ഇന്ത്യ 7% വളരുമെന്ന് പ്രതീക്ഷ

സാമ്പത്തിക സർവെ റിപ്പോർട്ട് പാർലമെന്‍റിൽ
India gdp is expected to grow by 7%
gdp
Updated on

ന്യൂഡൽഹി: 2023-24 വർഷത്തെ സാമ്പത്തിക സർവെ റിപ്പോർട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്‍റിൽ അവതരിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം സഭയുടെ മേശപ്പുറത്തു വച്ച സാമ്പത്തിക സർവെ റിപ്പോർട്ടിനു പിന്നാലെ രണ്ടാം ദിവസമാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക.

കൊവിഡ് കാലഘട്ടത്തിനു ശേഷം ശക്തമായ തിരിച്ചുവരവാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കാഴ്ചവയ്ക്കുന്നതെന്നും, മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 6.6 ശതമാനം മുതൽ 7 ശതമാനം വരെ വളർച്ച പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. വെല്ലുവിളികൾക്കിടയിലും ഇന്ത്യയ്‌ക്ക് സാമ്പത്തികമായി ഏറെ മുന്നേറാൻ സാധിച്ചെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആഗോള മൂല്യ ശൃംഖലയിൽ ഇന്ത്യയുടെ സംഭാവന ഗണ്യമായ വളർച്ച നേടിയെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വരൻ തയാറാക്കിയ സാമ്പത്തിക സർവെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആഗോള പ്രതിസന്ധികൾക്കു നടുവിൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കു മുന്നേറാൻ പ്രത്യേക പാത വെട്ടിത്തുറക്കണമെന്നും നിർദേശം.

വിലക്കയറ്റം നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ 4 സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പണപ്പെരുപ്പമെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ തൊഴിൽ വിപണി സൂചികകളിൽ കഴിഞ്ഞ 6 വർഷത്തിനിടെ ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മാ നിരക്ക് 3.2 ശതമാനമായി കുറഞ്ഞു. തൊഴിൽ വിപണിയിൽ സ്ത്രീകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം വർധിച്ചു. 5 വർഷത്തിനിടെ എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ടിൽ (ഇപിഎഫ്ഒ) ഉൾപ്പെട്ടവരുടെ എണ്ണം ഇരട്ടിയിലധികമായി.

നടപ്പ് സാമ്പത്തിക വർഷത്തിൽ യുഎസ് ഡോളർ മറ്റു മിക്ക കറൻസികൾക്കും മുകളിൽ ആധിപത്യം വർധിപ്പിച്ചു. രൂപയും സമ്മർദം നേരിട്ടിട്ടുണ്ടെങ്കിലും, മറ്റു കറൻസികളെ അപേക്ഷിച്ച് കൂടുതൽ ശക്തമായി പിടിച്ചുനിൽക്കാൻ സാധിച്ചെന്നും റിപ്പോർട്ടിൽ അവകാശപ്പെടുന്നു.

പ്രധാന എണ്ണക്കുരുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കാനും പയറുവർഗങ്ങളുടെ വിസ്തൃതി വിപുലീകരിക്കാനും പ്രത്യേക വിളകൾക്കായി ആധുനിക സംഭരണ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലെ പുരോഗതി വിലയിരുത്താനും കേന്ദ്രീകൃത ശ്രമങ്ങൾ നടത്താൻ സർവെ നിർദേശിച്ചു.

ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യം 3.7% വർധിച്ച് 2024ൽ 124 ബില്യൺ ഡോളറായും 4% വർധിച്ച് 2025ൽ 129 ബില്യൺ ഡോളറായും എത്തുമെന്ന് പ്രതീക്ഷിക്കുന്നു.നികുതി വരുമാനത്തിലെ വർധനവ് , ചെലവ് നിയന്ത്രണം, ഡിജിറ്റലൈസേഷൻ എന്നിവ ഇന്ത്യയെ സന്തുലിത സാമ്പത്തിക സമീപനം കൈവരിക്കാൻ സഹായിച്ചു. 2024 സാമ്പത്തിക വർഷം ഇന്ത്യയുടെ ബാങ്കിങ്, സാമ്പത്തിക മേഖലകൾ മികച്ച പ്രകടനം കാഴ്ചവച്ചു- റിപ്പോർട്ടിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.