രൂപയെ ഡോളറിനു ബദലാക്കാനുള്ള നീക്കം പാളി; ഇന്ത്യൻ എണ്ണക്കമ്പനികൾക്കു പ്രിയം ചൈനീസ് കറൻസി!

യുവാൻ ആഗോള കറൻസിയാക്കി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങളിൽ വൻ പുരോഗതി
രൂപയെ ഡോളറിനു ബദലാക്കാനുള്ള നീക്കം പാളി; ഇന്ത്യൻ എണ്ണക്കമ്പനികൾക്കു പ്രിയം ചൈനീസ് കറൻസി!
Updated on

ന്യൂഡൽഹി: ഡോളറിനു ബദലായി രൂപയെ ഉയർത്തിക്കൊണ്ടുവരാനും, അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളിൽ ഡോളറിനു പകരം നേരിട്ട് രൂപ ഉപയോഗിക്കാനുമുള്ള ഇന്ത്യയുടെ നീക്കം പരാജയപ്പെടുന്നതായി സൂചന.

യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ, ഡോളറിന് ആഗോള ബദൽ എന്ന ആശയത്തിനു പ്രാധാന്യം വർധിച്ചിരുന്നു. രൂപയും റഷ്യൻ കറൻസിയായ റൂബിളും ഉപയോഗിച്ച് പരസ്പരം വിനിമയം നടത്തുന്നതിനെക്കുറിച്ച് ഇരുസർക്കാരുകളും തമ്മിൽ ചർച്ചകളും നടത്തി.

പാശ്ചാത്യ ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യ ഇന്ത്യക്കു വിൽക്കുന്ന ക്രൂഡ് ഓയിലിന്‍റെ അളവ് ഗണ്യമായി വർധിപ്പിച്ചിരുന്നു. ഇതിനുള്ള പണം രൂപയായി നൽകാമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. എന്നാൽ, ഇതു നടപ്പാക്കാൻ സാധിച്ചില്ലെന്നു മാത്രമല്ല, ഇന്ത്യൻ എണ്ണക്കമ്പനികളിൽ ചിലത് ചൈനീസ് കറൻസിയിലാണ് റഷ്യയ്ക്ക് പണം കൊടുക്കുന്നതെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നു.

റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ്. എന്നാൽ, ഇന്ത്യയിൽനിന്ന് റഷ്യയിലേക്ക് അതിന് ആനുപാതികമായി ഒരു മേഖലയിലും കയറ്റുമതി നടക്കുന്നുമില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ രൂപ റഷ്യൻ അക്കൗണ്ടുകളിൽ കുമിഞ്ഞുകൂടുന്ന അവസ്ഥ ഒഴിവാക്കാനാണ് രൂപയിലുള്ള വിനിമയം റഷ്യ നിരാകരിക്കുന്നത്.

അതേസമയം, ചൈനയിൽ നിന്ന് റഷ്യയിലേക്കുള്ള കയറ്റുമതി വലിയ തോതിൽ നടക്കുന്നതിനാൽ ചൈനീസ് കറൻസിയായ യുവാനിലുള്ള വിനിമയത്തോട് അവർക്കു താത്പര്യമാണ്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കാതെ ചില ഇന്ത്യൻ എണ്ണക്കമ്പനികൾ പ്രതിഫലമായി യുവാൻ തന്നെ നൽകിത്തുടങ്ങുകയും ചെയ്തു.

ചൈനീസ് ഉത്പന്നങ്ങൾ പോലും ഇന്ത്യയിൽ നിരുത്സാഹപ്പെടുത്തി വരുന്ന പശ്ചാത്തലത്തിലും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ യുവാനിൽ ഇടപാട് നടത്തുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കും. രണ്ട് സ്വകാര്യ റിഫൈനറികളും യുവാനിൽ തന്നെ ഇടപാട് നടത്തിവരുന്നു എന്നാണ് വിവരം. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന എണ്ണ വ്യാപാരികൾ വഴിയുള്ള ഇറക്കുമതിക്ക് അവിടത്തെ കറൻസിയായ ദിർ‌ഹവും ഉപയോഗിച്ചുവരുന്നു.

രൂപയിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം പരാജയപ്പെടുമ്പോൾ, യുവാനെ ആഗോള കറൻസിയാക്കി മാറ്റാനുള്ള ചൈനയുടെ ശ്രമങ്ങൾ വൻ പുരോഗതിയും കൈവരിക്കുന്നുണ്ട്. റഷ്യയ്ക്കെതിരായ ഉപരോധം തുടരുന്നത് ഇതിന് സഹായകമാകുകയും ചെയ്യുന്നു.

Trending

No stories found.

Latest News

No stories found.