ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് വിപണിയെ ബാധിച്ചില്ല

വ്യാവസായിക ഉത്പാദനത്തിൽ തളര്‍ച്ച
Hindenburg Report did not affect the stock market
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ട് വിപണിയെ ബാധിച്ചില്ല
Updated on

കൊച്ചി: അദാനി ഗ്രൂപ്പിനും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ചിനുമെതിരേ ആഗോള ഊഹക്കച്ചവട സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ട് ഓഹരി വിപണിയെ ബാധിച്ചില്ല. തുടക്കത്തില്‍ കനത്ത നഷ്ടം നേരിട്ട ഓഹരി സൂചികകള്‍ പിന്നീട് ശക്തമായി തിരിച്ചുകയറി. സെന്‍സെക്സ് 56.99 പോയിന്‍റ് നഷ്ടത്തോടെ 79,648.92ല്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 20.5 പോയിന്‍റ് കുറഞ്ഞ് 24,347ല്‍ എത്തി. ബാങ്കിങ് ഓഹരികളിലുണ്ടായ വാങ്ങല്‍ താത്പര്യമാണ് പ്രധാനമായും വിപണിക്ക് ഗുണമായത്. അദാനി കുടുംബവുമായി ബന്ധമുള്ള വിദേശ സ്ഥാപനങ്ങള്‍ക്ക് മാധബി പുരിക്കും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയത്.

ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആദ്യ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയും അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും കനത്ത തകര്‍ച്ച നേരിട്ടിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് വിപണി കാര്യമായി ഗൗനിച്ചില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷമുള്ള ആദ്യ വ്യാപാര ദിനത്തില്‍ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ 0.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ ഇടിവുണ്ടായി. തുടക്കത്തില്‍ കനത്ത നഷ്ടം നേരിട്ടെങ്കിലും പിന്നീട് ഓഹരികള്‍ തിരിച്ചുകയറി. അദാനി എന്‍റര്‍പ്രൈസസിന്‍റെ വില 1.1 ശതമാനവും അദാനി പോര്‍ട്ട്സ് 2.1 ശതമാനവും ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പ് കമ്പനികളുടെ വിപണി മൂല്യത്തില്‍ തിങ്കളാഴ്ച 1000 കോടി ഡോളറിന്‍റെ കുറവുണ്ടായി.

നാണയപ്പെരുപ്പം താഴുന്നു

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം 5 വര്‍ഷത്തെ കുറഞ്ഞ നിരക്കായ 3.54 ശതമാനമായി താഴ്ന്നു. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ ഇടിവാണ് ഗുണമായത്. ജൂണില്‍ നാണയപ്പെടുപ്പം 5.1 ശതമാനമായിരുന്നു. ഭക്ഷ്യ ഉത്പന്ന വിലസൂചിക ജൂണിലെ 9.36 ശതമാനത്തില്‍ നിന്നും 5.42 ശതമാനമായി കുത്തനെ താഴ്ന്നു. ധാന്യങ്ങളുടെ വിലസൂചിക 8.14 ശതമാനമായും പഴവര്‍ഗങ്ങളുടെ സൂചിക 3.84 ശതമാനമായും താഴ്ന്നു. പച്ചക്കറി വിലയിലെ വർധന 6.83 ശതമാനമായി താഴ്ന്നു. അതേസമയം പയര്‍വര്‍ഗങ്ങളുടെ വിലക്കയറ്റത്തോത്14.83 ശതമാനത്തിലാണ്.

വ്യാവസായിക ഉത്പാദനത്തിൽ തളര്‍ച്ച

ജൂണില്‍ ഇന്ത്യയിലെ വ്യാവസായിക ഉത്പാദന സൂചിക 5 മാസത്തെ കുറഞ്ഞ നിരക്കായ 4.2 ശതമാനത്തിലെത്തി. മേയിൽ വ്യാവസായിക ഉത്പാദനത്തിലെ വളര്‍ച്ച 6.2 ശതമാനമായിരുന്നു. പ്രധാന വ്യവസായ മേഖലയിലെ ഉത്പാദന വളര്‍ച്ച 20 മാസത്തെ താഴ്ന്ന നിരക്കായ 4 ശതമാനത്തിലെത്തി. മഴ ശക്തമായതോടെ വൈദ്യുതി ഉത്പാദനം 8.6 ശതമാനമായി കുറഞ്ഞു. വന്‍കിട ഉത്പാദന മേഖലയിലെ വളര്‍ച്ചാ നിരക്ക് 2.6 ശതമാനമായി താഴ്ന്നു. ഖനന മേഖല മാത്രമാണ് 10.6 ശതമാനം വളര്‍ച്ചയോടെ മികച്ച പ്രകടനം കാഴ്ച വച്ചത്.

Trending

No stories found.

Latest News

No stories found.