സ്വർണ ഉപയോഗത്തിൽ വൻ ഇടിവ്

സ്വര്‍ണാഭരണങ്ങളുടെ വിൽപ്പന 17% കുറഞ്ഞ് 107 ടണ്ണിലെത്തി
gold
സ്വർണ ഉപയോഗത്തിൽ വൻ ഇടിവ്
Updated on

#ബിസിനസ് ലേഖകൻ

കൊച്ചി: റെക്കോഡുകള്‍ പുതുക്കി സ്വര്‍ണ വില കുതിച്ചതോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസക്കാലയളവില്‍ ഇന്ത്യയില്‍ സ്വര്‍ണ ഉപയോഗത്തില്‍ അഞ്ച് ശതമാനം ഇടിവുണ്ടായി. ഇക്കാലയളവില്‍ ആഗോള വിപണിയില്‍ സ്വര്‍ണ വില ഒരവസരത്തില്‍ ഔണ്‍സിന് 2,450 ഡോളറിന് അടുത്തെത്തിയിരുന്നു. ജൂണ്‍ മാസം അവസാനിച്ചപ്പോള്‍ വില ഔണ്‍സിന് 2,388 ഡോളറിലേക്ക് താഴ്ന്നെങ്കിലും വില്‍പ്പന മെച്ചപ്പെട്ടില്ല.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസത്തില്‍ ഇന്ത്യയിലെ സ്വര്‍ണ ഉപയോഗം അഞ്ച് ശതമാനം ഇടിഞ്ഞ് 149.7 ടണ്ണിലെത്തിയെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഉപയോഗം 158.1 ടണ്ണായിരുന്നു. അതേസമയം സ്വര്‍ണത്തിന്‍റെ ഇക്കാലയളവിലെ വിൽപ്പന മൂല്യം 14.5 ശതമാനം ഉയര്‍ന്ന് 93,850 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവില്‍ 82,530 കോടി രൂപയുടെ വിൽപ്പനയാണ് നേടിയത്. ജൂണ്‍ 30 വരെയുള്ള കാലയളവില്‍ സ്വര്‍ണ വില മുന്‍വര്‍ഷത്തേക്കാള്‍ 18 ശതമാനമാണ് ഉയര്‍ന്നത്.

സ്വര്‍ണാഭരണങ്ങളുടെ വിൽപ്പന 17% കുറഞ്ഞ് 107 ടണ്ണിലെത്തി. ഉയര്‍ന്ന വിലയോടൊപ്പം തെരഞ്ഞെടുപ്പ് കാലവും ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും വിൽപ്പനയെ പ്രതികൂലമായി ബാധിച്ചെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറയുന്നു. അക്ഷയതൃതീയ, ഗുഡി പഡ്വ കാലയളവില്‍ വിപണിയില്‍ ഉണര്‍വുണ്ടായെങ്കിലും കാര്യമായി ഗുണമുണ്ടായില്ല. അതേസമയം നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നതില്‍ 46% വർധനയുണ്ടായി. ഇതിനിടെ കേന്ദ്ര ബജറ്റില്‍ ഇറക്കുമതി ചുങ്കം 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായി കുറച്ചതോടെ ജൂലൈ മാസത്തില്‍

സ്വര്‍ണാഭരണ വിപണിയില്‍ മികച്ച ഉണര്‍വ് ദൃശ്യമായി തുടങ്ങി. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ ജ്വല്ലറി രംഗത്ത് വിൽപ്പനയില്‍ 40% വരെ വർധനയുണ്ടെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ട്രഷറര്‍ അഡ്വ. എസ്. അബ്ദുൾ നാസര്‍ പറയുന്നു. ജിഎസ്ടി മൂന്ന് ശതമാനത്തില്‍ നിന്നും ഒരു ശതമാനമായി കുറച്ചാല്‍ കള്ളക്കടത്തും സമാന്തര വ്യാപാരവും പൂര്‍ണമായും ഒഴിവാകുമെന്നും അദ്ദേഹം പറയുന്നു.

Trending

No stories found.

Latest News

No stories found.