സ്വർണ വില ഇനിയും കുറയും; ഇതിനകം 10 ലക്ഷം കോടി രൂപയുടെ നഷ്ടം

ഗോൾഡ് ലോൺ നൽകിയ സ്ഥാപനങ്ങൾ ആശങ്കയിൽ, ബാങ്കുകളുടെ വായ്പാ മാര്‍ജിനില്‍ ഗണ്യമായ ഇടിവ്
Gold price down, trend likely to continue
കേന്ദ്ര ബജറ്റിൽ നികുതി കുറച്ചത് സ്വർണ വിലയിൽ പ്രതിഫലിക്കുന്നു
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: കേന്ദ്ര ബജറ്റില്‍ എക്സൈസ് തീരുവ കുറച്ചതിന്‍റെ പ്രതിഫലനം സ്വർണ വിലയിൽ പ്രകടമാകുന്നു. വെള്ളിയാഴ്ച സ്വര്‍ണ വില കുത്തനെ കുറഞ്ഞു. പവന് ഒറ്റ ദിവസം കൊണ്ട് 800 രൂപ കുറഞ്ഞ് 50,400 രൂപയിലെത്തി. ഗ്രാമിന്‍റെ വില 100 രൂപ താഴ്ന്ന് 6,300 രൂപയിലെത്തി.

ചൊവ്വാഴ്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ എക്സൈസ് നികുതി 15 ശതമാനത്തില്‍ നിന്നും ആറ് ശതമാനമായാണ് കുറച്ചത്. ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപുറകെ പവന്‍ വിലയില്‍ 2000 രൂപയുടെ ഇടിവുണ്ടായിരുന്നു. വ്യാഴാഴ്ച വീണ്ടും പവന് 760 രൂപ കുറഞ്ഞിരുന്നു.

ലോകത്തിലെ മൊത്തം സ്വര്‍ണത്തിന്‍റെ 11% ഇന്ത്യന്‍ ഭവനങ്ങളില്‍ ആഭരണമായി സൂക്ഷിച്ചിരുക്കുന്നു

കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്തെ സ്വര്‍ണ വിപണിയിലെ നഷ്ടം 10 ലക്ഷം കോടി രൂപ കവിഞ്ഞു. ഇക്കാലയളവില്‍ പവന്‍ വില 3,720 രൂപ കുറഞ്ഞ് 50,400 രൂപയിലേക്ക് താഴ്ന്നു.

ലോകത്തിലെ മൊത്തം സ്വര്‍ണത്തിന്‍റെ 11% ഇന്ത്യന്‍ ഭവനങ്ങളില്‍ ആഭരണമായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. അമെരിക്ക, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, രാജ്യാന്തര നാണയ നിധി എന്നിവയുടെ കൈവശമുള്ള മൊത്തം ശേഖരത്ത‌െക്കാള്‍ കൂടുതല്‍ സ്വര്‍ണം ഇന്ത്യക്കാരുടെ കൈവശമുണ്ടെന്നും ഗവേഷണ ഏജന്‍സികള്‍ പറയുന്നു. ഇന്ത്യന്‍ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും 30,000 ടണ്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.

സ്വര്‍ണത്തിന്‍റെ ഈടിന്മേല്‍ വായ്പകള്‍ നല്‍കിയിട്ടുള്ള ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വിലയിടിവില്‍ കടുത്ത ആശങ്കയിലാണ്. നാല് ദിവസങ്ങളിലായി വിലയില്‍ എട്ട് ശതമാനത്തിനടുത്ത് സ്വര്‍ണത്തിന്‍റെ വില കുറഞ്ഞതോടെ ബാങ്കുകളുടെ വായ്പാ മാര്‍ജിനില്‍ വലിയ ഇടിവുണ്ടായി.

ഉപയോക്താക്കൾ അധിക സ്വര്‍ണം ഈടായി നല്‍കിയില്ലെങ്കില്‍ വായ്പയുടെ ഒരു ഭാഗം ഉടനടി തിരിച്ചടക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കും

സ്വര്‍ണത്തിന്‍റെ വിപണി മൂല്യത്തിന്‍റെ 85 ശതമാനം തുകയാണ് വായ്പയായി ധന സ്ഥാപനങ്ങള്‍ നല്‍കുന്നത്. വില റെക്കോഡ് ഉയരത്തില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 5,000 രൂപയ്ക്കടുത്ത് കുറഞ്ഞതോടെ ഉപയോക്താക്കൾ അധിക സ്വര്‍ണം ഈടായി നല്‍കിയില്ലെങ്കില്‍ വായ്പയുടെ ഒരു ഭാഗം ഉടനടി തിരിച്ചടക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടേക്കും.

സ്വർണ വില ഇനിയും താഴാൻ സാധ്യത

എസ്. അബ്ദുൾ നാസര്‍ (ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍)

ബജറ്റ് പ്രഖ്യാപനത്തിന്‍റെ പ്രതിഫലനം പൂര്‍ണമായും വിലയില്‍ ദൃശ്യമായി കഴിഞ്ഞു. എന്നാല്‍, ചൈന വാങ്ങല്‍ മയപ്പെടുത്തിയതും ഇറക്കുമതി ചുങ്കത്തിലെ കുറവും മൂലം ആഗോള വിപണിയില്‍ സ്വര്‍ണ വില ഇനിയും താഴ്ന്നേക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.

Trending

No stories found.

Latest News

No stories found.