ ഗണ്യമായി കുറയ്‌ക്കണമെന്നത്‌. ഇന്നത്തെ നിരക്കിൽ ഒരു കിലോഗ്രാം സ്വർണം ഇറക്കുമതി ചെയ്യുമ്പോൾ 9.82 ലക്ഷം രൂപ ഡ്യൂട്ടി അടയ്‌ക്കേണ്ടതുണ്ടായിരുന്നു. ബജറ്റ്‌ പ്രഖ്യാപനത്തോടെ അത്‌ 3.93 ലക്ഷം രൂപയായി കുറഞ്ഞു. ഇപ്പോഴത്തെ തീരുമാനം രാജ്യത്തിന്‍റെ സമ്പദ്‌ഘടനയ്ക്ക്‌ ഭീഷണിയായി വളർന്ന സ്വർണ കള്ളക്കടത്ത്‌ ഗണ്യമായി കുറയ്‌ക്കും. കാരണം, ഡ്യൂട്ടി കുറച്ചതോടെ കള്ളക്കടത്ത്‌ ആകർഷകമല്ലാതായി.

കള്ളക്കടത്ത്‌ സ്വർണത്തിന്‍റെ വരവ്‌ നിയന്ത്രിക്കപ്പെടുന്നത്‌ ആത്യന്തികമായി സമ്പദ്‌ഘടനയ്ക്ക്‌ വലിയ പ്രയോജനം ചെയ്യും. കള്ളക്കടത്തിന്‍റെ ഭാഗമായി വളരുന്ന മാഫിയ ശൃംഖല തകർക്കാൻ ഈ തീരുമാനം വഴി സർക്കാരിനു കഴിയും. സംഘടിത ജ്വല്ലറി രംഗത്ത്‌ ബിസിനസിന്‌ വളർച്ചയുണ്ടാകും. കേന്ദ്ര, സംസ്ഥാന ഗവൺമെന്‍റുകൾക്കു ജിഎസ്‌ടി, ഇൻകം ടാക്സ് ഇനത്തിൽ കൂടുതൽ വരുമാനം ലഭിക്കും. ഉപഭോക്താക്കളെ സംബന്ധിച്ച്‌, ആഭരണങ്ങളുടെ വിലയിൽ ഗണ്യമായ കുറവ്‌ വന്നുകഴിഞ്ഞു.

ഇനി, അനധികൃത സ്വർണ വ്യാപാരം നിയന്ത്രിക്കാനുള്ള നടപടികൾ കൂടി ഉണ്ടാകണം. ജിഎസ്‌ടി വെട്ടിയ്‌ക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറാകണം. ഡിജിറ്റൽ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ചാൽ നികുതി വെട്ടിപ്പ്‌ പൂർണമായി തടയാം.

മൂന്നാം നരേന്ദ്ര മോദി ഗവൺമെന്‍റിന്‍റെ ആദ്യ ബജറ്റ്‌ പൊതുവേ സ്വാഗതാർഹമാണ്‌. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും യുവജനങ്ങളുടെ നൈപുണ്യ വികസനത്തിനും 1.48 ലക്ഷം കോടി രൂപ വകയിരുത്തി. വ്യവസായ സ്ഥാപനങ്ങളിൽ യുവജനങ്ങൾക്ക്‌ ഒരു വർഷത്തെ ഇന്‍റേൺഷിപ്പ്‌ നൽകാനും ഇന്‍റേൺഷിപ്പ്‌ ചെയ്യുന്നവർക്ക്‌ പ്രതിമാസം 5,000 രൂപ അലവൻസ്‌ നൽകാനുമുള്ള തീരുമാനം ഭാവനാപൂർണമാണ്‌. അടുത്ത 5 വർഷത്തിനകം 20 ലക്ഷം യുവജനങ്ങൾക്ക്‌ വിവിധ തൊഴിലുകളിൽ നൈപുണ്യം നേടിക്കൊടുക്കാനുള്ള പദ്ധതി തൊഴിലില്ലായ്‌മ കുറയ്‌ക്കാൻ സഹായിക്കും.

കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം രൂപ നീക്കിവച്ചു എന്നതും സർക്കാർ ശരിയായ ദിശയിലാണ്‌ മുന്നോട്ടുപോകുന്നതെന്ന്‌ സൂചിപ്പിക്കുന്നു. തൊഴിൽ ലഭ്യമാക്കുന്ന തൊഴിലുടമകൾക്ക്‌ ആനുകൂല്യം നൽകാനുള്ള തീരുമാനം ക്രിയാത്മകമാണ്‌. ഗ്രാമീണ മേഖലയുടെ വികസനത്തിന്‌ 2.66 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌. മൂലധനച്ചെലവിന്‌ 11 ലക്ഷം കോടി രൂപ മാറ്റിവച്ചതും സ്വാഗതാർഹമാണ്‌.

Trending

No stories found.

Latest News

No stories found.