ബിസിനസ് ലേഖകൻ
കൊച്ചി: ഡോളര്‍ ഒഴിവാക്കി പ്രാദേശിക നാണയങ്ങളില്‍ ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും (യുഎഇ) ധാരണയിലെത്തി. കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ പരമാവധി രൂപയിലും യുഎഇ ദിര്‍ഹത്തിലും സെറ്റില്‍മെന്റ് നടത്താവുന്ന രീതിയില്‍ ഇരുരാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ സംവിധാനമൊരുക്കാനാണ് ഒരുങ്ങുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലും യുഎഇ ദിര്‍ഹത്തിലും പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഒരു ഫ്രെയിംവര്‍ക്കിന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യയും യുഎഇ സെന്‍ട്രല്‍ ബാങ്കും രണ്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. ഇതിനായി ഇരു രാജ്യങ്ങളുടെയും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളായ യുണൈറ്റഡ് പേയ്മെന്റ് ഇന്റര്‍ഫെയ്സും (യുപിഐ) യുഎഇയുടെ ഇന്‍സ്റ്റന്റ് പേയ്മെന്റ് ഇന്റര്ഫെയിസുമായി ബന്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്.
കറന്റ് അക്കൗണ്ട് ഇടപാടുകളും ക്യാപിറ്റല്‍ അക്കൗണ്ട് ഇടപാടുകളും രൂപയിലും ദിര്‍ഹത്തിലും നടത്താനാകുന്ന രീതിയിലാണ് പുതിയ രൂപരേഖ തയാറാക്കുന്നതെന്ന് റിസര്‍വ് ബാങ്ക് വക്താക്കള്‍ പറയുന്നു. പുതിയ സംവിധാനം വരുന്നതോടെ ഇന്ത്യയുടെയും യുഎഇയുടെയും കയറ്റുമതി ഇറക്കുമതി ഇടപാടുകളില്‍ തുക അതാത് രാജ്യത്തിന്റെ കറന്‍സിയില്‍ നടത്താനാകും. രാജ്യാന്തര കച്ചവടങ്ങളിലെ സങ്കീര്‍ണതയും കാലതാമസവും ഒരു പരിധി വരെ കുറയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇതോടൊപ്പം പ്രവാസി ഇന്ത്യക്കാര്‍ക്ക് അതിവേഗം നാട്ടിലേക്ക് പണം അയക്കാനുമാകും.
അതേസമയം പുതിയ ഡയറക്റ്റ് സെറ്റില്‍മെന്റ് പ്രവാസികളുടെ വരുമാനത്തില്‍ കനത്ത ഇടിവുണ്ടാക്കുമോയെന്ന ആശങ്ക ശക്തമാണ്. ഡോളറിന്റെ ശക്തി കൂടിനില്ക്കുന്നതു കൊണ്ടാണ് ഗള്‍ഫ് രാജ്യങ്ങളിലെ വരുമാനം ഇന്ത്യക്കാര്‍ക്ക് വന്‍ നേട്ടമാകുന്നത്. ഡോളര്‍ കണ്‍വേര്‍ഷന്‍ ഒഴിവാകുന്നതോടെ സാഹചര്യത്തില്‍ വന്‍ മാറ്റമുണ്ടായേക്കാം. അമെരിക്കന്‍ ഡോളറിന്റെ മൂല്യത്തിലുണ്ടായ വന്‍ വർധന കണക്കിലെടുത്ത് രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ കൂടുതല്‍ വിദേശ ബാങ്കുകള്‍ ഒരുങ്ങുകയാണ്.
നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ അസാധാരണമായി ശക്തി പ്രാപിച്ചിരുന്നു. ഇതോടെ മൂന്നാം ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളുടെ വിദേശ നിക്ഷേപ ശേഖരത്തില്‍ ഗണ്യമായ കുറവുണ്ടായതിനാലാണ് പല ബാങ്കുകളും ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നത്.
ശ്രീലങ്ക, റഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ പല ബാങ്കുകളും നിലവില്‍ രൂപ ഉപയോഗിച്ച് വ്യാപാര ഇടപാടുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ബാങ്കുകളും ഇന്ത്യയിലേക്കുള്ള കയറ്റുമതി, ഇറക്കുമതി ഇടപാടുകള്‍ രൂപയില്‍ സെറ്റില്‍മെന്റ് നടത്താനുള്ള നടപടികളിലേക്ക് കടക്കുകയാണ്.
അമെരിക്കന്‍ ഡോളറിലുള്ള അമിത ആശ്രയത്വം കുറയ്ക്കാനും വിദേശ വ്യാപാരം കൂടുതല്‍ ലാഭക്ഷമമാക്കാനും ലക്ഷ്യമിട്ട് ബംഗ്ലാദേശിലെ രണ്ട് പ്രമുഖ ബാങ്കുകള്‍ രൂപയിലുള്ള സെറ്റില്‍മെന്റ് നടപടികളിലേക്ക് കഴിഞ്ഞദിവസം കടന്നിരുന്നു.